സ്വപ്നങ്ങൾക്ക് വേണ്ടി 45 ലക്ഷത്തിന്‍റെ ജോലി ഉപേക്ഷിച്ചു; കയ്യിലുണ്ടായിരുന്നതെല്ലാം ഒടുവിൽ കൈവിട്ടു!

Published : Jun 30, 2026, 07:07 PM IST
Failer

Synopsis

ടിയർ-1 കോളേജിൽ നിന്ന് ബിരുദം നേടി 45 ലക്ഷം രൂപ വാർഷിക ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്ക് ഇറങ്ങിയ യുവാവിന് നേരിടേണ്ടി വന്നത് കനത്ത പരാജയമാണ്. രണ്ട് സ്റ്റാർട്ടപ്പുകളും പരാജയപ്പെട്ടതോടെ സമ്പാദ്യം നഷ്ടപ്പെട്ട് ആത്മവിശ്വാസം തകർന്ന ഇദ്ദേഹത്തിന്‍റെ റെഡ്ഡിറ്റ് കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ നേടുകയാണ്.

 

രു വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി സുരക്ഷിതമായ കരിയറും ലക്ഷങ്ങളുടെ ശമ്പളവും ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും? അഭിമാനകരമായ ടിയർ-1 കോളേജിൽ നിന്ന് ബിരുദം നേടി, 45 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്ക് ചുവടുവെച്ച ഒരു യുവാവിന്‍റെ ജീവിതം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. രണ്ട് സ്റ്റാർട്ടപ്പുകൾ തുടങ്ങിയെങ്കിലും രണ്ടും പരാജയപ്പെട്ടതോടെ, സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് ജീവിതം വീണ്ടും പൂജ്യത്തിലെത്തിയ അവസ്ഥയിലാണ് ഈ യുവാവ്. പരാജയഭീതിയും ആത്മവിശ്വാസത്തകർച്ചയും കൊണ്ട് നട്ടംതിരിയുന്ന ഇദ്ദേഹത്തിന്‍റെ ഹൃദയസ്പർശിയായ കുറിപ്പ് ഇപ്പോൾ വലിയ തോതിലുള്ള പിന്തുണയാണ് നേടിക്കൊണ്ടിരിക്കുന്നത്.

ഏറ്റവും വലിയ വേദന

"കഴിഞ്ഞ വർഷം, എന്‍റെ സ്വപ്നം പിന്തുടരാൻ ഉയർന്ന ശമ്പളമുള്ള ജോലി ഞാൻ ഉപേക്ഷിച്ചു. ഞാൻ രണ്ട് കമ്പനികൾ തുടങ്ങി. രണ്ടും പരാജയപ്പെട്ടു," റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നു. "ഇന്ന് ഞാൻ വീണ്ടും പൂജ്യത്തിലെത്തിയിരിക്കുന്നു. സമ്പാദ്യമില്ല, ബിസിനസ്സില്ല, നേട്ടമായി എടുത്തു കാണിക്കാൻ സോഷ്യൽ മീഡിയ സാന്നിധ്യം പോലുമില്ല." സാമ്പത്തിക നഷ്ടത്തേക്കാൾ ഉപരി, തന്‍റെ ആത്മവിശ്വാസം തകർന്നതാണ് ഏറ്റവും വലിയ വേദനയെന്ന് അദ്ദേഹം പറയുന്നു. "യാത്രയ്ക്കിടയിൽ എപ്പോഴോ ഞാൻ എന്നിൽ വിശ്വസിക്കുന്നത് നിർത്തി. ഞാൻ ശരിക്കും കഠിനാധ്വാനം ചെയ്തിട്ടുണ്ടോയെന്ന് പോലും എനിക്ക് സംശയമായി," അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ഉപജീവനത്തിനായി വീണ്ടും ജോലിക്ക് ശ്രമിക്കാൻ തീരുമാനിച്ചെങ്കിലും, ആ പ്രക്രിയ തന്നെ അസ്വസ്ഥനാക്കുന്നതായും അദ്ദേഹം തുറന്നു പറയുന്നു. "ഇന്‍റർവ്യൂകൾക്കായി തയ്യാറെടുക്കുമ്പോൾ, 'എന്നെപ്പോലൊരാളെ എന്തിനാണ് ഒരു കമ്പനി ജോലിക്ക് എടുക്കുന്നത്?' എന്ന ചിന്ത എന്നെ തളർത്തുന്നു," അദ്ദേഹം പറഞ്ഞു.

 

 

'തളരരുത്, മുന്നോട്ട് പോവുക'

കുറിപ്പ് വൈറലായതോടെ, തളരാതെ മുന്നോട്ട് പോകാൻ നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി എത്തിയത്. "ഞാനും സമാനമായ അവസ്ഥയിലൂടെ കടന്നുപോയതാണ്. ടിയർ-1 കോളേജിൽ നിന്ന് ബിരുദം നേടി ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സ്റ്റാർട്ടപ്പ് തുടങ്ങി. കാര്യങ്ങൾ വിചാരിച്ചത് പോലെ നടന്നില്ല, അത് ലോകം അവസാനിച്ചത് പോലെ തോന്നിയിരുന്നു. എന്നാൽ വിശ്വസിക്കൂ, കാര്യങ്ങൾ ശരിയാകും," എന്നായിരുന്നു ഒരാൾ കമന്‍റ് ചെയ്തത്. മറ്റൊരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെ: "നിങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിച്ചുവെന്നത് നല്ല കാര്യമാണ്. പത്തിൽ ഒമ്പത് ബിസിനസ്സുകളും ഏതെങ്കിലും തരത്തിൽ പരാജയപ്പെടുന്നുണ്ട്. അതുകൊണ്ട് ഇതൊന്നും നിങ്ങളുടെ മാത്രം കുറ്റമല്ല." ഇങ്ങനെ നീളുന്നു സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തെ പിന്തുണച്ചു കൊണ്ടുള്ള കമൻറുകൾ.

 

PREV
Read more Articles on
click me!

Recommended Stories

കേൾവിയും സംസാരശേഷിയുമില്ല, കുട്ടിക്കാലത്ത് ട്രെയിനിൽ ഉറങ്ങിപ്പോയി, കണ്ണ് തുറന്നപ്പോള്‍ മറ്റൊരിടത്ത്, 35 വർഷം; ഒടുവിൽ മടങ്ങിവരവ്!
കുഞ്ഞിനെ ചവിട്ടിക്കൊന്ന കാമുകിക്ക് മാപ്പ് നൽകി പിതാവ്, സമ്മതിക്കില്ലെന്ന് അമ്മ, രൂക്ഷ വിമർശനവുമായി ജനങ്ങൾ