
ഇൻഷുറൻസ് കമ്പനികളിൽ നിന്നും ഒരു മില്യൺ ഡോളർ തട്ടിച്ചെടുക്കാൻ ശ്രമിച്ചതിന് തായ്‌വാനിൽ ഒരാൾക്ക് രണ്ട് വർഷം തടവ് ശിക്ഷ. അതിനുവേണ്ടി അയാൾ ചെയ്ത കാര്യമാണ് പലരേയും അമ്പരപ്പിച്ചത്.
ഷാങ് എന്ന യുവാവിനെ ജൂൺ 20 -നാണ് തായ്‌വാൻ ഹൈക്കോടതി ശിക്ഷിച്ചത് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഈ പദ്ധതിയുടെയെല്ലാം പിന്നിൽ സൂത്രധാരനായി പ്രവർത്തിച്ച ലിയാവോ എന്നയാൾക്ക് ആറ് വർഷത്തെ തടവ് ശിക്ഷയും ലഭിച്ചു.
കാലിൽ പരിക്കുണ്ടാക്കുന്നതിനായി ഷാങ് 10 മണിക്കൂർ നേരം തന്റെ രണ്ട് കാലുകളും ഡ്രൈ ഐസിൽ (ഖരരൂപത്തിലുള്ള കാർബൺ ഡൈഓക്സൈഡ്) മുക്കിവയ്ക്കുകയായിരുന്നു.
ഇതിന്റെയെല്ലാം പിന്നിലെ ബുദ്ധികേന്ദ്രം എന്നാണ് കോടതി ലിയാവോയെ വിശേഷിപ്പിച്ചത്. സെക്കൻഡറി സ്കൂളിൽ ഷാങ്ങിന്റെ സഹപാഠിയായിരുന്നു ലിയാവോ. 2023 മുതൽ തന്നെ ഇരുവരും പണം തട്ടാനുള്ള ഗൂഢാലോചന നടത്തുന്നുണ്ടത്രെ. അവസാനം പണം തട്ടാനുള്ള ശ്രമത്തിൽ സ്വയമുണ്ടാക്കിയ മുറിവിൽ നിന്നും വലിയ വേദനയാണ് ഷാങ് സഹിച്ചത് എന്നും കോടതി പറയുന്നു.
2005 -നും 2023 ജനുവരിക്കും ഇടയിൽ, ഹെൽത്ത്, ലൈഫ്, ആക്സിഡന്റ്, ലോംഗ് ടേം കെയർ, യാത്രാ ഇൻഷുറൻസ് എന്നിവയുൾപ്പെടെ എട്ട് തരം പ്ലാനുകൾ ഉൾക്കൊള്ളുന്ന ഇൻഷുറൻസാണ് ഷാങ് എടുത്തത്. അഞ്ച് വ്യത്യസ്ത കമ്പനികളിൽ നിന്നായിരുന്നു ഇത്.
പിന്നീട്, തുക നേടിയെടുക്കാനുള്ള അപകടം ഉണ്ടാക്കുകയായിരുന്നു. അതിനായി ലിയാവോയും ഷാങ്ങും ചേർന്ന് ഒരു ബക്കറ്റിൽ ഡ്രൈ ഐസ് നിറച്ചു, ഷാങ് തന്റെ കാലുകൾ അതിൽ 10 മണിക്കൂർ മുക്കിവച്ചു. രണ്ട് ദിവസത്തിന് ശേഷം, മക്കെ മെമ്മോറിയൽ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ ഷാങ് വൈദ്യസഹായം തേടിച്ചെന്നു. അവിടെ വെച്ച് ഷാങ്ങിന് ഫ്രോസ്റ്റ്‍ ബൈറ്റ് അടക്കം വിവിധ ആരോഗ്യപ്രശ്നങ്ങളുള്ളതായി കണ്ടെത്തി. പാദങ്ങൾ നഷ്ടപ്പെട്ടതായും പറയുന്നു.
എന്നാൽ, മോട്ടോർസൈക്കിൾ ഓടിക്കുന്നതിനിടയിലാണ് ഇത് സംഭവിച്ചത് എന്ന് കാണിച്ച് ഷാങ്ങും സുഹൃത്തും അഞ്ച് ഇൻഷുറൻസ് കമ്പനികളെയും സമീപിച്ചു. എന്നാൽ, ഒരു ഇൻഷുറൻസ് കമ്പനി മാത്രമാണ് പണം നൽകിയത്. അവർ ഏഴ് ലക്ഷത്തോളം രൂപയാണ് നൽകിയത്. എന്നാൽ, മറ്റ് നാല് കമ്പനികളും തുക നൽകാൻ തയ്യാറായില്ല.
പിന്നീട്, ഷാങ്ങ് നടത്തിയ തട്ടിപ്പ് കണ്ടെത്തി. 2024 -ൽ ഷാങ്ങും ലിയാവോയും അറസ്റ്റിലാവുകയും ചെയ്തു. തുക തട്ടാൻ വേണ്ടിയാണെങ്കിലും ഷാങ് അനുവദിച്ച വേദന ആളുകളെ അമ്പരപ്പിച്ചു.