
മുംബൈ തെരുവിൽ തൂവാല വിൽക്കുന്ന ഒരാളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നമുക്കറിയാം ചിലർ വിരമിച്ചാൽ വീട്ടിലിരിക്കും. എന്നാൽ, ചിലർ തങ്ങളെ കൊണ്ട് കഴിയുന്ന എന്തെങ്കിലും ജോലികൾ ചെയ്യും. ഇദ്ദേഹവും ഈ രണ്ടാമത്തെ വിഭാഗത്തിൽ പെടുന്ന ആളാണ്. ഹ്യുമൻസ് ഓഫ് ബോംബെയാണ് ഈ മനുഷ്യന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്.
ഹസൻ അലി എന്ന 74 -കാരൻ നേരത്തെ ഒരു കടയിൽ ഷൂ സെയിൽമാനായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ, പതിറ്റാണ്ടിലധികമായി അദ്ദേഹം വിരമിച്ചിട്ട്. പക്ഷേ, എല്ലാ ദിവസവും അദ്ദേഹം രാവിലെ എഴുന്നേൽക്കുകയും ബോറിവലി സ്റ്റേഷനിലേക്ക് എത്തുകയും ചെയ്യുന്നു. അവിടെ റോഡരികിൽ താൻ കൊണ്ടുവരുന്ന തൂവാലകൾ വിൽക്കുകയാണ് അദ്ദേഹം ചെയ്യുന്ന ജോലി.
വിൽപ്പന എന്നത് ഒരു കലയാണ്. ഒരു മനുഷ്യനെ കാണുമ്പോൾ അയാൾ പറയാതെ തന്നെ അയാൾക്ക് വേണ്ടത് എന്താണ് എന്ന് നമുക്ക് മനസിലാവണം. അത് തന്നെ നാം അവർക്ക് നൽകണം. അതാണ് വേണ്ടത്. വർഷങ്ങളുടെ പരിചയം കാരണം തനിക്കിപ്പോൾ അത് അറിയാം എന്നാണ് ഹസൻ പറയുന്നത്.
ഭാര്യയും മകനും മരുമകളും കൊച്ചുമകളും അടങ്ങുന്നതാണ് ഹസന്റെ കുടുംബം. അവരും എപ്പോഴും ഹസനോട് ഈ ജോലി അവസാനിപ്പിക്കാൻ ആവശ്യപ്പെടും. എന്നാൽ, 17 വർഷമായി ഹസൻ ഈ ജോലി ചെയ്യുന്നുണ്ട്. ഇനിയെങ്കിലും നിർത്തി വിശ്രമിക്കൂ എന്ന് പറയുന്ന മകനോട്, തനിക്ക് അതിന് ആഗ്രഹമില്ല, പറ്റും കാലമത്രയും ഇതുപോലെ ജോലി ചെയ്യണം എന്നാണ് ആഗ്രഹം എന്നാണ് ഹസന്റെ മറുപടി.
സ്ഥിരമായി ഹസന്റെ അടുത്ത് നിന്നും തൂവാല വാങ്ങുന്നവരും ഇവിടെ ഉണ്ട്. ഏതായാലും ഹസന്റെ കഥ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഈ പ്രായത്തിലും ജോലി ചെയ്യാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയെ ആളുകൾ കയ്യടിയോടെയാണ് സ്വീകരിച്ചത്.