ഫുഡ് അലവൻസ് കൊണ്ട് സെക്യൂരിറ്റി ​ഗാർഡുകൾക്ക് ദിവസവും പിസ്സ വാങ്ങി നൽകി ജീവനക്കാരൻ, സംശയവുമായി നെറ്റിസൺസ്

Published : Sep 13, 2026, 04:46 PM IST
man uses his food allowance to feed security guards

Synopsis

പ്രതിദിനം 7,000 രൂപ ഫുഡ് അലവൻസ് ലഭിക്കുന്ന കൺസൾട്ടൻ്റ് ഈ തുക ഉപയോഗിച്ച് സ്വയം പിസ്സ വാങ്ങി കഴിക്കുന്നതിന് പകരം സെക്യൂരിറ്റി ഗാർഡുകൾക്കും പിസ്സ വാങ്ങി നല്‍കുകയാണ്.

തനിക്ക് ലഭിക്കുന്ന ഫുഡ് അലവൻസ് കൊണ്ട് സൊസൈറ്റിയിലെ സെക്യൂരിറ്റി ​ഗാർഡുകൾക്ക് പിസ്സ വാങ്ങി നൽകി ബിഗ് ഫോർ കമ്പനികളിലൊന്നിലെ ജീവനക്കാരൻ. ഇതേക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഡോക്ടറാണ് എക്സിൽ (ട്വിറ്റർ) ഇതേക്കുറിച്ച് എഴുതിയിരിക്കുന്നത്. അലവൻസ് ഇങ്ങനെയൊരു കാര്യത്തിനായി ഉപയോഗിക്കുന്നതിനെ പ്രശംസിച്ചും, അതേസമയം ഇതിൻ്റെ പ്രായോഗികതയെ ചോദ്യം ചെയ്തും നിരവധി പേരാണ് രംഗത്തെത്തിയത്. ഡോ. നിനേഷ് നോൽഖ പങ്കുവെച്ച കുറിപ്പനുസരിച്ച്, പ്രതിദിനം 7,000 രൂപ ഫുഡ് അലവൻസ് ലഭിക്കുന്ന കൺസൾട്ടൻ്റ് ഈ തുക ഉപയോഗിച്ച് സ്വയം പിസ്സ വാങ്ങി കഴിക്കുന്നതിന് പകരം സെക്യൂരിറ്റി ഗാർഡുകൾക്കും പിസ്സ വാങ്ങി നല്‍കുകയാണ്. 'കോർപ്പറേറ്റ് ഫുഡ് അലവൻസിനെ അദ്ദേഹം ഒരു സൊസൈറ്റി വെൽഫെയർ സ്കീമാക്കി മാറ്റുകയാണ്' എന്നാണ് ഡോക്ടർ എക്സിൽ കുറിച്ചത്.

മറ്റുള്ളവരെ സഹായിക്കുന്ന യുവാവിന്റെ മനസ്ഥിതിയെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'സ്വന്തം കാര്യങ്ങൾക്കപ്പുറം ചിന്തിക്കുന്ന ഇത്തരം മനുഷ്യർ അനുഗ്രഹീതരാണ്' എന്നാണ് ഒരാൾ കുറിച്ചത്. മറ്റുള്ളവരുടെ വിശപ്പകറ്റാൻ പണം വിനിയോഗിക്കുക എന്നത് വലിയ കാര്യമാണ് എന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു.

എന്നാൽ, വലിയ തുകയുള്ള ഈ അലവൻസ് ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിയുമോ എന്ന് സംശയം പ്രകടിപ്പിച്ചവരും കുറവല്ല. ക്ലയന്റുകളെയും സന്ദർശകരെയും സൽക്കരിക്കാനാണ് ഇത്തരം അലവൻസുകൾ നൽകുന്നതെന്നും, ഇത് സ്വന്തം ആവശ്യങ്ങൾക്ക് മാത്രമായി ഉള്ളതല്ല എന്നും ചിലർ ചൂണ്ടിക്കാണിച്ചു. ദിവസേന വീട്ടുവിലാസത്തിൽ പിസ്സ ഓർഡർ ചെയ്യുന്നത് കമ്പനി ഓഡിറ്റിൽ വിശദീകരിക്കാൻ പ്രയാസമായിരിക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു.

കൂടാതെ, ഇത് യഥാർത്ഥത്തിൽ ടാക്സ് ലാഭിക്കുന്നതിനായുള്ള സൊഡോക്സോ പോലെയുള്ള ഫൂഡ് കൂപ്പണുകളോ കമ്പനിയുടെ സാലറി സ്ട്രക്ചറോ ആകാം എന്നും ചിലർ അഭിപ്രായപ്പെട്ടു. തങ്ങൾ ബിഗ് ഫോർ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ടെന്നും ഇത്രയും വലിയ തുക വെറും ഫുഡ് അലവൻസായി നൽകാറില്ലെന്നും, ക്ലയന്റ് മീറ്റിംഗുകൾക്കായി നൽകുന്ന കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡുകൾ കർശനമായ ഓഡിറ്റിംഗിന് വിധേയമാണെന്നും മറ്റു ചിലർ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ഗംഗ ശുചീകരിക്കാൻ ജീവൻ പണയംവെച്ച് 21 -കാരൻ; 20,000 കോടിയുടെ നമാമി ഗംഗേ പദ്ധതി എവിടെയെന്ന് സോഷ്യൽ മീഡിയ
വിവാഹിതൻ പക്ഷേ കുട്ടികളില്ല, പരിശോധനയിൽ യുവാവിന്‍റെ ശരീരത്തിൽ കണ്ടെത്തിയത് ഗർഭപാത്രം; അപൂർവ രോഗാവസ്ഥ!