ഗംഗ ശുചീകരിക്കാൻ ജീവൻ പണയംവെച്ച് 21 -കാരൻ; 20,000 കോടിയുടെ നമാമി ഗംഗേ പദ്ധതി എവിടെയെന്ന് സോഷ്യൽ മീഡിയ

Published : Sep 13, 2026, 11:02 AM IST
Ganga cleaning

Synopsis

പ്രയാഗ്‌രാജ് സ്വദേശിയായ 21-കാരൻ ശിവം കുമാർ ഗംഗാ നദി മാലിന്യമുക്തമാക്കാൻ ഒറ്റയ്ക്ക് പോരാടുകയാണ്. സാമ്പത്തിക പ്രതിസന്ധികളും അപകടങ്ങളും അവഗണിച്ച് ദിവസവും നദിയിലിറങ്ങി മാലിന്യം നീക്കം ചെയ്യുന്ന ഇദ്ദേഹത്തിന്റെ പ്രവർത്തനം, കോടികൾ ചെലവഴിക്കുന്ന 'നമാമി ഗംഗേ' പദ്ധതിയുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യുന്നു.

ഗംഗാ നദിയെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സ്വന്തം ജീവിതം തന്നെ ഇതിനായി സമർപ്പിച്ച് ഉത്തർപ്രദേശിലെ 21 -കാരൻ. പ്രയാഗ്‌രാജ് സ്വദേശിയായ ശിവം കുമാറാണ് ദിവസവും നദിയിലിറങ്ങി മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും തന്‍റെ ദൗത്യം തുടരുന്ന ശിവത്തിന്‍റെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാണ് നേടുന്നത്.

ഗംഗാ നദി ശുചീകരിക്കാൻ ഒറ്റയ്ക്ക്

കഴിഞ്ഞ വർഷം മുതലാണ് ശിവം ഗംഗാ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായത്. നദിക്കരയിലും വെള്ളത്തിലുമിറങ്ങി മണിക്കൂറുകളോളം മാലിന്യം ശേഖരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അദ്ദേഹം തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾക്കൊപ്പം പൊട്ടിയ ഗ്ലാസ് കുപ്പികൾ, കാർഡ്ബോർഡ്, ഉപേക്ഷിച്ച വസ്ത്രങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവയും നദിയിൽ നിന്ന് നീക്കം ചെയ്യുന്നതായി വീഡിയോകളിൽ കാണാം. എന്നാൽ ഈ ശുചീകരണ ദൗത്യം അത്ര എളുപ്പമല്ല. പൊട്ടിയ ചില്ലുകൾ നിറഞ്ഞ പ്രദേശങ്ങളിലൂടെ പലപ്പോഴും ചെരിപ്പ് മാത്രം ധരിച്ച് അദ്ദേഹത്തിന് നടക്കേണ്ടിവരുന്നു. ഇതിനുപുറമെ നദിക്കരയിൽ ജോലി ചെയ്യുന്നതിനിടെ വിഷമുള്ള ജലപാമ്പുകളെയും അദ്ദേഹത്തിന് നേരിടേണ്ടിവരുന്നു. ഇത്രയും അപകട സാധ്യതകൾക്കിടയിലും ശിവം തന്‍റെ പ്രവർത്തനം നിർത്തിയിട്ടില്ല.

ജീവിക്കാനും പണം കണ്ടെത്തണം

ഗംഗയെ ശുചീകരിക്കുന്നതിനൊപ്പം സ്വന്തം ജീവിതച്ചെലവുകൾ കണ്ടെത്താനും ശിവം ശ്രമിക്കുന്നു. ജോലിക്കായി കടകളിൽ കയറിയിറങ്ങുന്ന ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തന്‍റെ വരുമാനത്തിന്‍റെ ഒരു ഭാഗം ഗംഗാ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് ആഗ്രഹമെന്നും ശിവം വ്യക്തമാക്കുന്നു. ശിവത്തിന്‍റെ പ്രവർത്തനങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. വീഡിയോയ്ക്ക് താഴെ ഗംഗയിലേക്ക് മാലിന്യം വലിച്ചെറിയുന്നവരെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് പ്രതികരിച്ചത്. നദി വൃത്തിയാക്കാനുള്ള ഉത്തരവാദിത്വം ഒരാളിൽ മാത്രം ഒതുങ്ങാതെ സമൂഹം ഒന്നാകെ ഏറ്റെടുക്കണമെന്നും ചിലർ കുറിച്ചു.

20,000 കോടിയുടെ നമാമി ഗംഗേ പദ്ധതി

2014 -ൽ ആദ്യ നരേന്ദ്രമോദി സർക്കാറിന്‍റെ കാലത്താണ് ഗംഗാ നദി ശുചീകരിക്കാനായി നമാമി ഗംഗേ പദ്ധതി (Namami Gange Programme) ആരംഭിക്കുന്നത്. ഇതിനായി കേന്ദ്ര സർക്കാർ നീക്കിവച്ചത് 20,000 കോടി രൂപയായിരുന്നു. ഗംഗാ നദിയിലേക്ക് ഒഴുക്കുന്ന വ്യാവസായ മാലിന്യങ്ങൾ അടങ്ങിയ മലിനജലം ശുദ്ധീകരിക്കുന്നത് മുതൽ നദീ ഉപരിതല ശുചീകരണവും തീരവികസനവും ഘാട്ടുകളുടെ നവീകരണവും ജൈവ വൈവിധ്യ സംരക്ഷണവും വനവത്ക്കരണവും അടക്കം വിവിധ പദ്ധതികളാണ് കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിൽ അവലംബിച്ചത്. ഇതിനായി അഞ്ചുതല ഭരണസംവിധാനം വരെ രൂപീകരിക്കപ്പെട്ടു. നമാമി ഗംഗേ പദ്ധതിക്ക് കീഴിൽ ആകെ 524 പ്രോജക്ടുകളിൽ 68 ശതമാനം (355 പ്രോജക്ടുകൾ) പദ്ധതികളും വിജയകരമായി പൂർത്തിയാക്കിയെന്നും നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ (NMCG) വഴി ഇതുവരെ 21,340 കോടി രൂപ വിവിധ ഏജൻസികൾക്കായി വിതരണം ചെയ്തിട്ടുണ്ടെന്നും ഇതിൽ 16,025 കോടി രൂപ മലിനജല സംസ്‌കരണ പ്ലാന്‍റുകൾക്ക് ചെലവഴിച്ചെന്നും കണക്കുകൾ പറയുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടം 2026 മാർച്ച് വരെ നീട്ടിയിട്ടുണ്ടെങ്കിലും പദ്ധതി പ്രഖ്യാപിക്കപ്പെട്ട് ഒരു വ്യാഴവട്ടം കഴിയുമ്പോഴും ഗംഗാ നദി കൂടുതൽ മലിനമായി ഒഴുകുന്നെന്നാണ് ശിവം കുമാറിന്‍റെ അനുഭവം തെളിയിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

വിവാഹിതൻ പക്ഷേ കുട്ടികളില്ല, പരിശോധനയിൽ യുവാവിന്‍റെ ശരീരത്തിൽ കണ്ടെത്തിയത് ഗർഭപാത്രം; അപൂർവ രോഗാവസ്ഥ!
വൈദ്യുതി മുടങ്ങി, പിന്നാലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ജോലിയിൽ നിന്നും പിരിച്ച് വിട്ട് കമ്പനി, കുറിപ്പ് വൈറൽ