
ദിയു സ്വദേശിയായ അനിൽ ചൗഹാൻ എന്ന യുവാവിന് ഒരു സ്വപ്നമുണ്ട്. എന്താണെന്നോ? പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ സൃഷ്ടിക്കുക. അതിനായി തന്നാൽ കഴിയുന്നതെല്ലാം ചെയ്യാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. ഇതിന്റെ ഭാഗമായി സൈക്കിളിൽ ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ച് ബോധവത്കരണ സന്ദേശം നൽകി വരികയാണ് കഴിഞ്ഞ ഒരു വർഷക്കാലമായി ഇദ്ദേഹം. ഈ യാത്രയിലെ ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടിയുണ്ട്. അനിൽ ചൗഹാൻ തനിച്ചല്ല ഈ യാത്ര നടത്തുന്നത്. അദ്ദേഹത്തിന്റെ രണ്ട് പെൺമക്കളുമുണ്ട് ഈ യാത്രയിൽ അച്ഛനു കൂട്ടായി.
ഒരു സൈക്കിളിൽ മക്കളെ രണ്ടുപേരെയും പിന്നില്‍ ഇരുത്തിയാണ് അനിൽ ചൗഹാൻ രാജ്യം ചുറ്റി സഞ്ചരിക്കുന്നത്.
യാത്ര തുടങ്ങി 1 വർഷവും 3 മാസവും കഴിഞ്ഞാണ് അനിൽ മുർഷിദാബാദിലെ ഫറാക്കയിലെത്തിയത്. രാജ്യത്തെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള സന്ദേശം നൽകാൻ തന്റെ മക്കളായ ശ്രേയ ചൗഹാനും അപ്തി ചൗഹാനെയും അനിൽ ഒപ്പം കൂട്ടാൻ കാരണം യുവ തലമുറയ്ക്ക് കൂടി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നതിനാണ്.
മത്സ്യത്തൊഴിലാളിയായ അനിൽ ചൗഹാൻ ഭാര്യയുടെ മരണശേഷമാണ് തന്റെ മക്കൾക്കൊപ്പം ഇത്തരത്തിൽ ഒരു യാത്ര ആരംഭിച്ചത്. ഇവരുടെ യാത്ര ഇപ്പോൾ എത്തി നിൽക്കുന്നത് മാൾഡ വഴി മുർഷിദാബാദിൽ ആണ്. അടുത്ത നാല് മാസത്തിനുള്ളിൽ സ്വന്തം നാടായ ദിയുവിലേക്ക് മടങ്ങാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. അച്ഛനൊപ്പം ഒരു വലിയ ലക്ഷ്യത്തിനായുള്ള യാത്രയിലാണെങ്കിലും ശ്രേയ ചൗഹാനും അപ്തി ചൗഹാനും യാത്രയ്ക്കിടയിലും ഓൺലൈനായി പഠനം നടത്തുന്നുണ്ട്. പ്ലാസ്റ്റിക്കിന്റെ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി അനിൽ ഇതിനകം വടക്കുകിഴക്കൻ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
താൻ ഇത്തരത്തിൽ ഒരു യാത്ര ആരംഭിച്ചപ്പോൾ തന്റെ നാട്ടുകാർ തന്നെ പരിഹസിച്ചെന്നും എന്നാൽ ഇത് തന്റെ ഉത്തരവാദിത്തമായാണ് കാണുന്നതെന്നും അനിൽ പറയുന്നു. യാത്രയിൽ തനിക്ക് നല്ല അനുഭവങ്ങളാണ് ഉണ്ടായതെന്നും പലരും തങ്ങൾക്ക് ഭക്ഷണം പോലും തരാൻ തയാറായെന്നും ഇദ്ദേഹം പറയുന്നു.