വിവാഹിതൻ പക്ഷേ കുട്ടികളില്ല, പരിശോധനയിൽ യുവാവിന്‍റെ ശരീരത്തിൽ കണ്ടെത്തിയത് ഗർഭപാത്രം; അപൂർവ രോഗാവസ്ഥ!

Published : Sep 12, 2026, 08:53 PM IST
Medical Examin

Synopsis

വന്ധ്യത സംബന്ധമായ പരിശോധനയ്ക്ക് വിധേയനായ 24-കാരനിൽ ഗർഭപാത്രവും സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളുടെ ഭാഗങ്ങളും കണ്ടെത്തി. പെർസിസ്റ്റന്റ് മ്യുള്ളേറിയൻ ഡക്റ്റ് സിൻഡ്രോം (PMDS) എന്ന അപൂർവ ജനിതക അവസ്ഥയാണ് ഇതിന് കാരണമെന്ന് ഡോക്ടർമാർ പറയുന്നു. പലപ്പോഴും ലക്ഷണങ്ങളില്ലാത്തതിനാൽ ഇത്തരം അവസ്ഥകൾ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്.

ന്ധ്യത സംബന്ധമായ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ 24 -കാരനിൽ അപൂർവ ജനിതക - ശാരീരിക അവസ്ഥ കണ്ടെത്തിയത് ഡോക്ടർമാരെ പോലും അമ്പരപ്പിച്ചു. പുരുഷനായി വളർന്ന യുവാവിന്‍റെ ശരീരത്തിനുള്ളിൽ ഗർഭപാത്രവും സ്ത്രീകളിൽ കാണപ്പെടുന്ന മറ്റ് പ്രത്യുത്പാദന അവയവങ്ങളുടെ ചില ഭാഗങ്ങളും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. അസാധാരണമായ ഈ സംഭവം മെഡിക്കൽ രംഗത്ത് വീണ്ടും ചർച്ചയാകുകയാണ്.

യുവാവിൽ കണ്ടെത്തിയത് ഗർഭപാത്രം!

വിവാഹിതനായ ദില്ലി സ്വദേശിയായ യുവാവ് ഏറെക്കാലമായി കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. പ്രാഥമിക പരിശോധനകളിൽ പ്രതീക്ഷിച്ചതിൽനിന്ന് വ്യത്യസ്തമായ ശരീരഘടന കണ്ടെത്തിയതോടെയാണ് കൂടുതൽ പരിശോധനകൾ നടത്തിയത്. തുടർന്ന് അൾട്രാസൗണ്ട് ഉൾപ്പെടെയുള്ള പരിശോധനകളിലാണ് വയറിനുള്ളിൽ ഗർഭപാത്രത്തിന് സമാനമായ അവയവം കണ്ടെത്തിയത്. എന്നാൽ, ഈ അസാധാരണ അവസ്ഥയെ സൂചിപ്പിക്കുന്ന പ്രകടമായ ലക്ഷണങ്ങളൊന്നും യുവാവിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച രാജൗരി ഗാർഡനിലെ ആർജി ഹോസ്പിറ്റൽസ് ചീഫ് യൂറോളജിസ്റ്റ് ഡോ. സുശീൽ ഖർബന്ദ പറയുന്നു.

അസാധാരണ രോഗാവസ്ഥ

ഡോക്ടർമാരുടെ വിശദീകരണമനുസരിച്ച്, പെർസിസ്റ്റന്റ് മ്യുള്ളേറിയൻ ഡക്റ്റ് സിൻഡ്രോം (PMDS) എന്ന അപൂർവ ജനിതക അവസ്ഥയുമായി ഇത് ബന്ധപ്പെട്ടിരിക്കാമെന്ന് ഡോക്ടർമാർ പറയുന്നു. സാധാരണയായി പുരുഷ ഭ്രൂണവികാസത്തിനിടെ മ്യുള്ളേറിയൻ ഡക്റ്റ് എന്നറിയപ്പെടുന്ന ഘടനകൾ പിന്നീട് അപ്രത്യക്ഷമാകേണ്ടതാണ്. എന്നാൽ, ചില ജനിതക വ്യതിയാനങ്ങൾ കാരണം അവ ശരീരത്തിൽ തുടരുകയും ഗർഭപാത്രം, ഫലോപ്യൻ ട്യൂബുകൾ തുടങ്ങിയ ഘടനകൾ രൂപപ്പെടുകയും ചെയ്യുന്ന അത്യപൂർവ്വമായ ഒരവസ്ഥയാണിത്.

തിരിച്ചറിയാനുള്ള സാധ്യത കുറവ്

ഇത്തരം അവസ്ഥയുള്ളവരിൽ പുരുഷ ജനനാവയവങ്ങളോടൊപ്പം സ്ത്രീകളുടെ പ്രത്യുത്പാദന ഘടനകളുടെ ഭാഗങ്ങളും ഒരേ ശരീരത്തിൽ കാണപ്പെടാം. പലപ്പോഴും രോഗലക്ഷണങ്ങളില്ലാത്തതിനാൽ വർഷങ്ങളോളം ഇത് തിരിച്ചറിയപ്പെടാതെ പോകാനും സാധ്യതയുണ്ട്. വന്ധ്യത, വൃഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഹെർണിയ തുടങ്ങിയ കാരണങ്ങളാൽ നടത്തുന്ന പരിശോധനകളിലാണ് പലപ്പോഴും ഇത്തരം കേസുകൾ കണ്ടെത്തുന്നത്. ശരീരത്തിനുള്ളിൽ ഗർഭപാത്രം കണ്ടെത്തിയെന്നത് മാത്രം കൊണ്ട് വ്യക്തിയുടെ ലിംഗപരമായ തിരിച്ചറിയലിനെക്കുറിച്ച് നിഗമനത്തിലെത്താനാകില്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. കൂടുതൽ പരിശോധനകളിലൂടെയാണ് കൃത്യമായ രോഗാവസ്ഥയും ചികിത്സാ ആവശ്യകതകളും നിർണയിക്കുന്നത്. അപൂർവ ജനിതക അവസ്ഥകൾ നേരത്തേ കണ്ടെത്തുന്നതിന്‍റെയും വിദഗ്ധ മെഡിക്കൽ വിലയിരുത്തലിന്‍റെയും പ്രാധാന്യമാണ് സംഭവം ചൂണ്ടിക്കാട്ടുന്നത്.

PREV
Read more Articles on
click me!

Recommended Stories

വൈദ്യുതി മുടങ്ങി, പിന്നാലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ജോലിയിൽ നിന്നും പിരിച്ച് വിട്ട് കമ്പനി, കുറിപ്പ് വൈറൽ
സർവകലാശാല വൈസ് പ്രിൻസിപ്പലായ അച്ഛനും ശിഷ്യയും തമ്മിൽ രഹസ്യബന്ധം; 86 പേജിന്‍റെ റിപ്പോർട്ട് പുറത്ത് വിട്ട് പെൺമക്കൾ, ചൈനയിൽ വിവാദം