തെളിവ് നശിപ്പിക്കാൻ തീയിട്ടു, കത്തിനശിച്ചത് ഏക്കർ കണക്കിന് കാട്, കോടികളുടെ നഷ്ടം

By Web TeamFirst Published Jul 21, 2022, 3:20 PM IST
Highlights

ഒടുവിൽ കേസ് കോടതിയിൽ എത്തി. മോഷണത്തിന് ശേഷം കള്ളൻ ചെയ്ത വേല കാരണം ഏകദേശം 10.42 ചതുരശ്ര കിലോമീറ്ററിൽ തീ പടരുകയും കോടികളുടെ നഷ്ടമുണ്ടാക്കുകയും ചെയ്തതായി കോടതി വിലയിരുത്തി.

മോഷണം നടന്നതിന്റെ തെളിവുകൾ നശിപ്പിക്കാൻ മിക്ക കള്ളന്മാരും ശ്രദ്ധിക്കാറുണ്ട്. എന്നാൽ, ഓസ്‌ട്രേലിയയിൽ ഒരു കള്ളൻ തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ കട്ടെടുത്ത സാധനത്തിന്റെ വിലയേക്കാൾ കൂടുതൽ നാശനഷ്ടം വരുത്തിയത് ഇപ്പോൾ വാർത്തയാകുന്നു. അതും ചില്ലറ നാശനഷ്ടമൊന്നുമല്ല അയാൾ വരുത്തി വച്ചത്. ഇന്ധനം മോഷ്ടിച്ച അയാൾ അതിന്റെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഏകദേശം 1,000 ഹെക്ടറോളം കാടാണ് ചാമ്പലാക്കിയത്. കോടികളുടെ നാശം വരുത്തി വച്ച അയാളെ പൊലീസ് കൈയോടെ പൊക്കുകയും ചെയ്തു. ഇപ്പോൾ കോടതി അയാൾക്ക് ഒരു വർഷം തടവ് വിധിച്ചിരിക്കയാണ്.    

അമിതമായ ചൂട് കാരണം അല്ലാതെ തന്നെ ഓസ്‌ട്രേലിയയുടെ പലയിടത്തും കാട്ടുതീ ഒരു ആശങ്കയായി മാറുകയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി രാജ്യം അതിനെ നിയന്ത്രിക്കാൻ പാടുപെടുകയാണ്. അതിനിടയിലാണ് ഈ സംഭവം. മറ്റാരും കണ്ട് പിടിക്കാതിരിക്കാനാണ് അയാൾ ഇതെല്ലാം കാട്ടിക്കൂട്ടിയതെങ്കിലും, ഇതിപ്പോൾ അറിയാത്തവരായി ആരുമില്ലെന്ന അവസ്ഥയായി. ഓസ്‌ട്രേലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, ഈ സംഭവം 2019 -ലാണ് ഉണ്ടായത്. മോഷണം നടക്കുമ്പോൾ അയാൾക്ക് 17 വയസ്സായിരുന്നു. 

ഹാംഗിംഗ് റോക്കിന് സമീപം നിർത്തിയിട്ടിരുന്ന ഒരു മണ്ണുമാന്തി യന്ത്രത്തിൽ നിന്ന് ഒരു കള്ളൻ 200 ലിറ്റർ ഡീസൽ മോഷ്ടിച്ചു. അയാൾക്ക് ഒരു കൂട്ടാളിയുമുണ്ടായിരുന്നു. രണ്ടുപേരും എന്നാൽ സ്ഥലം വിടുന്നതിന് മുൻപ് അവിടെ ബാക്കിയുണ്ടായിരുന്നു ഇന്ധനം ഒരു സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് കത്തിച്ചു. തങ്ങളെ പൊലീസ് പിന്തുടരാതിരിക്കാനാണ് അവർ അത് ചെയ്തത്. എന്നാൽ തീ പതുക്കെ പടർന്ന് പിടിക്കുകയും, ടാംവർത്ത് മേഖലയിലെ ഹെക്ടർ കണക്കിന് വരുന്ന കുറ്റിക്കാടുകൾ കത്തി ചാമ്പലാക്കുകയും ചെയ്തു. ഇതോടെ കള്ളന്മാരുടെ മണ്ടത്തരം കൊണ്ട് വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.  തീപിടിത്തത്തിൽ 1.1 മുതൽ 1.7 മില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.  

ഒടുവിൽ കേസ് കോടതിയിൽ എത്തി. മോഷണത്തിന് ശേഷം കള്ളൻ ചെയ്ത വേല കാരണം ഏകദേശം 10.42 ചതുരശ്ര കിലോമീറ്ററിൽ തീ പടരുകയും കോടികളുടെ നഷ്ടമുണ്ടാക്കുകയും ചെയ്തതായി കോടതി വിലയിരുത്തി. എന്നാൽ പ്രതിഭാഗം അഭിഭാഷകനായ കിംബർലി നോർക്വയ്-ഇവാൻസ് ഇതിനെ ഖണ്ഡിച്ചു. "എന്റെ കക്ഷികൾ ഇത്രയേറെ നാശമുണ്ടാക്കി എന്ന കാര്യം ഞാൻ അംഗീകരിക്കുന്നു. പക്ഷേ, അത് അവർ മനഃപൂർവം ചെയ്തതല്ല. തെളിവ് നശിപ്പിക്കാൻ വേണ്ടി അവർ മോഷണം നടന്ന സൈറ്റിന് തീയിട്ടതാണ്. അതാണ് ഇത്ര വലിയ അപകടത്തിൽ കലാശിച്ചത്" അദ്ദേഹം വാദിച്ചു. എന്നാൽ കോടതി ഇതൊന്നും അംഗീകരിച്ച് കൊടുത്തില്ല. അയാൾ ചെയ്തത് തെറ്റ് തന്നെയാണെന്ന് കോടതി പറഞ്ഞു. മാത്രവുമല്ല, മോഷ്ടാവിന് 12 മാസം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇതോടൊപ്പം ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്ന് മജിസ്‌ട്രേറ്റ് മുന്നറിയിപ്പും നൽകി.

click me!