
ചെറിയ ചില മാറ്റങ്ങൾ ജീവിതത്തിൽ വരുത്തിയാൽ അത് വലിയ ഫലമുണ്ടാക്കുമോ? ഉണ്ടാക്കും എന്നാണ് സാനിയ മിർസയുടെ സഹോദരിയായ അനം മിർസ പറയുന്നത്. എന്താണ് അനം ചെയ്തത് എന്നല്ലേ? ഫോണിൽ നിന്നും ഗൂഗിൾ പേ അടക്കം ഓൺലൈൻ പേയ്മെന്റിനുള്ള എല്ലാ ആപ്പുകളും അങ്ങ് ഡിലീറ്റ് ചെയ്തു. അത് ജീവിതത്തിൽ വലിയ മാറ്റം തന്നെയാണ് ഉണ്ടാക്കിയത് എന്നാണ് അവർ പറയുന്നത്.
ആപ്പുകൾ ഉപയോഗിക്കുമ്പോഴുള്ള പ്രത്യേകത എത്ര രൂപ നമ്മുടെ കയ്യൽ നിന്നും പോകുന്നു എന്നത് നാം കൃത്യമായി അറിയാറില്ല എന്നതാണ് അല്ലേ? നമ്മളറിയാതെ തന്നെ അക്കൗണ്ടിലുള്ള കാശ് തീരും എന്ന് സാരം. എന്നാൽ, ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യുന്നത് വഴി ചെലവുകൾ കുറേയേറെ നമ്മുടെ വരുതിയിൽ നിൽക്കും.
തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് അനം മിർസ ഇക്കാര്യം പറയുന്നത്. അനം പറയുന്നത്, താൻ യുപിഐ പൂർണമായും നിർത്തി എന്നാണ്. ഒപ്പം തന്റെ ഫോണിൽ നിന്നും ഗൂഗിൾ പേ നീക്കം ചെയ്തു എന്നും അവൾ പറയുന്നു. താൻ ക്യുആർ കോഡ‍് സ്കാൻ ചെയ്യാറോ, ഇൻസ്റ്റന്റ് പേയ്മെന്റുകൾ നടത്താറോ ഇല്ല. അതുവഴി തന്റെ പണം എങ്ങനെ, എവിടേക്കാണ് പോകുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ തനിക്ക് ലഭിക്കും എന്നും അവർ പറയുന്നു.
'ലിറ്റിൽ ചേഞ്ച്, ബിഗ് ഇംപാക്ട്' എന്ന തന്റെ സീരിസിലെ നാലാമത്തെ ഭാഗമായിട്ടാണ് അനം ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. 'ചെറിയ മാറ്റങ്ങൾ, വലിയ ഫലം. നോ സ്കാൻ= കുറച്ച് മാത്രം ചെലവ്. ഇത് എന്റെ പണം എവിടേക്കാണ് പോകുന്നത് എന്നതിനെ കുറിച്ച് എന്നെ കൂടുതൽ ബോധവതിയാക്കി' എന്നാണ് അനം തന്റെ വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്.
ആദ്യം ഇത് അഡ്ജസ്റ്റ് ചെയ്യാൻ തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. സുഹൃത്തുക്കളോട് കാപ്പി വാങ്ങിത്തരാൻ വരെ പറഞ്ഞിട്ടുണ്ട്. പതിയെ അത് ശരിയായി എന്നും ഇപ്പോൾ അത് വലിയ സഹായകരമായി മാറി എന്നും അനം പറയുന്നു.
ഒരുപാടുപേർ പറയാറുള്ള കാര്യമാണ് ഓൺലൈൻ പേയ്മെന്റുകൾ കുറച്ച് കഴിഞ്ഞാൽ ചെലവും ഒന്ന് കയ്യിലൊതുങ്ങാനുള്ള സാധ്യതയുണ്ട് എന്ന്. എന്തായാലും, വീഡിയോയ്ക്കും അത്തരത്തിലുള്ള ഒരുപാട് കമന്റുകൾ വന്നിട്ടുണ്ട്.