
അപരിചിതമായ നഗരത്തിലെത്തിയാൽ നല്ലതുപോലെ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പറ്റിക്കപ്പെടുന്നതോ, കയ്യിലുള്ള കാശടക്കം സകലതും പോകുന്നതോ അറിയില്ല. അതുപോലെ ഒരനുഭവം പങ്കുവയ്ക്കുകയാണ് ഈ യുവാവും. ഡെൽഹിയിൽ വച്ച് ഒരു ഓട്ടോ ഡ്രൈവർ തന്നെ പറ്റിച്ചതിനെ കുറിച്ചാണ് യുവാവ് റെഡ്ഡിറ്റിൽ കുറിച്ചിരിക്കുന്നത്. അതോടെ, അപരിചിതമായ നഗരത്തിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ടതിനെ കുറിച്ച് ചർച്ച ചെയ്യുകയാണ് റെഡ്ഡിറ്റ് യൂസർമാർ.
യുവാവിന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്. ഡെൽഹിയിൽ ആദ്യമായി വരികയാണ് യുവാവ്. സൂരജ് വിഹാറിനടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണ് പോകേണ്ടത്. ആ സമയത്ത് ഫോണിൽ ആകെയുണ്ടായിരുന്നത് 5% ചാർജ്ജ് മാത്രമാണ്. അതിനാൽ തന്നെ ഊബറോ ഓലയോ ഒന്നും ബുക്ക് ചെയ്യാൻ സാധിച്ചില്ല. കുറച്ച് നേരം കഴിഞ്ഞപ്പോൾ അവിടെ കുറച്ച് പേരോട് സംസാരിച്ചിരിക്കുന്ന ഓട്ടോ ഡ്രൈവറെ കണ്ടു. അങ്ങനെ ആളുടെ ഓട്ടോ പിടിച്ച് യാത്ര തുടങ്ങി.
ഓട്ടോ ഡ്രൈവർക്ക് തന്നെ എങ്ങനെ യാത്രയിലുടനീളം ബോറടിപ്പിക്കാതെ ഇരിപ്പിക്കാം എന്ന് അറിയാമായിരുന്നു. അയാൾ ഒരുപാട് സംസാരിച്ചു. ഒപ്പം തന്നോടും ഒരുപാട് കാര്യങ്ങൾ ചോദിച്ചു. എവിടെ നിന്നും വരുന്നു, എങ്ങോട്ട് പോകുന്നു, എന്ത് ചെയ്യുന്നു എന്നതെല്ലാം അതിൽ പെടുന്നു. താൻ നഗത്തിൽ ആദ്യമാണ് എന്ന് ഓട്ടോ ഡ്രൈവർ മനസിലാക്കി. കുറച്ച് കഴിഞ്ഞപ്പോൾ അയാൾ മീറ്ററിന് മുകളിലേക്ക് ഒരു ടവ്വലെടുത്തിട്ട് അത് മറച്ചു. ഒരു മണിക്കൂർ വണ്ടിയോടി. ഇതെല്ലാം നോക്കി താനൊരു വിഡ്ഢിയെ പോലെ ഇരിക്കുകയായിരുന്നു. അയാൾ വിചിത്രമായ ഒരു ചിരി അതിന് മുമ്പ് ചിരിച്ചിരുന്നു.
ഒടുവിൽ സ്ഥലമെത്തിയപ്പോൾ 1360 രൂപയുടെ ഓട്ടം എന്നാണ് അയാൾ പറഞ്ഞത്. താൻ മൂന്ന് 500 -ന്റെ നോട്ട് എടുത്ത് നൽകി. അയാൾ എന്നോട് 60 രൂപ ചില്ലറയുണ്ടോ എന്ന് ചോദിച്ചു. അതെടുക്കാൻ താൻ പേഴ്സിലേക്ക് നോക്കിയ നിമിഷം അയാൾ പൈസ മാറ്റിവച്ചു. പിന്നീട് താൻ 500 -ന് പകരം മൂന്ന് 100 -ന്റെ നോട്ട് മാത്രമേ നൽകിയുള്ളൂ എന്ന് തറപ്പിച്ച് പറഞ്ഞു. ഞാനാകെ കൺഫ്യൂഷനായി ഒടുവിൽ രണ്ട് 500 കൂടി നൽകി.
താൻ ക്ഷീണിതനായിരുന്നു. പിന്നിട് തെളിച്ചത്തോടെ ആലോചിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെട്ടു എന്ന് പൂർണമായും മനസിലായത് എന്നാണ് യുവാവ് കുറിച്ചത്.
പോസ്റ്റ് വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. അവർ യുവാവിനോട് സഹതാപം പ്രകടിപ്പിച്ചു. ഒരിക്കലും അപരിചിതമായ നഗരത്തിൽ അപരിചിതനായ ഒരാളോട് നമ്മെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തരുത് എന്നാണ് പലരും കമന്റ് നൽകിയത്. ഒപ്പം ഇത് ഡെൽഹി മാത്രമല്ല സംഭവിക്കുന്നത് പല നഗരങ്ങളും ഇങ്ങനെയാണ് എന്നും പലരും കുറിച്ചു.