അച്ഛനും അമ്മയ്ക്കും വേണ്ടി 16 വർഷത്തെ അന്വേഷണം, ഒടുവിൽ ഞെട്ടിക്കുന്ന കണ്ടെത്തല്‍

Published : Mar 05, 2022, 03:41 PM IST
അച്ഛനും അമ്മയ്ക്കും വേണ്ടി 16 വർഷത്തെ അന്വേഷണം, ഒടുവിൽ ഞെട്ടിക്കുന്ന കണ്ടെത്തല്‍

Synopsis

ഇത്തരമൊരു ക്രൂരകൃത്യം ചെയ്ത ഒരാളുടെ ജീനുകളാണ് ഞാൻ വഹിക്കുന്നതെന്ന കണ്ടെത്തൽ എന്നെ നടുക്കി. അയാൾ ഒരു ജയിലിൽ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ് എന്നും ഞാൻ മനസിലാക്കി. അയാളെ ബന്ധപ്പെടുന്നതിനെ കുറിച്ച് ഞാനാദ്യം ആലോചിച്ചു. എന്നാൽ, ഞാനും ഭാര്യയും ചേർന്ന് അത് വേണ്ട എന്ന് തീരുമാനത്തിലെത്തി.

പലതരം അനുഭവങ്ങളിലൂടെയാണ് ലോകത്തിലെ ഓരോ മനുഷ്യരും കടന്നുപോവുന്നത്. ഇവിടെ ഒരാൾ 16 വർഷം തന്റെ യഥാർത്ഥ അച്ഛനും അമ്മയ്ക്കും വേണ്ടി നടത്തിയ അന്വേഷണത്തിന്റെ അനുഭവമാണ് പറയുന്നത്. എന്നാൽ, ആ അന്വേഷണത്തിനൊടുവിലാണ് അയാൾ ആ നടുക്കുന്ന സത്യം മനസിലാക്കിയത്. തന്റെ അച്ഛൻ ഒരു കൊലപാതകിയാണ്. അതും ഒരു ആൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ ക്രിമിനൽ. റൂഥർ ഫോർഡ് എന്നയാളുടെ അനുഭവം. ദ ​ഗാർഡിയനിൽ പ്രസിദ്ധീകരിച്ചത്. 

വളർന്ന് വരുമ്പോൾ തന്നെ എന്റെ കൂടെയുള്ള മാതാപിതാക്കളുടെ ചോരയും മാംസവും അല്ല ഞാനെന്നും എന്നെ ദത്തെടുത്തതാണ് എന്നും എനിക്കറിയാമായിരുന്നു. എന്റെ കൗമാരത്തിന്റെ അവസാനത്തിൽ, എന്റെ ശരിക്കും കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ഞാൻ മുനിസിപ്പൽ രേഖകളും സർക്കാർ ഡാറ്റാബേസുകളും തിരയാൻ തുടങ്ങി. എന്റെ ദത്തെടുക്കലിന് മേൽനോട്ടം വഹിച്ച ഏജൻസിയിൽ നിന്ന്, എന്റെ രേഖകളുടെ ഒരു ഭാഗം എനിക്ക് ലഭിച്ചു. എന്റെ അമ്മ ഇംഗ്ലീഷും അച്ഛൻ സ്കോട്ടിഷും ആണെന്ന് ഞാൻ മനസിലാക്കി. അവർ ജോലി ചെയ്യുന്നവരായിരുന്നു. ഇത്രയും വിവരങ്ങൾ കിട്ടിയതോടെ വാരാന്ത്യങ്ങളിലും വൈകുന്നേരങ്ങളിലും മുഴുവനായും ഞാനവരെ കുറിച്ചുള്ള വിവരങ്ങൾക്ക് വേണ്ടി തെരഞ്ഞ് തുടങ്ങി. 

എനിക്ക് നഷ്ടപ്പെട്ടതായി തോന്നിയ എന്തെങ്കിലും കണ്ടെത്താനുള്ള ആഗ്രഹമായിരുന്നു അത്. 1996 -ഓടെ, ഞാൻ വിവാഹിതനായി, ഒരു പിതാവും. അതോടെ എന്റേത് വെറും ഒരു തിരയലല്ല. എന്റെ ശരിക്കും കുടുംബത്തെ കണ്ടെത്താൻ, അമ്മയെ കണ്ടെത്താൻ ഒക്കെയുള്ള തീവ്രമായ ആ​ഗ്രഹമാണ് അത് എന്ന് എനിക്ക് വ്യക്തമായി. 

ദത്തെടുക്കൽ ഏജൻസിയിലെ സഹാനുഭൂതിയുള്ള ഒരു സാമൂഹിക പ്രവർത്തകൻ നൽകിയ ഒരു സൂചനയുടെ സഹായത്തോടെ, 1970 -കളുടെ തുടക്കത്തിൽ എനിക്ക് ജന്മം നൽകിയിരുന്ന അമ്മ താമസിച്ചിരുന്ന ഒരു വിലാസത്തിലേക്ക് നയിക്കുന്ന വിവരങ്ങൾ ഞാൻ കണ്ടെത്തി. അത് അത്ര കൃത്യമായ വിവരമൊന്നും അല്ലായിരുന്നു എങ്കിലും ഞാൻ അന്വേഷണം തുടർന്നു. അവരുടെ വിലാസം കിട്ടിയേക്കാവുന്ന ഒരാളുടെ ഫോൺനമ്പർ എനിക്ക് ലഭിച്ചു. 

അന്ന് വൈകുന്നേരം വീട്ടിൽ വച്ച് ഞാൻ ആ നമ്പർ ഡയൽ ചെയ്തു. ഫോൺ അറ്റൻഡ് ചെയ്ത ആൾ ഞാൻ അന്വേഷിക്കുന്ന ആളാണെന്ന് ഉറപ്പിച്ചു. എന്റെ ഹൃദയമിടിപ്പ് നഷ്ടപ്പെട്ടു. ഒടുവിൽ ഞാൻ എന്റെ അമ്മയെ അറിയുന്ന ഒരാളോട് സംസാരിക്കുകയായിരുന്നു. എന്നാൽ, അവളുടെ വിലാസം നൽകാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, അവൾക്ക് ഒരു സന്ദേശം അയയ്ക്കാമെന്ന് അദ്ദേഹം എന്നോട് വാഗ്ദാനം ചെയ്തു. എന്നിട്ട് എന്റെ പേര് ചോദിച്ചു. ഞാൻ മടിച്ചു, എന്നിട്ട് എന്റെ ജനന സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്ന പേര് പറഞ്ഞു. അപ്പോൾ തന്നെ അയാൾ തിരികെ ചോദിച്ചത് നീ അവരുടെ മകനാണ് അല്ലേ എന്നാണ്. എന്നിട്ട് എനിക്ക് അമ്മയുടെ നമ്പർ തന്നു. ഞാൻ അമ്മയെ വിളിച്ചു. ഫോൺ നമ്പർ തന്നയാൾ ഞാൻ വിളിച്ച കാര്യം അറിയിച്ചിരുന്നത് കൊണ്ട് തന്നെ അവരെന്റെ ഫോൺവിളി പ്രതീക്ഷിച്ചിരുന്നു എന്ന് എനിക്ക് മനസിലായി. 

1996 സെപ്‌റ്റംബറിൽ ഞാനും ഭാര്യയും ഒരു കാർ വാടകയ്‌ക്കെടുത്ത്‌ ടൊറന്റോയിൽ നിന്ന്‌ 13 മണിക്കൂർ ഡ്രൈവ്‌ ചെയ്‌ത്‌ ഡെലവെയറിലെ എന്റെ അമ്മയുടെ വീട്ടിലേക്ക്‌ ചെന്നു. അവളുടെ വാതിലിനു മുന്നിൽ നിൽക്കുന്നത് ഒരേസമയം ആവേശകരവും ഭയപ്പെടുത്തുന്നതുമായിരുന്നു. അവർ വാതിൽ തുറന്നു: ഞങ്ങൾ കെട്ടിപ്പിടിച്ചു; അവർ കരഞ്ഞു.

എന്റെ അമ്മ ഒരു അഭിനേതാവായിരുന്നു, അവർ ലിവർപൂളിൽ നിന്നും കാനഡയിലേക്ക് മാറിയതായിരുന്നു. എന്റെ അച്ഛൻ, മിടുക്കനായിരുന്നു എന്നും എന്നാൽ അയാൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു എന്നും അമ്മ പറഞ്ഞു. അതോടൊപ്പം തന്നെ ഞെട്ടിക്കുന്ന ഒരു കാര്യം കൂടി അമ്മ പറഞ്ഞു. ടൊറന്റോയിലെ ഏറ്റവും ഭീകരവും കുപ്രസിദ്ധവുമായ ലൈംഗിക കൊലപാതകങ്ങളിൽ ഒന്നായ, ഒമ്പത് വയസ്സുള്ള ഒരു ആൺകുട്ടിയെ കൊന്ന കേസിൽ അയാൾ ശിക്ഷിക്കപ്പെടുകയായിരുന്നു. എന്നെ ദത്തെടുത്തത് എത്ര ഭാഗ്യമാണ് എന്നാണ് അത് കേട്ട മാത്രയിൽ ഞാൻ ചിന്തിച്ചത്. ഞാൻ അയാളോടൊപ്പം വളർന്നിരുന്നുവെങ്കിൽ, അയാൾ എന്നോട് എന്തുചെയ്യുമായിരുന്നു?

എന്റെ കുട്ടിക്കാലം, കൗമാരം, യൗവ്വനം എന്നിവയിലുടനീളം, ഞാൻ വളരെ അധികം കോപമുള്ള ഒരാളായിരുന്നു, ആ സ്വഭാവവുമായി ഞാൻ പോരാടുകയായിരുന്നു. എന്നിരുന്നാലും, ഭാഗ്യവശാൽ, ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ലായിരുന്നു. പക്ഷേ, ഇത്തരമൊരു ക്രൂരകൃത്യം ചെയ്ത ഒരാളുടെ ജീനുകളാണ് ഞാൻ വഹിക്കുന്നതെന്ന കണ്ടെത്തൽ എന്നെ നടുക്കി. അയാൾ ഒരു ജയിലിൽ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ് എന്നും ഞാൻ മനസിലാക്കി. അയാളെ ബന്ധപ്പെടുന്നതിനെ കുറിച്ച് ഞാനാദ്യം ആലോചിച്ചു. എന്നാൽ, ഞാനും ഭാര്യയും ചേർന്ന് അത് വേണ്ട എന്ന് തീരുമാനത്തിലെത്തി. അയാൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലും എനിക്കറിയില്ല. 

എന്നെ പ്രസവിച്ച അമ്മയ്ക്ക് ഞാനുമായി ഒരു ബന്ധത്തിൽ താൽപ്പര്യമില്ലെന്നും എനിക്ക് വ്യക്തമായി. എന്റെ കുട്ടിക്കാലം, ഞങ്ങളുടെ കല്യാണം, മകൾ എന്നിവയുടെ ഫോട്ടോകൾ ഞാൻ അവരെ കാണിച്ചിരുന്നു. എന്നാൽ, തനിക്ക് ബോറടിക്കുന്നു എന്ന് പറഞ്ഞ് അവർ വളരെ പെട്ടെന്ന് തന്നെ ആ ആൽബം മടക്കുകയായിരുന്നു. 

ഞാൻ എന്റെ മാതാപിതാക്കളെ അന്വേഷിച്ച് വളരെക്കാലം ചെലവഴിച്ചു. അവരെന്നോട് കാണിക്കുന്ന ബന്ധത്തെ കുറിച്ച് ഞാൻ പ്രതീക്ഷകൾ വച്ചുപുലർത്തിയിരുന്നു. പക്ഷേ, അതെല്ലാം വെറുതെയായിരുന്നു എന്നും എന്നെ ജനിപ്പിച്ചവരല്ല മറിച്ച് എന്നെ വളർത്തിയ സ്ത്രീയും പുരുഷനുമായുമാണ് ‍ഞാൻ കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത് എന്ന, എന്റെ വ്യക്തിത്വം എന്നെ ജനിപ്പിച്ചവരുടെയല്ല വളർത്തിയവരുടേതാണ് എന്ന തിരിച്ചറിവിലേക്കാണ് അത് എന്നെ നയിച്ചത്. 

(ചിത്രം പ്രതീകാത്മകം)

PREV
click me!

Recommended Stories

യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ചു, പിന്നാലെ പോലീസിനെ വിളിച്ച് ഭാര്യ
ഒന്നിച്ച് റോബ്ലോക്സ് കളിച്ചു, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു