
അമ്മയുടെ കാണാതായ ഫോൺ തിരികെ ഏൽപ്പിച്ച യുവാവിനെ കുറിച്ചുള്ള പോസ്റ്റുമായി റെഡ്ഡിറ്റ് യൂസർ. റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്. സിനിമ കാണാൻ പോയപ്പോഴാണ് യുവാവിന്റെ അമ്മയുടെ ഫോൺ നഷ്ടപ്പെടുന്നത്. എന്നാൽ, അത് തിരികെ അവരുടെ കയ്യിൽ തന്നെ എത്തുകയായിരുന്നു.
യുവാവിന്റെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്, സിനിമ കാണാൻ വേണ്ടി നിർമൺ വിഹാറിലെ ഒരു മാളിലെത്തിയതാണ്. അവിടെ പാർക്കിംഗ് സ്ഥലത്ത് വച്ചാണ് സഹോദരിയുടെ കയ്യിൽ നിന്നും അമ്മയുടെ ഫോൺ അബദ്ധത്തിൽ നഷ്ടപ്പെടുന്നത്. തിയേറ്ററിലെത്തി സീറ്റിലിരുന്നതിന് ശേഷമാണ് ഫോൺ കാണാതെ പോയതായി മനസിലാവുന്നത്. എന്നാൽ, ഭാഗ്യവശാൽ, ഫോൺ കിട്ടിയ അപരിചിതൻ അതിൻ്റെ യഥാർത്ഥ ഉടമയ്ക്ക് ഫോൺ തിരികെ നൽകുകയായിരുന്നു.
കാറിലാണ് വീട്ടിൽ എല്ലാവരും തിയേറ്ററിലെത്തിയത്. താനും ഒരു കസിനും സ്കൂട്ടറിലുമെത്തി. കാറിൽ നിന്നിറങ്ങിയപ്പോൾ ഫോൺ അതിനകത്ത് വച്ച് മറക്കുകയായിരുന്നു എന്ന് പോസ്റ്റിൽ പറയുന്നു. ഫോൺ നഷ്ടപ്പെട്ടു എന്ന് മനസിലായപ്പോൾ അതിലേക്ക് വിളിച്ചുനോക്കി. ഒരു അപരിചിതനാണ് ഫോൺ എടുത്തത്. അയാൾ മറ്റൊരു മാളിലാണ് അപ്പോൾ ഉണ്ടായിരുന്നത്. ഫോൺ തിരികെ കിട്ടില്ല എന്ന് തന്നെയാണ് കരുതിയത്.
പക്ഷേ, താനും കസിനും അങ്ങോട്ട് പോയി. ഒരുവിധം അവിടെയെത്തി. ഒടുവിൽ അയാളെ കണ്ടുപിടിച്ചു. അപ്പോൾ തന്നെ അയാൾ ഫോൺ കൈമാറി എന്നും പോസ്റ്റിൽ പറയുന്നു. ഒരിക്കലും ഫോൺ തിരികെ കിട്ടില്ല എന്നാണ് കരുതിയത്. ഫോൺ തിരികെ തന്നതിന് നന്ദി എന്നോണം ആ അപരിചിതനും അയാളുടെ കൂടെയുണ്ടായിരുന്ന സഹോദരനും ഭക്ഷണം വാങ്ങിനൽകാം എന്ന് തങ്ങൾ പറഞ്ഞു. പക്ഷേ, അവരത് നിരസിച്ചു. ഒടുവിൽ നന്ദിസൂചകമായി ഒരു 500 രൂപ നൽകി എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്.
ഒരുപാട് പേർ യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. സമാനമായ തങ്ങളുടെ അനുഭവമാണ് പലരും പങ്കുവച്ചത്. ഒരാൾ എഴുതിയത് തന്റെ കസിനും ഇതുപോലെ ഒരു അനുഭവമുണ്ടായി. അന്ന് ഓട്ടോറിക്ഷാ ഡ്രൈവറാണ് ഫോൺ തിരികെ ഏല്പിച്ചത് എന്നാണ്.
ലഞ്ചെടുക്കാൻ മറന്നത് നന്നായി, തൊഴിലാളിക്ക് 25 കോടി ലോട്ടറിയടിച്ചത് അപ്രതീക്ഷിതമായി