
വാഹനാപകടം പ്ലാൻ ചെയ്ത് നടപ്പിലാക്കി അതിലൂടെ ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് കുറ്റക്കാരൻ. ഞെട്ടിക്കുന്ന സംഭവം നടന്നത് ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലാണ്. സാൻമാങ് സ്വദേശിയാണ് മരിച്ച കുട്ടിയുടെ പിതാവ് ഷാങ്. ബന്ധുവായ ട്രക്ക് ഡ്രൈവറുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു ഷാങ്. ഭീമമായ ഇൻഷുറൻസ് തുക തട്ടിയെടുക്കുക എന്നതായിരുന്നു ക്രൂരകൃത്യത്തിന്റെ ലക്ഷ്യം. ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള ബന്ധം കണ്ടെത്തിയപ്പോഴുണ്ടായ പകയും ഷാങ്ങിന്റെ ദേഷ്യം ഇരട്ടിയാക്കി.
സംഭവ ദിവസം ഷാങ് തന്റെ കാർ ആളൊഴിഞ്ഞ റോഡിൽ നിർത്തിയിട്ടു. മകനോട് പുറത്തിറങ്ങി കാത്തുനിൽക്കാൻ നിർദ്ദേശിച്ചു. നിമിഷങ്ങൾക്കകം, ബന്ധു ട്രക്കുമായി വരികയും പുറത്തിറങ്ങി നിൽക്കുകയായിരുന്ന കുട്ടിയെ ഇടിക്കുകയും കുട്ടി തൽക്ഷണം മരിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തിയപ്പോൾ, ദുഃഖിതനായ പിതാവായി അഭിനയിച്ച് ഷാങ് മകന്റെ മൃതദേഹത്തിനരികിൽ പൊട്ടിക്കരയുന്നുണ്ടായിരുന്നു. വാഹനം ഓടിച്ചപ്പോൾ ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ തെറ്റിയാണ് അപകടം സംഭവിച്ചതെന്ന് ബന്ധുവും പറഞ്ഞു. ആദ്യഘട്ടത്തിൽ ഏകദേശം 180000 യുവാൻ ഇൻഷുറൻസ് തുകയായി ലഭിച്ചു. ട്രക്ക് ഓടിച്ച ബന്ധുവിന്റെ തൊഴിലുടമ എടുത്ത പോളിസികളിൽ നിന്നുള്ളതായിരുന്നു പണം. ഈ തുകയിൽ നിന്ന് മുപ്പതിനായിരം യുവാൻ ഷാങ് ബന്ധുവിന് നൽകി.
എന്നാൽ, തുടർന്നു നടന്ന അന്വേഷണത്തിൽ തട്ടിപ്പ് പുറത്തുവന്നു. ഡ്രൈവിംഗ് യോഗ്യതാ രേഖകൾ ബന്ധു വ്യാജമായി ഉണ്ടാക്കിയതാണെന്ന് കണ്ടെത്തി. ഇത് ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിക്കുന്നതിന് കാരണമായി. ഗൂഢാലോചന പോലീസ് കണ്ടെത്തിയതോടെ കടുത്ത നിയമ നടപടിയാണ് ഇരുവരും നേരിടേണ്ടി വന്നത്. ഷാങ്ങിന് ആദ്യം വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് അപ്പീലിലൂടെ ഇളവ് നൽകി. കോടതി ഇതുവരെ അന്തിമ വിധി പരസ്യമാക്കിയിട്ടില്ല. ബന്ധുവിന് വധശിക്ഷയും 30,000 യുവാൻ പിഴയും വിധിച്ചു. കൂടാതെ ലഭിച്ച തുക തിരികെ നൽകാനും ഉത്തരവിട്ടു. വാർത്ത ചർച്ചയായതോടെ ഷാങ്ങിന് എതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. സ്വാർത്ഥനും അത്യാഗ്രഹിയുമായ ഇയാൾ ഒരു അച്ഛനാകാൻ യോഗ്യനല്ലെന്ന് പലരും അഭിപ്രായപ്പെട്ടു.