ബാറ്ററി അഴിച്ചുമാറ്റി, പകരം നായ, വായ മൂടിക്കെട്ടി, സൈക്കിളുമായി റോഡിലേക്ക്, ഉടമയ്ക്കെതിരെ വ്യാപക പ്രതിഷേധം

Published : Mar 25, 2026, 03:57 PM IST
Dog

Synopsis

ചൈനയിൽ ഒരു വയോധികൻ തന്റെ വളർത്തുനായയെ ഉപയോഗിച്ച് സൈക്കിൾ ഓടിച്ചത് വലിയ വിവാദമായിരിക്കയാണ്. നായയെ കെട്ടിയിട്ട് വടികൊണ്ട് അടിച്ചാണ് ഇയാള്‍ സൈക്കിളോടിച്ചത്. ഇയാളെ പൊലീസ് പിടികൂടിയെങ്കിലും താക്കീത് നൽകി വിട്ടയച്ചു. 

റോഡ് സുരക്ഷയെയും മൃഗങ്ങളോടുള്ള ക്രൂരതയെയും സംബന്ധിച്ച വലിയ ആശങ്കകൾ ഉയർത്തിക്കൊണ്ട് ചൈനയിൽ നിന്നുള്ള ഒരു വാർത്ത പുറത്തുവരികയാണിപ്പോൾ. തന്റെ വളർത്തുനായയെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന തരത്തിൽ രൂപമാറ്റം വരുത്തിയ സൈക്കിളിൽ യാത്ര ചെയ്ത വയോധികനാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇലക്ട്രിക് സൈക്കിളിലെ ബാറ്ററി പൂർണ്ണമായും നീക്കം ചെയ്ത ശേഷം സീറ്റിനടിയിൽ ഒരു 'ഗോൾഡൻ റിട്രീവർ' ഇനത്തിൽപ്പെട്ട നായയെ കെട്ടിയിട്ടാണ് ഇയാൾ വണ്ടി ഓടിച്ചിരുന്നത്. നായയുടെ വായ മൂടിക്കെട്ടിയിരുന്നു. സൈക്കിൾ ഓടിക്കുന്നതിനിടയിൽ തന്റെ കൈയിലുണ്ടായിരുന്ന വടികൊണ്ട് ഇയാൾ നായയെ അടിക്കുന്നുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പൊതുനിരത്തുകളിൽ നിയമവിരുദ്ധമായി മാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയുന്ന നിയമപ്രകാരം ട്രാഫിക് പോലീസ് ഇയാളെ പിടികൂടി. എന്നാൽ, പ്രതിയുടെ വാർദ്ധക്യസഹജമായ അവസ്ഥ പരിഗണിച്ച് താക്കീത് നൽകി വിട്ടയക്കുകയാണ് അധികൃതർ ചെയ്തത്. നായയ്ക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യത്തിലോ വ്യക്തിയുടെ ഐഡന്റിറ്റിയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഈ സംഭവം ചൈനയിലെ നിലവിലെ നിയമങ്ങളിലെ ചില ഗുരുതരമായ പോരായ്മകളിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നും ആരോപണമുയർന്നു. ചൈനയുടെ റോഡ് ട്രാഫിക് സുരക്ഷാ നിയമങ്ങളിൽ വളർത്തുമൃഗങ്ങളുമായി റോഡിലിറങ്ങുന്ന ഡ്രൈവർമാരെ നിയന്ത്രിക്കാൻ വ്യക്തമായ വ്യവസ്ഥകളില്ല. കൂടാതെ, വളർത്തുമൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനോ അവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനോ ആവശ്യമായ ശക്തമായ നിയമങ്ങൾ നിലവിൽ അവിടെ ലഭ്യമല്ല എന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്മൃ ഗങ്ങളോടുള്ള നല്ല പെരുമാറ്റം ഉറപ്പാക്കാനും അവയുടെ സുരക്ഷയ്ക്കായി കർശനമായ നിയമങ്ങൾ കൊണ്ടുവരാനും ഈ സംഭവം വലിയൊരു ഓർമ്മപ്പെടുത്തലാണെന്ന് മൃഗസംരക്ഷണ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു .

 

PREV
Read more Articles on
click me!

Recommended Stories

ഭക്ഷണം ഓർഡർ ചെയ്യുന്നത് നിർത്താം; സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീസ് 17.58 രൂപയായി ഉയർത്തി
അലി ലാരിജാനിയ്ക്ക് പിൻഗാമി; മുഹമ്മദ് ബാഗർ സോൾഗാദറിനെ സുരക്ഷാ മേധാവിയായി നിയമിച്ച് ഇറാൻ