ഹീറോ ആയതുകൊണ്ടല്ല, മനുഷ്യനായതുകൊണ്ടാണ് അത് ചെയ്തത്; ജീവന്‍ പണയപ്പെടുത്തി 500 -ലേറെപ്പേരെ സഹായിച്ച മത്സ്യത്തൊഴിലാളി പറയുന്നു

By Web TeamFirst Published Aug 17, 2019, 5:26 PM IST
Highlights

തന്‍റെ വട്ടത്തോണിയിലാണ് രാംദാസ് ആ ഗ്രാമത്തിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്. രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാണ് രാംദാസ് അവരെ സുരക്ഷിതയിടത്തെത്തിച്ചത്. 

രാംദാസ് ഉമാജി അതാണ് അദ്ദേഹത്തിന്‍റെ പേര്. വയസ്സ് 55... 

കേരളത്തെ എന്നപോലെ തന്നെ പശ്ചിമ മഹാരാഷ്ട്രയെയും ആകെ ഉലച്ച വെള്ളപ്പൊക്കമാണ് ഉണ്ടായത്. 500 ഗ്രാമങ്ങളെയാണ് അത് ബാധിച്ചത്. രണ്ട് ലക്ഷത്തോളം മനുഷ്യര്‍ ദുരിതത്തിലായി.  അവിടെയും മനുഷ്യര്‍ പിടിച്ചുനിന്നത് പരസ്പരമുള്ള സഹായവും കരുതലുകളും ചേര്‍ത്തുനിര്‍ത്തലും ഒക്കെയായിത്തന്നെയാണ്. 

സാംഗ്ലി ജില്ലയിലെ പാലുസ് താലൂക്കിലുള്ള രാംദാസ് എന്ന മത്സ്യത്തൊഴിലാളി ജീവന്‍ പണയംവെച്ച് ഈ വെള്ളപ്പൊക്കത്തില്‍ സുരക്ഷിതസ്ഥാനത്തെത്തിച്ചത് 500 ലധികം പേരെയാണ്. ആ ദിവസത്തെ കുറിച്ച് അദ്ദേഹം ഓര്‍ക്കുന്നത് ഇങ്ങനെയാണ്, ''ഒരാഴ്ചയായി മഴ പെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. വീട് വിട്ടിറങ്ങാനും സുരക്ഷിതസ്ഥാനത്തേക്ക് മാറാനും അധികൃതര്‍ പറയുന്നുണ്ടായിരുന്നു. പക്ഷേ, ഭൂരിഭാഗം പേരും അത് അവഗണിച്ചു. മഴ തോരുമെന്നും വെള്ളം ഇറങ്ങുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു എല്ലാവരും. പക്ഷേ, അങ്ങനെ സംഭവിച്ചില്ല. മഴ ശക്തി പ്രാപിക്കുകയും ഗ്രാമങ്ങളെയാകെ മുക്കുവാനും തുടങ്ങി.''

''ഞങ്ങളുടേത് രണ്ട് നിലകളുള്ള വീടായിരുന്നു. ആദ്യത്തെ നില മുഴുവനായും വെള്ളത്തിന്‍റെ അടിയിലായിരുന്നു. മഴ നിര്‍ത്താതെ പുറത്ത് പെയ്ത ആ രാത്രി കഴിച്ചുകൂട്ടാനായി മുകള്‍നിലയില്‍ അഭയം പ്രാപിക്കുകയായിരുന്നു ഞങ്ങള്‍.'' രാംദാസിന്‍റെ മരുമകന്‍ വിജയ് പറയുന്നു. രാംദാസിന്‍റെ കൂടെ ഗ്രാമത്തിലുള്ളവരെ സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കാനുണ്ടായിരുന്നത് വിജയ് ആണ്. 

തന്‍റെ വട്ടത്തോണിയിലാണ് രാംദാസ് ആ ഗ്രാമത്തിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്. രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാണ് രാംദാസ് അവരെ സുരക്ഷിതയിടത്തെത്തിച്ചത്. ''ഇതൊരു ചെറിയ വഞ്ചിയാണ്. ഒരുപാട് പേരുമായി ബാലന്‍സ് ചെയ്ത് മറിയാതെ പോവുക എന്നത് റിസ്‍ക് തന്നെയായിരുന്നു. പക്ഷേ, മുന്നൂറോളം തവണ അങ്ങോട്ടും ഇങ്ങോട്ടും തോണിയില്‍ സഞ്ചരിച്ച് ഛത്രപതി ശിവജി വിദ്യാലയത്തില്‍ അവരെയെല്ലാം എത്തിക്കാനായി. അവിടം സുരക്ഷിതമായിരുന്നു...'' -രാംദാസ് പറയുന്നു. 500 -ലധികം പേരുടെ ജീവനാണ് രാംദാസ് ഇതിലൂടെ രക്ഷിച്ചെടുത്തത്. 

രാംദാസ് അവരെ സുരക്ഷിത സ്ഥാനത്തെത്തിക്കുമ്പോള്‍ വിജയ് അവര്‍ക്കാവശ്യമായ വെള്ളം, ഭക്ഷണം എന്നിവയെല്ലാം എത്തിക്കുന്നതിനായി പരിശ്രമിച്ചു. സ്കൂളില്‍വെച്ച് എല്ലാവരും ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്തു. അധികൃതരില്‍ നിന്നും സഹായമെത്തുന്നതു വരെ എത്രയോ ദിവസങ്ങളില്‍ രാംദാസും വിജയ്യും ഈ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 

'ജനങ്ങളെന്നോട് ചോദിക്കാറുണ്ട്, എന്തിനാണ് ഇത് ചെയ്തത് എന്ന്. അപ്പോള്‍ ഞാനവരോട് തിരികെ ചോദിക്കുന്നത് എന്തുകൊണ്ട് ഇങ്ങനെ ചെയ്തുകൂടാ എന്നാണ്. മനുഷ്യന് അപകടകരമായ ഒരവസ്ഥയില്‍ അവനെ സഹായിക്കുന്നതിലൂടെ ഞാനൊരു ഹീറോ ആവുകയല്ല, മറിച്ച് യഥാര്‍ത്ഥ മനുഷ്യനാവുകയാണ്' -എന്നാണ് രാംദാസിന്‍റെ പ്രതികരണം. 

രാംദാസിനെ പോലെ അനേകരുള്ളതുകൊണ്ട് നമ്മുടെ നാട് വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നു. 

കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ 

click me!