എട്ടാം വയസിൽ അന്യ​ഗ്രഹജീവിയെ കണ്ടു, ഇന്നും അതേക്കുറിച്ച് അന്വേഷിക്കുകയാണെന്ന് യുവാവ്

By Web TeamFirst Published Oct 5, 2022, 12:36 PM IST
Highlights

കുറച്ച് സെക്കന്റുകൾ മാത്രമേ അതിനെ കണ്ടുള്ളൂ. പക്ഷേ, താനതിനെ കണ്ടു. അത് എന്നെയും കണ്ടു. അതിന് പച്ചനിറത്തിലുള്ള കണ്ണുകളാണ്. അതെന്റെ കണ്ണിൽ നോക്കി. ഞാനതിന്റെ കണ്ണിലും നോക്കി എന്നും ബെൻ പറയുന്നു.

അന്യ​ഗ്രഹജീവികളെ കുറിച്ച് പലരും അവകാശവാദങ്ങളുന്നയിക്കാറുണ്ട്. തന്നെ അന്യ​ഗ്രഹ ജീവികൾ തട്ടിക്കൊണ്ടുപോയി എന്ന് അവകാശപ്പെടുന്ന ആളുകളും നിരവധിയുണ്ട്. അതുപോലെ ഇവിടെ ഒരാൾ താൻ ചെറുപ്പത്തിൽ അന്യ​ഗ്രജീവികളെ കണ്ടു എന്നും ഇന്നും അതേ ചൊല്ലിയുള്ള ആശങ്കകൾ പരിഹരിക്കാൻ താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്നും പറയുകയാണ്. 

യുകെയിലെ നോർത്ത് യോർക്ക്ഷെയറിലെ മാൾട്ടണിൽ നിന്നുള്ള ബെൻ വാൽഗേറ്റ് പറയുന്നത് വെറും എട്ട് വയസ് മാത്രമുള്ളപ്പോൾ തന്നെ താൻ അന്യ​ഗ്രഹജീവികളെ കണ്ടു എന്നാണ്. ഒരു മരക്കൂട്ടത്തിനിടയിൽ നിന്നാണത്രെ ബെൻ അന്യ​ഗ്രഹജീവികളെ കണ്ടുമുട്ടുന്നത്. 

ഏതായാലും മുതിർന്ന ശേഷം ബെൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങി. അതിൽ ലോകത്ത് എല്ലായിടത്തു നിന്നുമുള്ള അന്യ​ഗ്രഹജീവികളുടെയും മറ്റും വിശേഷങ്ങളാണ് പറയുന്നത്. അസാധാരണമായ എന്തെങ്കിലും കാണുന്ന ഇടങ്ങളിലേക്ക് 35 -കാരനായ ബെൻ യാത്ര ചെയ്യുകയും വീഡിയോ പകർത്തുകയും അത് തന്റെ ചാനലിലൂടെ കാണിക്കുകയും ചെയ്യുന്നു. 11.4k സബ്സ്ക്രൈബർമാരാണ് ബെന്നിനുള്ളത്. 

ഏതായാലും ഇത്തരം അസാധാരണമായ കാര്യങ്ങളിലുള്ള ബെന്നിന്റെ താൽപര്യം വളരെ ചെറിയ കുട്ടി ആയിരുന്നപ്പോൾ തന്നെ തുടങ്ങിയതാണ്. ബെൻ പറയുന്നതനുസരിച്ച് വിദ്യാർത്ഥി ആയിരിക്കെ അവർ ഒരു ബസിൽ ഒരു ക്യാമ്പും കഴിഞ്ഞ് വരികയായിരുന്നു. ഒരിടത്ത് എത്തിയപ്പോൾ കയ്യും കാലുമൊക്കെ ഒന്ന് നിവർത്താനായി ബസ് നിർത്തി. ബെൻ അതിൽ നിന്നും ഇറങ്ങി ഒരു മരക്കൂട്ടത്തിലേക്ക് നടന്നു. അപ്പോഴാണ് അസാധാരണമായ ചില കാഴ്ചകൾ കാണുന്നത്. തന്റെ ഇടത് ഭാ​ഗത്തായി ഒരു പച്ചരൂപത്തിലുള്ള ജീവിയെ താൻ കണ്ടു എന്നാണ് ബെൻ പറയുന്നത്. 

കുറച്ച് സെക്കന്റുകൾ മാത്രമേ അതിനെ കണ്ടുള്ളൂ. പക്ഷേ, താനതിനെ കണ്ടു. അത് എന്നെയും കണ്ടു. അതിന് പച്ചനിറത്തിലുള്ള കണ്ണുകളാണ്. അതെന്റെ കണ്ണിൽ നോക്കി. ഞാനതിന്റെ കണ്ണിലും നോക്കി എന്നും ബെൻ പറയുന്നു. അത് ഉറപ്പായും ഈ ഭൂമിയിൽ നിന്നുള്ള ജീവിയല്ല. വളരെ വിചിത്രമായ ഒരു അനുഭവമായിരുന്നു അത്. അതിന്റെ തല വച്ച് നോക്കുമ്പോൾ ശരീരം വളരെ ചെറുതായിരുന്നു. സാധാരണയായി എല്ലാവരും പറയുന്നത് പോലെ ​ഗ്രേ നിറവും കറുത്ത കണ്ണുകളും ആയിരുന്നില്ല ആ ജീവിക്ക്. അതൊരു പല്ലിയെ പോലെയാണ് എന്നാൽ പാമ്പിനെ പോലെയല്ല. അതിന് വളരെ നീണ്ട കൈകളാണ്. അതിന് തല മുതൽ കാല് വരെ ഒലീവ് ​ഗ്രീൻ നിറമാണ്. അത് രണ്ട് കാലിലായിരുന്നില്ല നടന്നിരുന്നത്. അത് ഉറപ്പായും ഈ ഭൂമിയിൽ ഉള്ള ഒന്നായിരുന്നില്ല എന്നും ബെൻ വിവരിച്ചു. 

എന്നാൽ, തന്നെ കണ്ട അത് പരിഭ്രമിക്കുകയോ അസാധാരണമായി പെരുമാറുകയോ ഒന്നും ചെയ്തില്ല. വളരെ ശാന്തമായാണ് അത് നിന്നത്. ഏതായാലും എടുത്തുചാടി അതേ കുറിച്ചൊന്നും പറയാൻ തയ്യാറല്ല, പകരം ശാസ്ത്രീയമായി ഇതിനെയെല്ലാം സമീപിക്കാനാണ് ശ്രമിക്കുന്നത് എന്നും ബെൻ പറയുന്നു. 

tags
click me!