
ഒരു സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് ഇപ്പോൾ ന്യൂസിലാൻഡിൽ നിന്നും വാർത്തയായി വരുന്നത്. 19,000 ഡോളർ അതായത് ഏകദേശം 17 ലക്ഷം രൂപ വില വരുന്ന ഒരു പെൻഡൻ്റ് വിഴുങ്ങി എന്ന് ആരോപിച്ച് 32 -കാരനായ ഒരു യുവാവിനെ ന്യൂസിലൻഡ് പൊലീസ് നിരീക്ഷിക്കുകയാണ്. നവംബർ 28 -ന് ഓക്ക്‌ലൻഡിലെ പാർട്രിഡ്ജ് ജ്വല്ലേഴ്സിൽ നിന്ന് ഒരു ലിമിറ്റഡ് എഡിഷൻ ഫാബെർജ് ഓക്ടോപസി പെൻഡൻ്റ് ഇയാൾ തട്ടിയെടുത്തെന്നാണ് കേസ്. 1983 -ലെ ജെയിംസ് ബോണ്ട് ചിത്രം 'ഒക്ടോപസി'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ് ഈ ലിമിറ്റഡ് എഡിഷൻ പെൻഡൻ്റ്.
എന്നാൽ, മോഷണം നടത്തിയതിനു ശേഷം അത് ഒളിപ്പിക്കുന്നതിന് പകരം, വിഴുങ്ങി പുറത്തേക്ക് കടത്താനാണ് ഇയാൾ ശ്രമിച്ചത്. എന്നാൽ, പെൻഡൻ്റ് വിഴുങ്ങി മിനിറ്റുകൾക്കകം ഇയാളെ കടയ്ക്കുള്ളിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോവുകയും ചെയ്തു. പെൻഡൻ്റ് ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് ഇൻസ്പെക്ടർ ഗ്രേ ആൻഡേഴ്സൺ പറഞ്ഞു. യുവാവ് പെൻഡൻ്റ് വിഴുങ്ങി എന്ന് ഉറപ്പാക്കാൻ കൂടുതൽ പരിശോധനകൾ നടത്തി ഫലം കാത്തിരിക്കുകയാണ് പൊലീസ്. ഫലം വരുന്നതുവരെ ഇയാളെ തുടർച്ചയായി നിരീക്ഷിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. യുവാവിനെ+ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇയാളെ ഓക്ക്‌ലൻഡ് ജില്ലാ കോടതിയിൽ ഹാജരാക്കിയെങ്കിലും കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. അടുത്ത കോടതി നടപടികൾ ഡിസംബർ 8 -ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനു മുൻപ് തെളിവുകൾ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് പൊലീസ്. എന്തായാലും സിനിമാ കഥകളെ വെല്ലുന്ന ഈ സംഭവത്തിൽ കാണാതായ പെൻഡന്റ് ഇനി പുറത്തു വരുമോ എന്ന് കാത്തിരുന്നു കാണണം.