
ട്രെയിൻ യാത്രയുടെ കാര്യത്തിൽ ഇന്ത്യക്കാർ എങ്ങനെ വേണമെങ്കിലും അഡ്ജസ്റ്റ് ചെയ്യും എന്ന അവസ്ഥയാണ്. പ്രത്യേകിച്ച് ദീർഘദൂരയാത്രകൾ ആണെങ്കിൽ. ആവശ്യത്തിനുള്ള ഭക്ഷണസാധനങ്ങൾ മുതൽ ഗ്ലാസ്, കപ്പ്, പാത്രം എന്നിങ്ങനെ ഒരു ചെറിയ വീട് തന്നെ ഒപ്പം കരുതുന്നവരാണ് ട്രെയിനിൽ ദീർഘദൂര യാത്ര നടത്തുന്ന ഇന്ത്യക്കാരിൽ ഭൂരിഭാഗവും.
സമാനമായ രീതിയിൽ സ്വന്തമായി ഫാനുമായി ട്രെയിൻ യാത്രയ്ക്ക് എത്തിയ യാത്രക്കാരന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. അത്യാവശ്യം തിരക്കേറിയ കോച്ചിൽ യാത്ര ചെയ്യുന്ന ഇയാൾ ട്രെയിനിലെ ഇലക്ട്രിക് ബോർഡിൽ കുത്തി ഫാൻ ഓണാക്കി വച്ച് കാറ്റുകൊള്ളുന്നതും കാണാം. ഈ അപൂർവമായ കാഴ്ച സഹയാത്രികരുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെയാണ് അവരിൽ ചിലർ വീഡിയോ എടുത്ത് അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ട്രെയിൻ നമ്പർ 12420 ഗോമതി എക്സ്പ്രസ് ആണ് ഈ ട്രെയിൻ എന്നാണ് കരുതുന്നത്. 'ടെക്നോളജി മാൻ' എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. രണ്ടാഴ്ച മുൻപ് @abhishek_hindu_.5 എന്നയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം തന്നെ 1.7 ദശലക്ഷം ആളുകൾ കാണുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്. വീഡിയോയിൽ തനിക്കരികിൽ ടേബിൾ ഫാൻ വച്ച് കാറ്റും കൊണ്ട് വളരെ കൂളായിരിക്കുന്ന യാത്രക്കാരനെയും കാണാം. കൂടാതെ കമ്പാർട്ടുമെന്റിലെ ലഗേജ് സ്റ്റാൻഡിൽ ആളുകൾ അവരുടെ സ്വന്തം സീറ്റ് എന്നതുപോലെ ഇരിക്കുന്ന കാഴ്ചയും വീഡിയോയിൽ കാണാം.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിയാളുകൾ പ്രതികരിച്ചു. 'ഇന്ത്യൻ റെയിൽവേയിൽ മാത്രമേ ഇത്തരത്തിലുള്ള കാഴ്ചകൾ കാണാൻ കഴിയൂ' എന്നായിരുന്നു ചിലർ അഭിപ്രായപ്പെട്ടത്. ഇന്ത്യൻ റെയിൽവേ നമ്മുടെ സ്വന്തമാണെന്നും ചിലർ അഭിപ്രായപ്പെട്ടു