സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചു, പ്രതിയോട് ആറുമാസം സ്ത്രീകളുടെ വസ്ത്രങ്ങളലക്കി ഇസ്തിരിയിട്ട് നൽകൂവെന്ന് കോടതി

By Web TeamFirst Published Sep 25, 2021, 11:52 AM IST
Highlights

ഈ ജഡ്ജി മുൻപും ഇത്തരത്തിലുള്ള വിചിത്രമായ ശിക്ഷാരീതികളുടെ പേരിൽ പ്രസിദ്ധനാണ്. ഗ്രാമത്തിലെ ഒരു പൊതുസ്ഥലത്ത് അഞ്ച് ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണമെന്ന വ്യവസ്ഥയിൽ വധശ്രമത്തിന് കുറ്റം ചുമത്തിയ പ്രതിക്ക് ജഡ്ജി ജാമ്യം അനുവദിച്ചിരുന്നു. 

ബിഹാറിൽ ഒരു സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റവാളിയ്ക്ക് വിചിത്രമായ ശിക്ഷ നൽകി കോടതി (court). അയാൾക്ക് ജാമ്യം അനുവദിക്കണമെങ്കിൽ, ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ ആറ് മാസത്തേയ്ക്ക് സൗജന്യമായി അലക്കി ഇസ്തിരിയിടണമെന്ന് കോടതി വിധിച്ചു. മധുബാനി കോടതിയിലെ അഡീഷണൽ ആൻഡ് സെഷൻസ് ജഡ്ജി അവിനാഷ് കുമാറാണ് (Avinash Kumar) ഈ ആഴ്ച ആദ്യം ഉത്തരവ് ഇറക്കിയത്.  

ലൗകഹ ബസാറിലെ ലലൻ കുമാർ സഫിയെയാണ് ഒരു സ്ത്രീയെ പീഡിപ്പിച്ചെന്നാരോപിച്ച് ഏപ്രിൽ 18 -ന് അറസ്റ്റ് ചെയ്തത്. എന്നാൽ, അയാൾക്ക് കോടതി ജാമ്യം അനുവദിച്ചു. പക്ഷേ, 10,000 രൂപ കെട്ടിവെക്കാനും, അതിന് പുറമെ, ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ ആറ് മാസത്തേക്ക് സൗജന്യമായി അലക്കി ഇസ്തിരിയിടണമെന്നുമുള്ള വ്യവസ്ഥയിലായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. ഇത് കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കോടതി ഗ്രാമമുഖ്യനെയും ചുമതലപ്പെടുത്തി. 20 -കാരനായ പ്രതി ഒരു അലക്കുകാരനാണ്. 

വിചാരണവേളയിൽ, പ്രതിയ്ക്ക് വെറും 20 വയസ്സേയുള്ളുവെന്നും, മാപ്പ് നൽകണമെന്നും പ്രതിയുടെ അഭിഭാഷകർ  വാദിച്ചു. പ്രതി തന്റെ തൊഴിലിന്റെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് സമൂഹത്തെ സേവിക്കാൻ തയ്യാറാണെന്നും അഭിഭാഷകർ പറഞ്ഞു. അങ്ങനെയാണ് കോടതി അയാൾക്ക് ജാമ്യം അനുവദിച്ചത്. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കാനാണ് ഈ ശിക്ഷയെന്ന് കോടതി വ്യക്തമാക്കി.

ആറുമാസത്തെ സേവനത്തിനുശേഷം, ഗ്രാമമുഖ്യനോ അല്ലെങ്കിൽ തന്റെ സൗജന്യ സേവനം പറ്റിയ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥയോ നൽകുന്ന സർട്ടിഫിക്കറ്റ് പ്രതി കോടതിയിൽ ഹാജരാകണം. അതേസമയം, കേസിൽ കുറ്റപത്രം സമർപ്പിക്കുകയും പൊലീസ് അന്വേഷണം പൂർത്തിയാക്കുകയും ചെയ്തു. ഒത്തുതീർപ്പിനുള്ള അപേക്ഷയും ഇരുപക്ഷവും മുന്നോട്ട് വച്ചിട്ടുണ്ട്. 

ഈ ജഡ്ജി മുൻപും ഇത്തരത്തിലുള്ള വിചിത്രമായ ശിക്ഷാരീതികളുടെ പേരിൽ പ്രസിദ്ധനാണ്. ഗ്രാമത്തിലെ ഒരു പൊതുസ്ഥലത്ത് അഞ്ച് ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണമെന്ന വ്യവസ്ഥയിൽ വധശ്രമത്തിന് കുറ്റം ചുമത്തിയ പ്രതിക്ക് ജഡ്ജി ജാമ്യം അനുവദിച്ചിരുന്നു. അതുപോലെ 2021 ഓഗസ്റ്റ്, ലോക്ക്ഡൗൺ സമയത്ത് സ്കൂളുകൾ തുറന്നതിന് ഒരു അധ്യാപകനോട് ഗ്രാമത്തിലെ കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ അദ്ദേഹം ഉത്തരവിട്ടിരുന്നു.  

click me!