
ഒരുപാട് പരിശ്രമങ്ങൾക്കും കഷ്ടപ്പാടുകൾക്കും ശേഷമാണ് ആദിവാസി യുവാവായ ചന്ദ്രേഷ് മാർസ്കോളിന് എംബിബിഎസ്സിന് ചേരാൻ സാധിക്കുന്നത്. നല്ല രീതിയിൽ പഠനം പൂർത്തിയാക്കി ഒരു ഡോക്ടറാകണം, തന്റെ വീട്ടുകാർക്കും സമുദായത്തിനും താങ്ങാകണം എന്ന് തന്നെയായിരുന്നു ആ യുവാവിന്റെ ആഗ്രഹവും. എന്നാൽ, സംഭവിച്ചത് വേറൊന്നാണ്. കാമുകിയെ കൊന്നു എന്ന കുറ്റത്തിന് നാലാം വർഷ വിദ്യാർത്ഥിയായിരിക്കെ ചന്ദ്രേഷ് ജയിലിലടയ്ക്കപ്പെട്ടു. എന്നാൽ, മേയ് മാസത്തിൽ ഏകദേശം 14 വർഷത്തിന് ശേഷം, കൃത്യമായി പറഞ്ഞാൽ 4,979 ദിവസങ്ങൾക്ക് ശേഷം കുറ്റവാളിയല്ല എന്ന് കണ്ട് അദ്ദേഹത്തെ കോടതി വെറുതെ വിട്ടു. ഇത് ചന്ദ്രേഷിന്റെ കഥയാണ്.
2008 -ലെ തകർത്ത് മഴ പെയ്ത ഒരു ദിവസമാണ് ഡോക്ടറാകാനും നല്ലൊരു ഭാവി കണ്ടെത്താനും ഉള്ള എല്ലാ സ്വപ്നങ്ങളെയും തകർത്തു കൊണ്ട് കാമുകി ശ്രുതി ഹില്ലിനെ കൊലപ്പെടുത്തി എന്ന് ആരോപിച്ച് ചന്ദ്രേഷ് ജയിലിൽ പോകുന്നത്. പുറത്തിറങ്ങിയപ്പോൾ ഇനിയെങ്കിലും തകർന്നു പോയ തന്റെ ജീവിതം പെറുക്കിക്കൂട്ടിയെടുക്കണമെന്നും പഠനം പൂർത്തിയാക്കി ഡോക്ടറാകണമെന്നുമുള്ള ആഗ്രഹത്തിലാണ് ചന്ദ്രേഷ്. അതിനുവേണ്ടി ഓരോ നിമിഷവും താൻ അധ്വാനിക്കും എന്നും അദ്ദേഹം പറഞ്ഞു.
ബാലാഘട്ട് ജില്ലയിലെ വാരസോണിയിൽ നിന്നുള്ള ഗോണ്ട് ഗോത്രവർഗക്കാരനാണ് ചന്ദ്രേഷ്. ചെയ്യാത്ത കുറ്റത്തിന് ഇത്രയും വർഷം ജയിലിൽ കഴിയേണ്ടി വന്നു എന്നത് കൊണ്ടുതന്നെ 42 ലക്ഷം രൂപ ചന്ദ്രേഷിന് നഷ്ടപരിഹാരം നൽകാൻ എംപി സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ അവസ്ഥയുമായാണ് അന്ന് കോടതി ചന്ദ്രേഷിന്റെ അവസ്ഥയെ താരതമ്യം ചെയ്തത്. 78 പേജുള്ള വിധിയിൽ ജസ്റ്റിസുമാരായ അതുൽ ശ്രീധരനും സുനിതാ യാദവും പൊലീസിനെയും അന്വേഷണത്തെയും കഠിനമായി വിമർശിച്ചു.
ആരാണ് ശ്രുതി ഹില്ലിനെ കൊന്നത്?
ഏകദേശം 14 വർഷങ്ങൾക്ക് ശേഷം കുറ്റവിമുക്തനാക്കപ്പെട്ട് ചന്ദ്രേഷ് ജയിലിൽ നിന്നും ഇറങ്ങി. എന്നാൽ, അപ്പോഴും അദ്ദേഹത്തിന്റെ കാമുകിയായിരുന്നു എന്ന് കരുതപ്പെടുന്ന ശ്രുതി ഹിൽ എന്ന പെൺകുട്ടിയെ യഥാർത്ഥത്തിൽ കൊലപ്പെടുത്തിയത് ആര് എന്നത് ദുരൂഹതയായി അവശേഷിക്കുകയാണ്.
2008 സെപ്തംബർ 20 -നാണ് പൊലീസ് ചന്ദ്രേഷിനെ കസ്റ്റഡിയിൽ എടുക്കുന്നത്. അതിന് കാരണമായിത്തീർന്നത് ഒരു ഫോൺകോളും രേഖാമൂലമുള്ള ഒരു പരാതിയുമാണ്. ജിഎംസി സീനിയർ റസിഡന്റ് ആയ ഡോ. ഹേമന്ത് വർമയായിരുന്നു പരാതിക്കാരൻ. ഭോപ്പാലിലെ അന്നത്തെ പൊലീസ് ഇൻസ്പെക്ടർ ജനറലായിരുന്ന ശൈലേന്ദ്ര ശ്രീവാസ്തവയെ ഫോണിൽ വിളിച്ചാണ് വർമ്മ ആദ്യം തന്റെ പരാതി പറയുന്നത്. പിന്നീട്, വർമ കോഹ്-ഇ-ഫിസ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതിയും നൽകി.
രേഖാമൂലമുള്ള ഈ പരാതിയാണ് കേസിനെ പിന്നീടങ്ങോട്ട് നയിച്ചത്. അതിൽ പറയുന്നത്, ഭോപ്പാലിൽ നിന്ന് 77 കിലോമീറ്റർ അകലെയുള്ള ഹോഷംഗബാദിലേക്ക് പോകാൻ വേണ്ടി ചന്ദ്രേഷ് അദ്ദേഹത്തോട് തന്റെ സ്വകാര്യ എസ്‌യുവി ആവശ്യപ്പെട്ടു എന്നാണ്. വർമ്മ പിന്നാലെ ചന്ദ്രേഷിന് കാർ കടം നൽകി. ഒപ്പം തന്നെ തന്റെ ഡ്രൈവറായ രാം പ്രസാദിനെയും വിട്ടു കൊടുത്തു. തൊട്ടടുത്ത ദിവസം രാം പ്രസാദ്, വർമ്മയോട് പറഞ്ഞത് ചന്ദ്രേഷ് തന്റെ ഹോസ്റ്റൽ മുറിയിൽ നിന്നും ഒരു കിടക്ക പൊതിഞ്ഞെടുത്ത് കൊണ്ടുവന്ന് കാറിൽ വച്ചു. കാർ ബുധ്നിയിലെത്തിയപ്പോൾ പച്മറിയിലേക്ക് പോകാൻ പറഞ്ഞു. അവിടെ കാട്ടിൽ വച്ച് കാർ നിർത്താൻ ആവശ്യപ്പെട്ടു. കാർ നിർത്തി ഡ്രൈവർ മാറിനിന്നപ്പോൾ വണ്ടിയിൽ നിന്നും കിടക്കയെടുത്ത് തോട്ടിലേക്ക് എറിഞ്ഞു. പത്ത് മണിയോടെ അവർ ഭോപ്പാലിൽ തിരികെ എത്തി എന്നാണ്. കൂടാതെ, ചന്ദ്രേഷ് പച്മറിലുള്ള ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. അവൾ അവനെ കാണാനായി ബോയ്സ് ഹോസ്റ്റലിലെത്താറുണ്ട്, അവിടെ രാത്രി തങ്ങാറുമുണ്ട് എന്നെല്ലാം പരാതിയിൽ വിശദമാക്കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഭോപ്പാൽ, പച്മറി പൊലീസ് സംഘം കൂടിച്ചേർന്ന് ഒരു അന്വേഷണം ആരംഭിച്ചു. അതേ തുടർന്ന് പച്മറിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ മുമ്പുള്ള ഡെൻവ ദർശനിൽ നിന്നും കിടക്കയിൽ പൊതിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുകയും ചെയ്തു. ശ്രുതിയുടെ വീട്ടുകാർ അത് ശ്രുതിയുടേതാണ് എന്ന് തിരിച്ചറിഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം ചന്ദ്രേഷിനെതിരെ ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്തു. അധികം വൈകാതെ ചന്ദ്രേഷിനെ കോടതി തടവിന് ശിക്ഷിക്കുകയും ചെയ്തു.
എന്നാൽ, 2009 -ൽ ചന്ദ്രേഷ് ഹൈക്കോടതിയെ സമീപിച്ചു. 2017 -18 ൽ എച്ച്. ആർ നായ്‍ഡു ചന്ദ്രേഷിന്റെ അഭിഭാഷകനായി കേസ് ഏറ്റെടുത്തു. അതോടെയാണ് കേസിന്റെ ഗതി മാറിമറിഞ്ഞത്. ഇപ്പോൾ കോടതി നിരീക്ഷിച്ചിരിക്കുന്നത് വെറും ഒരു പരാതിയുടെയും ഫോൺകോളിന്റെയും മുകളിലാണ് ചന്ദ്രേഷിനെതിരെ അന്വേഷണം നടന്നതും ശിക്ഷ വിധിച്ചതും, മറ്റ് തെളിവുകൾ ഒന്നും തന്നെ ഇല്ല എന്നാണ്. ഡ്രൈവറായ രാംപ്രസാദ് പറയുന്നത് ചന്ദ്രേഷ് ഭാരമുള്ള കിടക്ക എടുത്തു എന്നാണ്. തൊട്ടുപോലും നോക്കാതെ അകലെ നിന്നും നോക്കി എങ്ങനെ രാം പ്രസാദ് അത് പറഞ്ഞു. അതുപോലെ ഡിഎൻഎ ശേഖരിക്കാൻ പൊലീസ് പരാജയപ്പെട്ടു. കാറിൽ രക്തക്കറ ഉണ്ടായിരുന്നു അതിനെ കുറിച്ച് കൂടുതൽ പരിശോധനകൾ നടത്തിയില്ല തുടങ്ങി അനേകം കാരണങ്ങൾ കോടതി ചൂണ്ടിക്കാട്ടി. ഒപ്പം വെറും കെട്ടിച്ചമച്ച കഥകളുടെ മേലാണ് കേസ് നിലനിന്നത് എന്നും അഭിപ്രായപ്പെട്ടു.
ഏതായാലും, വർമ്മ തന്നെ ചന്ദ്രേഷിനോട് തന്റെ കാറെടുക്കാൻ പറഞ്ഞ് ഡ്രൈവറെ വിട്ടുകൊടുക്കുകയായിരുന്നു, ആ ദിവസം മനപ്പൂർവം വർമ്മ സ്ഥലത്ത് നിന്നും മാറിനിന്നു. കാറിൽ ചന്ദ്രേഷിനെ കൂടാതെ രണ്ടുപേർ കൂടി ഉണ്ടായിരുന്നു എന്നാണ് ടോൾ ബൂത്തിൽ നിന്നുമുള്ള രസീതിൽ മനസിലാവുന്നത്. അവരെ കുറിച്ച് വർമ്മയോ, രാം പ്രസാദോ ഒന്നും പറഞ്ഞിട്ടില്ല എന്ന് തുടങ്ങി ഒരുപാട് സംശയങ്ങൾ കേസിലുണ്ട് എന്നും വർമ്മയ്ക്ക് ചന്ദ്രേഷുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും ദ വീക്ക് എഴുതുന്നു.
ഏതായാലും ആരാണ് ശ്രുതിയെ കൊന്നത് എന്നോ, എന്തിനത് ചെയ്തു എന്നോ ഒന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ശ്രുതിയുടെ വീട്ടുകാരായി ശേഷിക്കുന്നത് ഇപ്പോൾ അച്ഛനും ഒരു സഹോദരനും മാത്രമാണ്. അവരെ കുറിച്ച് മറ്റ് ബന്ധുക്കൾക്ക് പോലും കൃത്യമായി അറിവില്ല. അതിനാൽ തന്നെ പുനരന്വേഷണ സാധ്യതയുമില്ല.
അതേ സമയം ഇത്രയും വർഷത്തെ ജയിൽവാസത്തിന് ശേഷം ചന്ദ്രേഷ് ഇപ്പോൾ തന്റെ ജീവിതപോരാട്ടത്തിലാണ്.