
ഓൺലൈനി(Online)ൽ കണ്ടുമുട്ടുന്ന പലരോടും നമുക്ക് ആരാധനയും, പ്രണയവും ഒക്കെ തോന്നിയെന്നിരിക്കും. എന്നാൽ, അതിന്റെ പേരിൽ കിലോമീറ്ററുകൾ വണ്ടിയോടിച്ച്, രാത്രി ആ വ്യക്തിയറിയാതെ വീട്ടിൽ കയറി, ദിവസങ്ങളോളം തട്ടിൻ പുറത്ത് ഒളിച്ച് താമസിക്കുമോ, ഇല്ല, അല്ലെ? എന്നാൽ, പെൻസിൽവാനിയയിൽ നിന്നുള്ള ഒരു ഇരുപതുകാരന് ഓൺലൈനിൽ കണ്ടുമുട്ടിയ ഒരു സ്ത്രീയോട് കടുത്ത ആരാധന തോന്നി, പിന്നീട് കാണിച്ച് കൂട്ടിയത് തികച്ചും നിയമവിരുദ്ധവും അക്രമാസക്തവുമായ കാര്യങ്ങളാണ്. അയാൾ അവളുടെ ന്യൂ ഹാംഷെയറിലെ വീട്ടിലേക്ക് ഏകദേശം 400 മൈൽ ദൂരം വണ്ടി ഓടിച്ചു എത്തി. തുടർന്ന്, രാത്രി ആരും കാണാതെ അവളുടെ വീട്ടിൽ അതിക്രമിച്ച് കയറി, തട്ടിൻപ്പുറത്ത് ഒളിച്ചിരുന്നു. മാത്രവുമല്ല, ഉറങ്ങുമ്പോൾ അവൾ അറിയാതെ അയാൾ അവളുടെ നഗ്ന ചിത്രങ്ങൾ എടുക്കുകയും ചെയ്തു.
ഫിലാഡെൽഫിയയിൽ നിന്നുള്ള മൗറിസിയോ ഡാമിയൻ ഗുറേറോയെയാണ് കഴിഞ്ഞ മാസം ഒരു വീടിന്റെ തട്ടിൻപുറത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ന്യൂ ഹാംഷെയറിലെ അധികാരികൾ പറയുന്നതനുസരിച്ച്, വെബ്‌സൈറ്റായ ഒൺലി ഫാൻസ്(OnlyFans) വഴിയാണ് അയാൾ യുവതിയെ കണ്ടുമുട്ടിയത്. യുവതിയെ കാണാനുള്ള മോഹം കൊണ്ട് അയാൾ പെൻസിൽവാനിയയിൽ നിന്ന് ന്യൂ ഹാംഷെയറിലേക്ക് യാത്ര പുറപ്പെട്ടു. യുവതിയുടെ വീട്ടിലെത്തിയ അയാൾ വീടിന്റെ താക്കോൽ സ്വന്തമാക്കി. സ്വന്തം ഇഷ്ടത്തിന് വരാനും പോകാനുമുള്ള സൗകര്യത്തിനായി താക്കോലിന്റെ ഡ്യൂപ്ലിക്കേറ്റ് നിർമ്മിച്ചു. ശേഷം താക്കോൽ പഴയ സ്ഥാനത്ത് തിരികെ കൊണ്ടുപോയി വച്ചു. തുടർന്ന്, അയാൾ തോന്നുമ്പോഴെല്ലാം അവളുടെ വീട്ടിൽ പോകാനും വരാനും ആരംഭിച്ചു. വീട്ടിലെത്തുന്ന അയാൾ അവൾ ഉറങ്ങുന്നതും കാത്ത് ഒച്ചയുണ്ടാക്കാതെ തട്ടിൻപുറത്ത് ഇരിക്കും. അവൾ ഉറക്കമായി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം താഴെ ഇറങ്ങി അവളുടെ മുറിയിൽ പോയി, ഉറങ്ങുന്ന അവളെ ക്യാമറയിൽ പകർത്തും.
ഗുറേറോ പലതവണ ഇതാവർത്തിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തട്ടിൻ പുറത്ത് നിന്ന് ഭക്ഷണവും ഹെഡ്‌ഫോണും മൂത്രമുള്ള ഒരു കപ്പും പൊലീസ് കണ്ടെടുത്തു. ഗുറേറോ വളരെക്കാലമായി അവിടെ ഉണ്ടായിരുന്നതായി പൊലീസ് അനുമാനിക്കുന്നു. എന്നാൽ അത്രയും കാലം സ്ത്രീ ഇതൊന്നുമറിഞ്ഞില്ല എന്നതാണ് അദ്ഭുതകരമായ കാര്യം. അവളുടെ അമ്മ തട്ടിൻപുറത്ത് നിന്ന് ചില ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോഴാണ് എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായത്. മാധ്യമങ്ങൾ "NR" എന്ന് മാത്രം വിളിക്കുന്ന യുവതി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അയാളെ പരിചയപ്പെടുന്നത്. പണം നൽകുന്ന അംഗങ്ങൾക്കായി ഒൺലി ഫാൻസ് സൈറ്റിൽ അവൾ അഡൾട്ട് കണ്ടന്റ് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അത്. ഒരു ഘട്ടത്തിൽ, അയാൾ അവൾക്ക് ഒരു ടെലിവിഷൻ സെറ്റും ഒരു അടുപ്പും വാങ്ങി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയുണ്ടായി. തുടർന്ന്, അവൾ ഷിപ്പിംഗ് ആവശ്യങ്ങൾക്കായി അവളുടെ വിലാസം അയാൾക്ക് നൽകി. എന്നാൽ പിന്നീട് ഒരു ശല്യമായി തീർന്നപ്പോൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ അവൾ നടത്തി. എന്നാൽ അവളെ നേരിട്ട് കാണാമെന്നായി അയാൾ.
അയാൾ താൻ താമസിച്ചിരുന്ന അപ്പാർട്മെന്റിന് മുന്നിൽ വാഹനം നിർത്തുകയും, അതിൽ തന്നെ കാത്തിരിക്കുകയും ചെയ്യാറുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഒടുവിൽ വേറെ വഴിയില്ലാതെയാണ് അവൾ അവളുടെ അമ്മയുടെ വീട്ടിലേക്ക് മാറിയത്. അവളുടെ പുതിയ വിലാസം ഗുറേറോ എങ്ങനെ അറിഞ്ഞുവെന്ന് വ്യക്തമല്ല. ഒരു ദിവസം, ഗുറേറോ അവളെ വീഡിയോ കോൾ ചെയ്തു. അമ്മയുടെ വീടിന് പുറത്ത് അവനെ കണ്ടപ്പോൾ അവൾ ഞെട്ടിപ്പോയി. അവൾ അവനോട് പോകാൻ പറഞ്ഞു, ഇനി ഒരിക്കലും അവിടെ വരരുതെന്ന് താകീത് നൽകി. പക്ഷേ കുറച്ച് മണിക്കൂറുകൾക്ക് ശേഷം അവൾ ഉണർന്നു നോക്കുമ്പോൾ അവൻ അവളെ തുറിച്ചുനോക്കി നിൽക്കുന്നതാണ് അവൾ കണ്ടത്. അവളുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അതെന്ന് അവൾ പൊലീസിനോട് പറഞ്ഞു.
തട്ടിൻപുറത്ത് നിന്ന് കാൽപെരുമാറ്റം കേട്ടതിനെ തുടർന്നാണ് അവളും അമ്മയും പൊലീസിനെ വിവരം അറിയിച്ചത്. ഓടിപ്പോകാൻ ശ്രമിക്കുന്നതിന് മുൻപ് പൊലീസിന് അയാളെ പിടികൂടാനായി. കട്ടിലിൽ നഗ്നയായി ഉറങ്ങുന്ന അവളുടെ വീഡിയോകൾ ഗുറേറോയുടെ ഫോണിൽ പോലീസ് കണ്ടെത്തി. ഉറങ്ങുമ്പോൾ യുവാവ് മുറിയിലെത്തി അവളുടെ ശരീരത്തിൽ നിന്ന് ശ്രദ്ധാപൂർവ്വം പുതപ്പ് നീക്കം ചെയ്യുകയും, അവളുടെ നഗ്നശരീരം ചിത്രീകരിക്കുകയും ചെയ്തു. മോഷണവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ലക്ഷ്യമിട്ടാണ് ഇയാൾ വീട്ടിൽ കയറിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം മറ്റ് കുറ്റങ്ങളൊന്നും ഇപ്പോൾ ചുമത്തിയിട്ടില്ല. ജാമ്യ തുകയായ $2,500 അടച്ചതിനെ തുടർന്ന്, കഴിഞ്ഞയാഴ്ച അയാൾ ജയിലിൽ നിന്ന് മോചിതനായി. അതേസമയം, യുവതിയുടെ അടുത്തെത്തുകയോ ന്യൂ ഹാംഷെയറിലേക്ക് പോകുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഒരു ട്രാക്കിംഗ് ബ്രേസ്‌ലെറ്റും അയാളിൽ ഘടിപ്പിച്ചിട്ടുണ്ട്.