
മലേഷ്യ(Malaysia) ഇപ്പോൾ ദുരന്തമുഖത്താണ്. ദിവസങ്ങളോളം നീണ്ടുനിന്ന മഴയിൽ നദികൾ കരകവിഞ്ഞൊഴുകി. നഗരങ്ങൾ ചതുപ്പുനിലമായി. പതിനായിരക്കണക്കിന് ആളുകൾക്ക് വീടുകളിൽ നിന്ന് മാറി താമസിക്കേണ്ടി വന്നു. ഡസൻ കണക്കിന് ആളുകൾ മരണപ്പെട്ടു. കേടായ വീട്ടുപകരണങ്ങളും നനഞ്ഞ ഫർണിച്ചറുകളും തെരുവുകളിൽ കുന്നുകൂടി കിടക്കുകയാണ്. എന്നാൽ ഈ അവസരത്തിലും, ജനങ്ങൾക്ക് സർക്കാരിൽ നിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. അധികൃതരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥയാണ് ഇപ്പോൾ അവർ നേരിടുന്നത്. തങ്ങളുടെ പ്രധാനമന്ത്രി എവിടെയെന്നാണ് ആളുകൾ ചോദിക്കുന്നത്.
മലേഷ്യൻ പ്രധാനമന്ത്രി ഇസ്മായിൽ സാബ്രി യാക്കോബിന്റെ നിസ്സംഗതക്കെതിരെ വിമർശനങ്ങളുടെ പെരുമഴയാണ്. കുറേ വർഷങ്ങൾക്കിടയിൽ, രാജ്യം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇത്. എന്നാൽ, സർക്കാർ വളരെ സാവധാനത്തിലാണ് പ്രതികരിക്കുന്നതെന്നാണ് നിവാസികൾ ആരോപിക്കുന്നത്. ദുരിതക്കടലിൽ മുങ്ങിത്താഴ്ന്ന തങ്ങൾക്ക് സഹായം എവിടെയെന്ന് ജനങ്ങൾ ചോദിക്കുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ താമസക്കാരും സന്നദ്ധ പ്രവർത്തകരുമാണ് ഇപ്പോൾ ശുചീകരണ യജ്ഞത്തിന് നേതൃത്വം വഹിക്കുന്നത്. "എനിക്ക് വല്ലാത്ത ദേഷ്യമുണ്ട്. സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. ഞങ്ങളുടെ ജീവിതം പുനർനിർമ്മിക്കാൻ ഞങ്ങൾക്ക് പണം ആവശ്യമാണ്” സെലാംഗൂർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഷാ ആലമിലെ ഒരു താമസക്കാരി അസ്നിയതി ഇസ്മായിൽ പറഞ്ഞു. “എല്ലായിടത്തും ചെളി വന്ന് മൂടി, എല്ലാം നശിച്ചു” അവൾ കണ്ണീരോടെ പറഞ്ഞു. വെള്ളപ്പൊക്കത്തിന് ശേഷം പ്രദേശത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് രോഗഭീതിയും സൃഷ്ടിക്കുന്നു.
മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിനെ വലയം ചെയ്യുന്ന സെലാൻഗൂറിനെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. അവിടെ പലരും ദിവസങ്ങളോളം ഭക്ഷണമില്ലാതെ വീടുകളിൽ ഒറ്റപ്പെട്ടു കഴിയേണ്ട സാഹചര്യമുണ്ടായി. രക്ഷാപ്രവർത്തനത്തിൽ സർക്കാർ തീർത്തും പുറകിലാണെന്ന് ജനങ്ങൾ ആരോപിക്കുന്നു. ഏഴ് ദിവസം കഴിഞ്ഞിട്ടും പരിസരത്തെ മാലിന്യം വൃത്തിയാക്കാൻ രക്ഷാപ്രവർത്തകർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴും പലയിടത്തും വൈദ്യുതിയോ ഭക്ഷണമോ വെള്ളമോ ഇല്ല. പ്രധാനമന്ത്രിയും തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചപറ്റിയതായി സമ്മതിച്ചിരുന്നു. എന്നാൽ ഭാവിയിൽ രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കുമെന്നും, കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി.
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മൺസൂൺ കാലത്ത് മലേഷ്യയിൽ എല്ലാ വർഷവും വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. എന്നാൽ 2014 -ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മലേഷ്യയിലുടനീളം 48 പേർ മരിക്കുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ആഗോളതാപനമാണ് വെള്ളപ്പൊക്കത്തിന് കാരണമായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥാ വ്യതിയാനം അതിശക്തമായ മഴക്കും, വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത വർധിപ്പിച്ചു. വെള്ളപ്പൊക്കം തങ്ങളുടെ ജീവിതം നശിപ്പിച്ചുവെന്ന് പലരും വേവലാതിപ്പെടുമ്പോഴും, അവരെ വേണ്ടരീതിയിൽ പിന്തുണക്കാൻ സർക്കാരിന് കഴിയാതെ വരുന്നുവെന്നും ആക്ഷേപമുണ്ട്.