ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലത്ത് പോസ്റ്റ് ഓഫീസ്, ജോലിക്കായി നാല് സ്ത്രീകൾ

By Web TeamFirst Published Oct 5, 2022, 11:23 AM IST
Highlights

അതികഠിനമായ ശൈത്യത്തെ ഇവിടെ വരുന്നവർ അതിജീവിക്കേണ്ടതുണ്ട്. അതുപോലെ കുടിവെള്ളത്തിന്റെ കുറവ്, ഫ്ലഷിം​ഗ് ടോയിലെറ്റ് ഇല്ലാത്തത്, കറന്റ് ഇല്ലാത്തത് ഒക്കെയും സഹിക്കാനും അതിജീവിക്കാനും പറ്റുന്നവർക്ക് മാത്രം പറഞ്ഞിട്ടുള്ള പണിയാണ് ഇത്. 

ലോകത്തിലെ തന്നെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിലൊന്ന്. അവിടെ ജോലി ചെയ്യുക എന്നത് അത്രയൊന്നും എളുപ്പമുള്ള കാര്യമല്ല അല്ലേ? എന്നാൽ, യുകെ -യിൽ നിന്നുള്ള നാല് സ്ത്രീകൾ അവിടെ ഒരു ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അന്റാർട്ടിക്കയിലെ ഏറ്റവും വിദൂരമായ പോസ്റ്റ് ഓഫീസിലെ ജോലിക്കായിട്ടാണ് ഇവരെ നിയമിച്ചിരിക്കുന്നത്. അഞ്ചുമാസക്കാലമാണ് ജോലി ചെയ്യേണ്ടത്. 

എന്നാൽ, പോസ്റ്റ് ഓഫീസിലെ ജോലി എന്നത് കൊണ്ട് അവിടെയുള്ള ജോലികൾ മാത്രം ചെയ്യുക എന്നതല്ല ഉദ്ദേശിക്കുന്നത്. അവിടെയുള്ള പെൻ​ഗ്വിനുകളുടെ എണ്ണമെടുക്കുക തുടങ്ങിയ ജോലികളും ഉണ്ട്. ഗൗഡിയർ ദ്വീപിലെ പോർട്ട് ലോക്ക്‌റോയിയിലേക്ക് ഈ വർഷം ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നാലുപേർ ഇവരാണ്; ക്ലെയർ ബാലന്റൈൻ, മൈരി ഹിൽട്ടൺ, നതാലി കോർബറ്റ്, ലൂസി ബ്രൂസോൺ.

യുകെ അന്റാർട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ് പോർട്ടാണ് ലോക്ക്റോയ് ബേസ് പരിപാലിക്കുന്നതിനു വേണ്ടി നാലുപേരടങ്ങുന്ന സംഘത്തെ തെരഞ്ഞെടുത്തത്. എല്ലാ വർഷവും ഇങ്ങനെ അഞ്ച് മാസക്കാലത്തേക്ക് ഒരു സംഘം ആളുകളെ ഈ ജോലിക്കായി തെരഞ്ഞെടുക്കാറുണ്ട്. 

അപേക്ഷിക്കുന്നവർക്ക് ഫിസിക്കൽ ഫിറ്റ്‍നസ് നിർബന്ധമാണ്. അതുപോലെ പരിസ്ഥിതിയെ കുറിച്ച് നല്ല അറിവ് വേണം. തീർന്നില്ല, ഏറ്റവും സൗകര്യം കുറഞ്ഞ രീതിയിൽ ജീവിക്കാനും അറിയണം. നിരവധിപ്പേരാണ് ഈ പോസ്റ്റ് മാസ്റ്റർ ജോലിക്ക് വേണ്ടി അപേക്ഷിക്കാറുള്ളത്. ഈ വർഷം മാത്രം ആറായിരം പേർ ജോലിക്ക് അപേക്ഷിച്ചിരുന്നു. 

അതികഠിനമായ ശൈത്യത്തെ ഇവിടെ വരുന്നവർ അതിജീവിക്കേണ്ടതുണ്ട്. അതുപോലെ കുടിവെള്ളത്തിന്റെ കുറവ്, ഫ്ലഷിം​ഗ് ടോയിലെറ്റ് ഇല്ലാത്തത്, കറന്റ് ഇല്ലാത്തത് ഒക്കെയും സഹിക്കാനും അതിജീവിക്കാനും പറ്റുന്നവർക്ക് മാത്രം പറഞ്ഞിട്ടുള്ള പണിയാണ് ഇത്. 

ഇവിടെയുള്ള പുരാതനവും പ്രധാനവുമായ കെട്ടിടങ്ങളെയും മറ്റും സംരക്ഷിക്കുക എന്നതും ഇവിടെയുള്ള ജോലികളിൽ ഒന്നാണ്. ഓരോ വർഷവും 18,000 വിനോദ സഞ്ചാരികൾ‌ ഇവിടെ എത്തുന്നുണ്ട്. 

click me!