Bwa Sahraoui : കുഞ്ഞുറയാനെ രക്ഷിക്കാൻ വെറും കൈകൊണ്ട് മണ്ണ് കുഴിച്ച തൊഴിലാളി! പക്ഷേ, റയാന്‍ യാത്രയായി

Published : Feb 08, 2022, 03:38 PM ISTUpdated : Feb 08, 2022, 03:39 PM IST
Bwa Sahraoui : കുഞ്ഞുറയാനെ രക്ഷിക്കാൻ വെറും കൈകൊണ്ട് മണ്ണ് കുഴിച്ച തൊഴിലാളി! പക്ഷേ, റയാന്‍ യാത്രയായി

Synopsis

ബാലനെ രക്ഷിക്കാമെന്ന പ്രതീക്ഷയിൽ തന്റെ നഗ്നമായ കൈകൾ ഉപയോഗിച്ച് മൂന്ന് ദിവസമാണ് അദ്ദേഹം ഭ്രാന്തമായി അവിടെ കുഴിച്ചുകൊണ്ടിരുന്നത്. റയാനെ പുറത്തെടുക്കാൻ ഓരോ ദിവസവും 20 മണിക്കൂറിലധികം അദ്ദേഹം വിശ്രമമില്ലാതെ കുഴിച്ചു കൊണ്ടിരുന്നു.

മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസ്സുകാരൻ ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട് വിട വാങ്ങിയത് കഴിഞ്ഞ ദിവസമാണ്. അഞ്ച് ദിവസത്തെ ശ്രമങ്ങൾക്കൊടുവിലാണ് കിണറിനകത്ത് നിന്ന് കുഞ്ഞിനെ പുറത്തെടുക്കാനായത്. പക്ഷേ, അപ്പോഴേക്കും ആ കുരുന്ന് തന്റെ ജീവൻ വെടിഞ്ഞിരുന്നു. എന്നാൽ, ഇതിനിടയിൽ കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിച്ച ഒരു തൊഴിലാളി ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുകയാണ്. ബാലനെ രക്ഷിക്കാനുള്ള ശ്രമത്തിൽ മൂന്ന് ദിവസം വെറും കൈകൊണ്ടാണ് അദ്ദേഹം മണ്ണ് കുഴിച്ചത്. അദ്ദേഹത്തിന്റെ ഈ പ്രയത്നത്തെ ആളുകൾ സ്നേഹത്തോടെ അഭിനന്ദിക്കുന്നു.  

ചൊവ്വാഴ്ച വൈകുന്നേരമാണ് വടക്കൻ മൊറോക്കോയിലെ തന്റെ വീടിന് പുറത്തുള്ള 105 അടിയോളം താഴ്ചയുള്ള കിണറ്റിൽ റയാൻ അവ്‌റാം(Rayan Awram) വീണത്. കിണറ്റിന്റെ മുകൾഭാഗത്തെ വ്യാസം 45 സെന്റിമീറ്ററാണ്. കിണറിൽ കുടുങ്ങിയ അവനെ പുറത്തെടുക്കാൻ നടത്തിയ രക്ഷാപ്രവർത്തനം ലോകശ്രദ്ധ നേടിയിരുന്നു. ഭക്ഷണവും വെള്ളവും ഓക്‌സിജനും ട്യൂബ് വഴി കൊടുത്ത് കുട്ടിയുടെ ജീവൻ നിലനിർത്താൻ ഇവർ ശ്രമിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി, കിണറ്റിനോട് ചേർന്നുള്ള കുന്നിലേക്ക് ഒരു വലിയ കിടങ്ങ് കുഴിച്ചു. പിന്നീട് അവർ, കിണറ്റിന് സമാന്തരമായി കുഴിക്കുകയും മണ്ണിടിച്ചിലിൽ നിന്ന് സംരക്ഷിക്കാനും കുട്ടിയെ പുറത്തെടുക്കാനും പിവിസി ട്യൂബുകൾ സ്ഥാപിക്കുകയും ചെയ്തു.

ലോകത്തെ പിടിച്ചുകുലുക്കിയ ആ തിരച്ചിലിന്റെ അന്ത്യം എന്നാൽ ദാരുണമായിരുന്നു. ശനിയാഴ്ച മാത്രമാണ് അവനെ പുറത്തെടുക്കാൻ കഴിഞ്ഞത്. എന്നാൽ, അപ്പോഴേക്കും വളരെ വൈകിയിരുന്നു. നാല് ദിവസത്തോളം 100 അടിയിലധികം താഴ്ചയിൽ മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന അവനെ ആർക്കും രക്ഷിക്കാനായില്ല. എല്ലാവരുടെയും ശ്രമങ്ങൾ വിഫലമായി. അവന്റെ മരണത്തിൽ നാടുമുഴുവൻ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. കൂടാതെ, മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമനും റയാന്റെ മരണത്തിൽ അനുശോചിക്കുകയുമുണ്ടായി. തങ്ങളുടെ അനുശോചനം പങ്കുവെക്കുമ്പോൾ, രക്ഷാപ്രവർത്തനത്തോടുള്ള പ്രതിബദ്ധത കാട്ടിയ ബ്വാ സഹ്‌റീഹ്(Bwa Sahraoui) എന്ന തൊഴിലാളിയെ പലരും അഭിനന്ദിച്ചു. ബാലനെ രക്ഷിക്കാമെന്ന പ്രതീക്ഷയിൽ തന്റെ നഗ്നമായ കൈകൾ ഉപയോഗിച്ച് മൂന്ന് ദിവസമാണ് അദ്ദേഹം ഭ്രാന്തമായി അവിടെ കുഴിച്ചുകൊണ്ടിരുന്നത്. റയാനെ പുറത്തെടുക്കാൻ ഓരോ ദിവസവും 20 മണിക്കൂറിലധികം അദ്ദേഹം വിശ്രമമില്ലാതെ കുഴിച്ചു കൊണ്ടിരുന്നു. അദ്ദേഹം കുഴിയെടുക്കുന്നതിന്റെ ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.  

“അവിശ്വസനീയം. എല്ലാ നായകന്മാരും തൊപ്പി ധരിക്കാറില്ല", "ഈ മാന്യനോട് വലിയ ബഹുമാനം തോന്നുന്നു: സ്വന്തം ജീവൻ പണയപ്പെടുത്തി കൊച്ചു റയാന്റെ ജീവൻ രക്ഷിക്കാൻ മൂന്നു ദിവസം കൈകൊണ്ട് കുഴിച്ച ബ്വാ സഹ്‌റീഹ്" "ധീരനായ സഹ്‌റീഹ് ബ്വയ്ക്ക് അഭിനന്ദനങ്ങൾ" എന്നിങ്ങനെ പലരും അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. മേലാകെ പൊടിയും ചെളിയും പുരണ്ട്, ക്ഷീണിതനായി കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന അദ്ദേഹത്തിന്റെ ഒരു ചിത്രവും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. 
 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!