
കുടിയേറ്റ വിരുദ്ധത ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ് അയർലന്‍ഡ്. തങ്ങൾക്ക് അവകാശപ്പെട്ട ജോലികൾ പുറത്ത് നിന്നുള്ളവർ തട്ടിയെടുക്കുന്നെന്നും അതിനാൽ തങ്ങൾക്ക് ജോലിയില്ലെന്നും ആരോപിച്ച് അയർലൻഡിലെ പുതുതലമുറക്കാർ കുടിയേറ്റക്കാർക്കെതിരെ ശാരീരികമായ അക്രമണം നടത്തുന്നതായി നിരവധി റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. ഇന്ത്യൻ വംശജർക്ക് നേരിയുള്ള അക്രമണങ്ങൾ അയർലൻഡിൽ കൂടുതലാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനിടെയാണ് വർഷങ്ങളായി യുഎസിൽ താമസിച്ചിട്ടും നേരിടാത്ത ഒരു ദുരനുഭവം അയർലൻഡിലെത്തിയതിന് പിന്നാലെയുണ്ടായിയെന്ന ഇന്ത്യക്കാരിയുടെ കുറിപ്പ് വൈറലായത്.
യുവതിയുടെ റെഡ്ഡിറ്റ് കുറിപ്പ് പ്രകാരം അവർക്ക് 28 വയസാണ്. വർഷങ്ങളോളം യുഎസിൽ താമസിച്ചിരുന്ന അവർ അടുത്തിടെയാണ് അയർലന്‍ഡിലേക്ക് ജോലി ആവശ്യത്തിനായെത്തിയത്. കമ്പനി ചാർട്ടേഡ് വിമാനത്തിലാണ് അവരെ അയർലൻഡിലെ ഡബ്ലിനിൽ എത്തിച്ചതെന്നും അവർ കുറിപ്പിൽ അവകാശപ്പെടുന്നു. ഐറിഷ് ജനതയുടെ വംശീയവെറിയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും തനിക്ക് അത്തരം മുൻ അനുഭവങ്ങളില്ലെന്നും എല്ലാവരും തന്നോട് വളരെ നന്നായാണ് ഇടപെട്ടിട്ടുള്ളതെന്നും യുവതി എഴുതുന്നു.
ഒരു ദിവസം പതിവ് പോലെ തന്‍റെ സ്വന്തം കാര്യങ്ങളെ കുറിച്ച് ആലോചിച്ച് ഓഫീസിൽ നിന്നും ഇറങ്ങുന്നതിനിടെ തൊട്ട് അടുത്ത് കൂടി നടന്ന് പോയ ഒരു യുവതി യാതൊരു പ്രകോപനവും ഇല്ലാതെ തന്നെ അടിച്ചു. പിന്നാലെ ഒന്നും സംഭവിക്കാത്തത് പോലെ കടന്ന് പോയി. ഈ സമയം അവിടെ ഉണ്ടായിരുന്നവരാരും അതൊരു കാര്യമായി എടുത്തില്ലെന്നും അവർ എഴുതുന്നു. ഇത്തരം സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുന്ന അവർ തനിക്ക് യുഎസിൽ നിന്നും ഇത്തരമൊരു അനുഭവം ഒരിക്കൽ പോലും ഉണ്ടായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. തന്നെ അടിച്ച യുവതി ഇപ്പോൾ അനുഭവിക്കുന്ന സമ്മർദ്ദത്തിൽ നിന്നും പുറത്ത് വരട്ടെയെന്നും അവൾക്ക് ആശംസകൾ നേരുന്നുവെന്നു എഴുതിയ യുവതി തനിക്ക് നേരിട്ട സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും കുറിച്ചു.
സംഭവത്തെ കുറിച്ച് പോലീസിൽ പരാതി നൽകണമെന്ന് നിരവധി പേരാണ് യുവതിയോട് ആവശ്യപ്പെട്ടത്. പരാതിപ്പെടുമ്പോൾ സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കൂടി വയ്ക്കണമെന്നും അത് കേസിന് ബലം കൂട്ടുമെന്നും മറ്റ് ചിലരെഴുതി. ഡബ്ലിൻ, കോർക്ക് പോലുള്ള വലിയ നഗരങ്ങളിൽ വംശീയവാദികൾ ജനസംഖ്യയുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും കൂടുതൽ പേരും വൈവിധ്യം ആഗ്രഹിക്കുന്നവരാണെന്നും സംഭവിച്ചത് നിർഭാഗ്യകരമാണെന്നും മറ്റ് ചിലരെഴുതി. ഐറിഷ് ജനതയ്ക്ക് പഴയ സഹിഷ്ണുത ഇപ്പോൾ ഇല്ലെന്നും ഇപ്പോൾ വംശീയ അകലം പാലിക്കുന്നവരായി ഐറിഷ് ജനത മാറിയെന്നും മറ്റൊരാൾ കുറിച്ചു.