ലെവിന്‍സ്‍കിയുമായുള്ള ബന്ധം; ബില്‍ ക്ലിന്‍റണ്‍ ആ സത്യം തുറന്നുപറഞ്ഞ ദിവസം...

By Babu RamachandranFirst Published Aug 17, 2019, 2:11 PM IST
Highlights

അമേരിക്കൻ പ്രസിഡണ്ട് എന്ന സർവശക്തനുമായി, അദ്ദേഹത്തിന്റെ സുരക്ഷാവലയങ്ങളുടെ കണ്ണുവെട്ടിച്ച് എങ്ങനെയാണ് ഒരു ഇരുപത്തിരണ്ടുകാരിയായ വൈറ്റ്ഹൗസ് ഇന്റേണിന് പ്രണയം സാധ്യമായത്? 

ഇന്ന് ഓഗസ്റ്റ് 17... ഇന്ന് ലോകത്തിലെ ഏറ്റവും ശക്തനായ ഒരു രാഷ്ട്രനേതാവ്, തുടർച്ചയായി പറഞ്ഞുകൂട്ടിയ നിരവധി പച്ചക്കള്ളങ്ങൾക്കൊടുവിൽ ഒരു സത്യം ഉറക്കെ വിളിച്ചു പറഞ്ഞ ദിവസമാണ്.  വർഷം 1998. സ്ഥലം വാഷിംഗ്‌ടൺ ഡി സി. വ്യക്തി, അമേരിക്കൻ പ്രസിഡണ്ടായിരുന്ന ബിൽ ക്ലിന്റൺ... മോണിക്ക ലെവിൻസ്കി എന്ന വൈറ്റ് ഹൗസ് ഇന്റേണുമായി തനിക്കുണ്ടായിരുന്ന രഹസ്യബന്ധം, അതേപ്പറ്റിയുള്ള ആരോപണങ്ങൾ ടാബ്ലോയിഡുകളിൽ വന്നുതുടങ്ങിയ അന്ന് മുതൽക്കേ ക്ലിന്റൺ നിഷേധിച്ചുകൊണ്ടിരുന്ന ഒന്നായിരുന്നു. പത്നി ഹിലാരി ക്ലിന്റൺ തന്റെ ഭർത്താവിനെ പിന്തുണച്ചുകൊണ്ട്, അദ്ദേഹത്തെ വിശ്വസിച്ചുകൊണ്ട് കൂടെത്തന്നെ ഉണ്ടായിരുന്നു. ക്ലിന്റന്‍റെ ഈ സത്യപ്രഖ്യാപനം, തനിക്കും മോണിക്ക ലെവിൻസ്കിയ്ക്കും ഇടയിൽ ലൈംഗികബന്ധമുണ്ടായിരുന്നു എന്ന തുറന്നുപറച്ചിൽ അന്ന് അമേരിക്കൻ രാഷ്ട്രീയത്തിൽ അതിശക്തമായ അലയടികളാണ് ഉണ്ടാക്കിയത്. 

ബിൽ ക്ലിന്റന്റെ സത്യവാങ്മൂലം 

1995 -നും 1997 -നുമിടയിലായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം നിലനിന്നിരുന്നത്. എല്ലാം പുറത്തുവന്നതാവട്ടെ 1998 -ലും. 1998  ഓഗസ്റ്റ് 17 -ന് വൈറ്റ് ഹൗസിൽ വെച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ പ്രസിഡണ്ട് ക്ലിന്റൺ ഇങ്ങനെ പറഞ്ഞു, "ഈ സായാഹ്നത്തിൽ, ഇതേ മുറിയിൽ, ഇതേ കസേരയിലിരുന്നുകൊണ്ട്  ഞാൻ സ്വതന്ത്ര കൗൺസൽമാർക്കും, ഗ്രാൻഡ് ജൂറിക്കും മുന്നിൽ മൊഴികൊടുത്തു. അവരുടെ ചോദ്യങ്ങൾക്ക് ഞാൻ തികച്ചും സത്യസന്ധമായി മാത്രം മറുപടികൾ നൽകി. എന്റെ വ്യക്തിജീവിതത്തെ സംബന്ധിക്കുന്ന ചില ചോദ്യങ്ങൾക്കുപോലും. ഒരു അമേരിക്കൻ പൗരനും ഒരിക്കലും ഉത്തരം പറയാൻ ആഗ്രഹിക്കാത്ത ചോദ്യങ്ങൾ. എന്നിരുന്നാലും, എന്റെ വ്യക്തിജീവിതത്തിലെയും, പൊതുജീവിതത്തിലെയും എല്ലാ പ്രവൃത്തികൾക്കും എനിക്ക് നിങ്ങളോട് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടുതന്നെയാണ് ഞാൻ നിങ്ങളോട് ഇന്ന് രാത്രി സംസാരിക്കുന്നത്. ജനുവരിയിൽ നൽകേണ്ടി വന്ന ഒരു സത്യവാങ്മൂലത്തിൽ ഞാൻ മോണിക്ക ലെവിൻസ്കിയുമായുള്ള എന്റെ ബന്ധത്തെപ്പറ്റിയുള്ള ചില ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടി വന്നിട്ടുണ്ട്. അന്ന് ഞാൻ പറഞ്ഞതത്രയും നിയമപരമായി സത്യം തന്നെ എന്നുവരികിലും ചില സത്യങ്ങൾ അന്ന് ഞാൻ വെളിപ്പെടുത്താതെയും ഇരിക്കയുണ്ടായി. അതേപ്പറ്റിയാണ് ഇന്ന് പറയാൻ പോകുന്നത്. ഞാനും മിസ്. ലെവിൻസ്കിയും തമ്മിൽ ശരിയല്ലാത്ത ഒരു ബന്ധം  ഉണ്ടായിട്ടുണ്ട്. ഒരുപക്ഷേ, തെറ്റ് എന്നുതന്നെ പറയേണ്ടിവരുന്ന ഒരു ബന്ധം. അത് എന്റെ വിവേചനബുദ്ധിയിൽ ഉണ്ടായ പരാജയവും, എന്റെ വ്യക്തിപരമായ ചില ദുർബലതകളും കാരണമാണ് ഉണ്ടായത്. അതിനുത്തരവാദി പൂർണമായും ഈ ഞാൻ മാത്രമാണ്. എന്നാൽ, ഞാൻ ഒരു ഘട്ടത്തിലും ആരോടും നുണപറയാനോ വ്യാജമായ തെളിവുകൾ നിർമിക്കാനോ പറഞ്ഞിട്ടില്ല. എന്നാൽ, എന്റെ ചില പ്രസ്താവനകളും, ചില സമയത്തെ മൗനങ്ങളും എന്റെ പത്നിയടക്കം പലർക്കും തെറ്റിദ്ധാരണകൾ ഉണ്ടാക്കി. ഇന്ന് ഞാൻ അതേപ്പറ്റി ഓർത്ത് വല്ലാതെ പശ്ചാത്തപിക്കുന്നു.''

മോണിക്ക ലെവിൻസ്കിക്ക് പറയാനുണ്ടായിരുന്നത് 

2014 -ൽ ഫിലാഡാൽഫിയയിൽ നടന്ന ഫോർബ്‌സ് വണ്ടർ 30 സമ്മിറ്റ് എന്ന സമ്മേളനത്തിൽ ആയിരത്തിലധികം പേരെ സാക്ഷി നിർത്തിക്കൊണ്ട് മോണിക്ക ലെവിൻസ്കിയും ഒരു പതിറ്റാണ്ടു കാലത്തെ തന്റെ മൗനം ഭഞ്ജിച്ചു. "എന്റെ പേര് മോണിക്ക ലെവിൻസ്കി. കഴിഞ്ഞ പത്തുവർഷത്തിനിടെ ഒരു നൂറുപേരെങ്കിലും എനിക്ക് എന്റെയാ പേര് മാറ്റാനുള്ള ഉപദേശം തന്നിട്ടുണ്ട്.  അല്ലെങ്കിൽ, ഇനിയും നിന്റെ പേരുമാറ്റിയില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. ഇല്ല. ഞാൻ മാറ്റിയിട്ടില്ല, അതാണ് യാഥാർത്ഥ്യം. ഞാൻ ഇന്നും അതേ പഴയ മോണിക്ക ലെവിൻസ്കി തന്നെയാണ്. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും ഞാൻ 'തീർത്തും സ്വകാര്യമായ' ജീവിതം നയിക്കുന്ന  ഒരു വ്യക്തി എന്ന നിലയിൽ  നിന്നും, 'പരസ്യമായി അപമാനിതയാകുന്ന ഒരു സ്ത്രീ' എന്ന നിലയിലേക്ക് വീണു. 'അവിഹിതം' എന്ന മഹാവ്യാധിയുടെ പ്രഭവകേന്ദ്രമായി ഒരു രാത്രികൊണ്ട് ഞാൻ മാറി.'' 

''എന്റെ പേരിലും ഒരു റെക്കോർഡുണ്ട്. 'ലോകത്തിൽ ഏറ്റവും ആദ്യമായി ഇന്റർനെറ്റു വഴി ദുഷ്‌പേര് സമ്പാദിച്ച വ്യക്തി' മോണിക്ക ലെവിൻസ്കി എന്ന ഞാനാണ്.  കഴിഞ്ഞ പതിനാറുവർഷത്തെ നിർവചിക്കാൻ നീ ഏതൊരു ഒറ്റവാക്കുപയോഗിക്കുമെന്ന് ഇടക്കൊക്കെ ഞാൻ എന്നോടു തന്നെ ചോദിക്കാറുണ്ട്. ഉത്തരം വളരെ ലളിതമാണ്. 'സങ്കോചം'. എനിക്ക് അവനവനെയോർത്തുള്ള സങ്കോചം, എന്റെ വീട്ടുകാർക്ക് ഞാൻ ചീത്തപ്പേരുണ്ടാക്കി എന്നുള്ള സങ്കോചം, എന്റെ രാഷ്ട്രത്തിനു തന്നെ ഞാൻ ദുഷ്കീർത്തി വരുത്തിവെച്ചു എന്നുള്ള സങ്കോചം. 1998  സെപ്തംബർ 11 -ന് 'സ്റ്റാർ റിപ്പോർട്ട്' ഇന്റർനെറ്റിൽ കണ്ടപ്പോൾ ഞാൻ പകച്ചുപോയി. പിന്നീടങ്ങോട്ട് എന്നെ അവർ ഇന്റർനെറ്റിൽ തുടർച്ചയായി വ്യക്തിഹത്യ ചെയ്തു. എന്നെ ഇനി വിളിക്കാത്ത പേരുകളില്ല. അഭിസാരിക എന്നർത്ഥം വരുന്ന നിഘണ്ടുവിലെ സകലപദങ്ങൾക്കും പുറമെ, ചാരവനിത എന്ന പേരുകൂടി ഞാൻ കേട്ടു. അത് എന്നെ തകർത്തു. എനിക്ക് എന്റെ ആത്മാഭിമാനമാണ് നഷ്ടമായത്. ഇന്ന് ഈ വേദിയിൽ ഞാൻ നിങ്ങൾക്കുമുന്നിൽ എന്നെ അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്നത് അതിനെയൊക്കെ അതിജീവിച്ച ഒരു വ്യക്തി എന്ന നിലയിലാണ്. ഈ പരിഹാസങ്ങളെയും, അപകീർത്തിപ്പെടുത്തലിനെയും അതിജീവിച്ച ഒരാളെന്ന നിലയിൽ ഞാനിന്നു ശ്രമിക്കുന്നതും, അത്തരത്തിലുള്ള സങ്കടങ്ങൾ അനുഭവിക്കുന്ന മറ്റു സ്ത്രീകളെ അതിജീവിക്കാൻ സഹായിക്കുന്നതിനാണ്. എന്റെ ഇന്നുവരെയുള്ള സകലദുരിതങ്ങളും ബലമാക്കി ഞാൻ എന്റെ ഭൂതകാലത്തിന് ഒരു അർത്ഥമുണ്ടാക്കാൻ ആഗ്രഹിക്കുന്നു..." 

എല്ലാറ്റിന്റെയും തുടക്കം 

മേല്പറഞ്ഞത് ആ വിവാദത്തെപ്പറ്റി മോണിക്ക ലെവിന്‍സ്കിക്ക് പറയാനുണ്ടായിരുന്നതാണ്. ലോകം ഒരിക്കലും ചെവികൊടുക്കാൻ താത്പര്യപ്പെടാതിരുന്നതും അതുതന്നെ. അമേരിക്കൻ പ്രസിഡണ്ട് എന്ന സർവശക്തനുമായി, അദ്ദേഹത്തിന്റെ സുരക്ഷാവലയങ്ങളുടെ കണ്ണുവെട്ടിച്ച് എങ്ങനെയാണ് ഒരു ഇരുപത്തിരണ്ടുകാരിയായ വൈറ്റ്ഹൗസ് ഇന്റേണിന് പ്രണയം സാധ്യമായത്? ലോകത്തിന് മുന്നിൽ ഒരു കുറ്റക്കാരിയുടെ പ്രതിച്ഛായയിൽ നിന്നപ്പോൾ മോണിക്ക ലെവിൻസ്കിയ്ക്ക് തോന്നിയത് എന്തായിരുന്നു? 

ഒരു ഓങ്കോളജിസ്റ്റിന്റെയും എഴുത്തുകാരിയുടെയും മകളായി സാൻഫ്രാൻസിസ്‌കോയിൽ ജനിച്ച് ബെവർലി ഹിൽസില്‍ വളർന്ന മോണിക്ക ലെവിന്‍സ്കി ബെവേർലി ഹിൽസ് ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, ലൂയിസ് ആൻഡ് ക്ലാർക്ക്‌ കോളേജിൽ നിന്നും മനഃശാസ്ത്രത്തിൽ ബിരുദം നേടി.  അതിനുശേഷമാണ് കുടുംബത്തിന്റെ സ്വാധീനം 1995 -ൽ മോണിക്കയ്ക്ക് വൈറ്റ് ഹൗസിൽ ഒരു വേതനരഹിത ഇന്റേൺ ഉദ്യോഗം തരപ്പെടുത്തുന്നത്. താമസിയാതെ ഇന്റേൺഷിപ്പ് പൂർത്തിയാക്കി മോണിക്ക വൈറ്റ്ഹൗസിൽത്തന്നെ സ്ഥിരം ജോലിക്കാരിയായി. 

ബിൽ ക്ലിന്റന്റെ കണ്ണുകൾ വളരെപ്പെട്ടെന്നുതന്നെ അതീവസുന്ദരിയായ മോണിക്കയിൽ ഉടക്കി. കൂടുതല്‍നേരം ബിൽ മോണിക്കയുടെ കരം ഗ്രഹിച്ചുകൊണ്ട് നില്‍ക്കാൻ തുടങ്ങി. അവളെത്തന്നെ ഉറ്റുനോക്കാൻ തുടങ്ങി. പരിസരത്ത് മറ്റാരും തന്നെ ഇല്ല എന്ന മട്ടിലായിരുന്നു ക്ലിന്റന്റെ നോട്ടങ്ങൾ എന്ന് മോണിക്ക തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അവിവാഹിതയായിരുന്ന മോണിക്കയ്ക്കും ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയോട് അടുപ്പം തോന്നാതിരിക്കാൻ കാരണമൊന്നുമുണ്ടായിരുന്നില്ല. തനിക്ക് ക്ലിന്റണുമായി അടുക്കാന്‍ കിട്ടിയ ഒരവസരവും മോണിക്കയും പാഴാക്കിയില്ല. അദ്ദേഹം മോണിക്കയുടെ പ്രേമപ്രകടനങ്ങൾക്കുമുന്നിൽ മൂക്കുംകുത്തി വീണു.  ഭൈമീകാമുകനായ ക്ലിന്റൺ തന്നെ കാമിക്കുന്നതിൽ മോണിക്കയ്ക്ക് സ്വകാര്യമായ അഭിമാനവും തോന്നി.

 

അന്ന് താൻ പ്രവർത്തിച്ചതൊക്കെയും ഒരു ഇരുപത്തിരണ്ടുകാരിയുടെ അവിവേകം എന്നുമാത്രമേ ഇന്ന് മോണിക്കയ്ക്ക് തോന്നുന്നുള്ളൂ. രണ്ടുവർഷം നീണ്ടുനിന്ന ആ പ്രേമബന്ധത്തിനിടയിൽ അവർ പലവട്ടം പലവിധേനയും പരസ്പരം ബന്ധപ്പെട്ടു. പരസ്പരം സമ്മാനങ്ങൾ കൈമാറി. ഇതിനിടെ ലിൻഡ ട്രിപ്പ് എന്ന് പേരായ പഴയൊരു സഹപ്രവർത്തകയോട് മോണിക്ക തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞുതുടങ്ങി.

ലിൻഡ തന്റെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നുണ്ട് എന്നറിയാതെ മോണിക്ക ലൈംഗിക ബന്ധത്തിന്റെ ചൂടൻ വിശേഷങ്ങളടക്കം പലതും ലിൻഡയോട്  തുറന്നുപറയുകയും ചെയ്തു. അക്കൂട്ടത്തിലാണ് പ്രസിഡന്റിന്റെ ശുക്ലം പടർന്ന തന്റെ ഒരു വസ്ത്രത്തെപ്പറ്റി മോണിക്ക ലിൻഡയോട് പറയുന്നത്. അതൊരു നേവി ബ്ലൂ കോട്ടായിരുന്നു.

 

 ഒരു അഭ്യുദയകാംക്ഷിയുടെ സ്വരത്തിൽ ലിൻഡ മോണിക്കയോട് അന്ന് ഇങ്ങനെ പറഞ്ഞു, "മോണിക്ക... നിനക്ക് ഇപ്പോൾ എന്ത് തോന്നുന്നു എന്നെനിക്ക് കൃത്യമായി മനസ്സിലാവും. നിനക്കുമുന്നിൽ നീണ്ട ഒരു ജീവിതം ഇനിയും ബാക്കിയുണ്ട്. ആ കോട്ട് കഴുകാതെ അതേപടി നിന്റെ കയ്യിൽ സുരക്ഷിതമാക്കി വെക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ അത് നിനക്ക് ഇനിയും ആവശ്യം വന്നേക്കും" ആ വാക്കുകൾ സത്യമാകാന്‍ പോകുന്നതേയുണ്ടായിരുന്നുള്ളൂ. 

ക്ലിന്റനെതിരെ മറ്റൊരു ലൈംഗികാരോപണത്തിന്റെ കേസ് കോടതിയിൽ നടക്കുന്ന കാലമായിരുന്നു. അദ്ദേഹം അർക്കൻസൻസിൽ ഗവർണർ ആയിരുന്ന കാലത്ത്, സർക്കാർ ഉദ്യോഗസ്ഥയായ പൗളാ ജോൺസിനെ  ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നതായിരുന്നു കേസ്. ഈ ആരോപണം ക്ലിന്റൺ കോടതിയിൽ ശക്തിയുക്തം നിഷേധിച്ചു. കേസ് നീണ്ടുപോയി. എന്നാൽ പൗളാ ജോൺസിന്റെ അഭിഭാഷകർക്ക് ഒരു രഹസ്യവിവരം, തികച്ചും അപ്രതീക്ഷിതമായ ഒരു വ്യക്തിയിൽ നിന്നും കിട്ടുന്നു. കൃത്യമായ വിവരങ്ങൾ ലിൻഡയിൽ നിന്നും കിട്ടിയിരുന്ന അവർ, സത്യം മാത്രമേ പറയൂ എന്ന് ഭരണഘടന തൊട്ടു സത്യം ചെയ്തു പ്രതിക്കൂട്ടിലിരുന്ന ക്ലിന്റനോട് മോണിക്ക ലെവിൻസ്‌കിയെപ്പറ്റി ചോദിച്ചു. അതിനു ശേഷമായിരുന്നു ക്ലിന്റന്റെ കുപ്രസിദ്ധമായ ആ പരസ്യ നുണപ്രഖ്യാപനം.

 

മോണിക്കയുടെ പേര് പരസ്യമായി ഉയർന്നതിനുപിന്നാലെ അവരെ എഫ്ബിഐ ചോദ്യം ചെയ്യാൻ വേണ്ടി കസ്റ്റഡിയിൽ എടുത്തു. പ്രസിഡന്റിനെതിരെ മൊഴിനൽകാൻ അവർക്കുമേൽ എഫ്ബിഐ സമ്മർദ്ദം ചെലുത്തി. ഇല്ലെങ്കിൽ ദീർഘകാലം ജയിലിൽ ചെലവിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ ആ ഭീഷണികൾക്ക് മോണിക്ക വഴങ്ങുമെന്ന എഫ്ബിഐയുടെ പ്രതീക്ഷകൾ തെറ്റി. അവർക്കുമുന്നിൽ മോണിക്ക ഏറെനേരം പൊട്ടിക്കരഞ്ഞു. പിന്നെ മൗനംപാലിച്ചു.  അങ്ങനെ മിണ്ടാതിരുന്നപ്പോൾ തൊട്ടുമുന്നിൽ ജനാല തകർത്തുകൊണ്ട് എടുത്തുചാടി എല്ലാം അവസാനിപ്പിച്ചാലോ എന്നുവരെ മോണിക്ക ആലോചിച്ചു. ഒടുവിൽ ഏറെ ദിവസം നീണ്ടുനിന്ന ചോദ്യംചെയ്യൽ പീഡനങ്ങൾക്കൊടുവിൽ, തന്നെ കുറ്റവിമുക്തയാക്കാം എന്ന ധാരണയിൽ മോണിക്ക സഹകരിക്കാൻ തയ്യാറായി. തന്റെ നേവി ബ്ലൂ കോട്ടടക്കമുള്ള സമസ്ത തെളിവുകളും മോണിക്ക അവർക്ക് കൈമാറി. പ്രസിഡന്റിന്റെ രക്തസാമ്പിളുകൾ ശേഖരിച്ച്, കോട്ടിലെ ശുക്ളസാമ്പിളുകളുമായി ഡിഎൻഎ മാച്ചിങ് വരെ നടത്താൻ തീരുമാനിച്ചു. ക്ലിന്റണ് നേരെ ഇംപീച്ച്മെന്റ് നടപടികൾ വരെ തുടങ്ങി. 

ഹിലരി ക്ലിന്റനോടും  മകൾ ചെൽസിയോടും തന്റെ പ്രവൃത്തികളുടെ പേരിൽ മോണിക്ക പരസ്യമായിത്തന്നെ മാപ്പുപറഞ്ഞു. എന്നാൽ ക്ലിന്റൺ മാത്രം ഇന്നുവരെ മോണിക്കയോട് അന്നത്തെ സംഭവങ്ങളിൽ അവർക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ പേരിൽ ക്ഷമാപണം നടത്തുകയുണ്ടായില്ല. അമേരിക്കയുടെ പരമാധികാര സ്ഥാപനങ്ങളിൽ ഒന്നിന്റെ അകത്തളങ്ങളിൽ നടന്ന ഈ ഒരു ലൈംഗികവിവാദം,  ഇന്ന് മീ ടൂ സംഭവങ്ങളുടെ കാലത്തായിരുന്നു നടന്നിരുന്നതെങ്കിൽ, ഒരുപക്ഷേ തികച്ചും വ്യത്യസ്തമായ ഒരു പരിപ്രേക്ഷ്യത്തിലായിരുന്നേനെ വിശകലനം ചെയ്യപ്പെട്ടിരിക്കുക. അതിൽ അന്നത്തെപ്പോലെ ഒരു പ്രതിനായികാ സ്ഥാനത്ത് ഒരുപക്ഷേ മോണിക്ക ലെവിൻസ്‌കിക്ക് ഇരുന്നുകൊടുക്കേണ്ടി വരില്ലായിരുന്നു. 

click me!