
മിഷിഗണിലെ സെൽഫോൺ സ്റ്റോറുകൾക്ക് ചുറ്റും പൈപ്പ് ബോംബുകൾ സ്ഥാപിച്ചുവെന്ന് ആരോപിച്ച് മിഷിഗണിൽ ഒരു 75-കാരന് നേരെ ഫെഡറല്‍ കുറ്റങ്ങള്‍ ചാര്‍ത്തിയിരിക്കുകയാണ്. പോണോഗ്രഫി ഇല്ലാതെയാക്കാനും അശ്ലീലപരമായ ആശയവിനിമയങ്ങൾ ഇല്ലാതെയാക്കാനുമാണ് താനത് ചെയ്തത് എന്നാണ് 75 -കാരന്‍റെ വിശദീകരണം.
എഫ്ബിഐ പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച, അലൻ എന്നയാൾ മിഷിഗണിലെ ചെബോയ്ഗനിലെ ഒരു വെരിസോൺ സ്റ്റോറിനു പുറത്തും, സോൾട്ട് സ്റ്റെയിലെ ഒരു എടി ആൻഡ് ടി എന്ന സ്റ്റോറിന് പുറത്തും വയറുകള്‍ പുറത്ത് കാണുന്ന തരത്തിലുള്ള ബോക്സുകള്‍ വച്ചു. FBI യുടെ സ്ഫോടനാത്മക യൂണിറ്റ് സ്ഥലത്ത് എത്തുകയും പരിശോധനയില്‍ അവ വീട്ടിൽ നിർമ്മിച്ച പൈപ്പ് ബോംബുകളാണെന്ന് കണ്ടെത്തുകയും ചെയ്തു. സ്റ്റോറുകൾക്ക് പുറത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍ അലന്‍ അവ സ്ഥാപിക്കുന്നത് കാണാം.
'എ ടി ആന്‍ഡ് ടി, വെറൈസൺ, മറ്റെല്ലാ കാരിയറുകളും' എന്ന് അഭിസംബോധന ചെയ്ത ഒരു ടൈപ്പ്റൈറ്റഡ് കത്തും അലന്‍ എഴുതിയിരുന്നു. അതില്‍, തങ്ങള്‍ 30 പേരുണ്ട് എന്നും ചില മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലായെങ്കില്‍ നഗരത്തിലെ ടവര്‍ കമ്മ്യൂണിക്കേഷനുകള്‍ നശിപ്പിക്കും എന്നും പറയുന്നു. അതിലെ ഒന്നാമത്തെ നിര്‍ദ്ദേശം ഇങ്ങനെയാണ്, 'അധാർമിക ഉള്ളടക്കം അടങ്ങിയ എല്ലാ ടെലികമ്മ്യൂണിക്കേഷനുകളും നിർത്തണം. അശ്ലീലസാഹിത്യത്തിന്റെ സംപ്രേഷണമുള്‍പ്പടെ എല്ലാത്തരം അശ്ലീല ആശയവിനിമയങ്ങളും ഇതിൽ ഉൾപ്പെടുന്നു. സോഫ്‌റ്റ്‌വെയർ എനിക്ക് വികസിപ്പിച്ചെടുക്കേണ്ടതിനാൽ, ഈ ആവശ്യം നിറവേറ്റുന്നതിന് നിങ്ങൾക്ക് ആറുമാസം സമയം നൽകിയിരിക്കുന്നു'.
സിഎംടി എന്ന പേരിലുള്ള സംഘമാണ് തങ്ങളെന്നും അതിലെ കാരിയർമാർക്ക് അഞ്ച് മില്യൺ ഡോളർ അയയ്ക്കാനുള്ള നിർദ്ദേശങ്ങൾ വരുന്നുണ്ടെന്നും കത്തില്‍ പറയുന്നു. ഒപ്പം അതിലെ അംഗങ്ങളിൽ ഒരാളെ അറസ്റ്റ് ചെയ്താൽ 'നിങ്ങളുടെ പ്രശ്നങ്ങൾ അതോടെ ആരംഭിക്കുമെന്നും' കത്തിൽ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍, സിഎംടി എന്നത് ഒരു സാങ്കൽപ്പിക സംഘടനയാണെന്ന് അലൻ സമ്മതിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. ഈ ബോംബുകളും ഭീഷണികളും കാരണം താൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് അലന് ഉറപ്പുണ്ടായിരുന്നു. അതിനാല്‍ തന്നെ അയാള്‍ അയാളെത്തന്നെ വിളിച്ചത് 'ഹാൻഡ്‌കഫ് ജോണി' എന്നാണ്.
ഫെഡറൽ പരാതി പ്രകാരം, ഉപകരണങ്ങൾക്ക് സ്ഫോടനമുണ്ടാക്കാനുള്ള ശേഷിയുണ്ടായിരുന്നു. അതിനകത്ത് ഗുരുതരമായി പരിക്കേല്‍പ്പിക്കാവുന്ന തരത്തിലുള്ള ലോഹങ്ങളും മറ്റുമുണ്ടായിരുന്നു. അതിനാല്‍ തന്നെ സ്ഫോടനം നടന്നിരുന്നുവെങ്കില്‍ വലിയ അപകടവും പരിക്കുകളും ഉണ്ടായിരുന്നേനെ എന്നും പറയുന്നു. അലന്‍റെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ നിന്നും അയാള്‍ ഒരു വിരമിച്ച അണ്ടര്‍ഗ്രൗണ്ട് മൈനറായിരുന്നു എന്നും കണ്ടെത്തുകയുണ്ടായി.
ഇതാദ്യമായിട്ടല്ല പോണോഗ്രഫിക്കെതിരെ ശക്തമായി വാദിക്കുന്നവര്‍ ഇത്തരം ഭീഷണികളുമായി വരുന്നത്. സ്വയംഭോഗ വിരുദ്ധ ഗ്രൂപ്പുകൾക്ക് പലപ്പോഴും ഫാസിസത്തിലും തീവ്രവാദത്തിലും വേരുകളുണ്ട് എന്നും പറയപ്പെടുന്നു. ഏപ്രിലിൽ, ഒരാള്‍ ഒരു പോൺഹബ് എക്സിക്യൂട്ടീവിന്റെ മന്ദിരം കത്തിച്ചതുള്‍പ്പടെ സംഭവങ്ങളുണ്ടായിരുന്നു.
സ്ഫോടനാത്മക വസ്തുക്കളുപയോഗിച്ച് കെട്ടിടത്തിന് നാശമുണ്ടാക്കാന്‍ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും അലനെതിരെ കുറ്റം ചുമത്തി. 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.