അൽഷിമേഴ്സ് ബാധിച്ചു, ഭാര്യയുമായി വീണ്ടും പ്രണയത്തിലായി, ഭാര്യയെ തന്നെ വിവാഹം ചെയ്ത് 56 -കാരൻ

By Web TeamFirst Published Jun 27, 2021, 10:31 AM IST
Highlights

2012 ഡിസംബര്‍ 12 -നാണ്... അവര്‍ ടിവി കണ്ടുകൊണ്ടിരിക്കെ അതിലൊരു വിവാഹരംഗം വന്നു. അതിലെ പെണ്‍കുട്ടി വിവാഹവേളയില്‍ സന്തോഷം കൊണ്ട് കരയുന്നതായിരുന്നു രംഗം. പീറ്റര്‍ അത് കാണുകയും ലിസയോട് 'നമുക്കും ഇങ്ങനെ വിവാഹം കഴിക്കാം' എന്ന് പറയുകയുമായിരുന്നു. 

കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ്, ഒരു ദിവസം വൈകുന്നേരം പീറ്ററും ലിസ മാര്‍ഷലും ചേര്‍ന്നിരുന്ന് അവരുടെ പ്രിയപ്പെട്ട ടെലിവിഷന്‍ ഷോ കാണുകയാണ്. ആ സമയം പീറ്റര്‍, ലിസയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി എന്നിട്ടവളോട് ചോദിച്ചു, 'നീയെന്നെ വിവാഹം കഴിക്കുമോ?' 

പീറ്ററിന് 56 വയസാണ്. പീറ്ററിന്‍റെ ഭാര്യയാണ് ലിസ. എന്നാല്‍, അവള്‍ തന്‍റെ ഭാര്യയാണ് എന്ന കാര്യം പീറ്റര്‍ പാടേ മറന്നിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് പീറ്ററിന് അൽഷിമേഴ്സ് ആണ് എന്ന് തിരിച്ചറിഞ്ഞത്. അദ്ദേഹം പയ്യെപ്പയ്യെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും മറന്നു തുടങ്ങി. അങ്ങനെയാണ് ലിസയുമായി അദ്ദേഹം വീണ്ടും പ്രണയത്തിലാവുന്നത്. അവര്‍ നേരത്തെ കണ്ടിരുന്നു എന്നോ, എന്നാണ് ആദ്യമായി അവര്‍ കൈകോര്‍ത്ത് പടിച്ചതെന്നോ, ആദ്യമായി ചുംബിച്ചതെന്നാണെന്നോ ഒന്നും തന്നെ പീറ്ററിന് ഓര്‍മ്മയില്ലായിരുന്നു. 

'വിവാഹം കഴിക്കാമോ എന്ന ഭര്‍ത്താവിന്‍റെ ചോദ്യം ഹൃദയം തകര്‍ക്കുന്നതായിരുന്നു' എന്നാണ് 54 -കാരിയായ ലിസ പറഞ്ഞത്. 'നമ്മള്‍ പുതിയ പുതിയ ഓര്‍മ്മകളും നിമിഷങ്ങളുമുണ്ടാക്കി. എന്നാല്‍, ആദ്യത്തെ ആ ഒറ്റനിമിഷം മറന്നുവെന്നത് വേദനാജനകമാണ്' എന്നും ലിസ പറയുന്നു. 

12 വര്‍ഷമായി പീറ്ററിന്‍റെയും ലിസയുടെയും വിവാഹം കഴിഞ്ഞിട്ട്. പെനിസില്‍വാനിയയിലെ ഹാരിസ്ബര്‍ഗില്‍ അയല്‍ക്കാരായിരിക്കെയാണ് രണ്ടുപേരും ആദ്യമായി കണ്ടുമുട്ടുന്നത്. ആ സമയത്ത് ഇരുവര്‍ക്കും കുട്ടികളും കുടുംബവും ഉണ്ടായിരുന്നു. മക്കളെ വളര്‍ത്തുന്ന തിരക്കിലായിരുന്നു ഇരുവരും. എന്നാലും അവരിരുവരും തമ്മില്‍ നല്ല സൗഹൃദം ഉണ്ടായിരുന്നു. പിന്നീട്, പീറ്ററിന്‍റെ കുടുംബം കണക്റ്റിക്കട്ടിലേക്ക് പോയി എങ്കിലും ആ സൗഹൃദം തുടര്‍ന്നു. 

ഒരു വര്‍ഷം ഇരുവരും തമ്മിലുള്ള കോണ്ടാക്ട് നിലച്ചുവെങ്കിലും പിന്നീട് ഇരുവരും വിവാഹമോചനത്തിലൂടെ കടന്നുപോവുകയാണ് എന്ന് രണ്ടുപേരും മനസിലാക്കി. അങ്ങനെ അവരിരുവരും തമ്മിലുള്ള സൗഹൃദം ശക്തമാവുകയും പിന്നീടവര്‍ പ്രണയത്തിലാവുകയും ചെയ്തു. രണ്ടിടത്തിരുന്നുകൊണ്ട് അവര്‍ പ്രേമിച്ചത് എട്ട് വര്‍ഷമാണ്. അപ്പോഴേക്കും ഇരുവരുടെയും മക്കള്‍ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു.

പിന്നീട് ലിസ കണക്ടിക്കട്ടിലേക്ക് പോവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. പീറ്ററില്‍ ഏറ്റവും ഇഷ്ടം എന്താണ് എന്ന് ചോദിച്ചാല്‍ ലിസ പറയുന്നത്, 'അദ്ദേഹം തന്നെ സ്നേഹിക്കുന്ന രീതി' എന്നാണ് ലിസയുടെ ഉത്തരം. 

മറവി ബാധിക്കുന്നു

ആദ്യമായി പീറ്റര്‍ മറന്നു തുടങ്ങുന്നത് താക്കോല്‍ എടുക്കാനാണ്, പിന്നീട് പേഴ്സ് മറന്നു തുടങ്ങി. പയ്യെപ്പയ്യെ ഓരോ വാക്കുകളും അതിന്‍റെ അര്‍ത്ഥവും മറന്നു തുടങ്ങി. പിന്നീട്, ഒരുവാക്ക് പറഞ്ഞ് മുഴുമിപ്പിക്കാന്‍ പറ്റാതെയായി. ആദ്യമാദ്യം ലിസ കരുതിയിരുന്നത് രണ്ടുപേര്‍ക്കും പ്രായമാവുകയല്ലേ അതിന്‍റെയാവും എന്നാണ്. പക്ഷേ, അപ്പോഴേക്കും കുടുംബക്കാരും കൂട്ടുകാരും പീറ്ററിന്‍റെ മറവിയെ കുറിച്ച് പറയാന്‍ തുടങ്ങി. അതോടെയാണ് ശരിക്കും എന്തോ പ്രശ്നം ഉണ്ട് എന്ന് ലിസയ്ക്കും തോന്നിത്തുടങ്ങിയത്. അങ്ങനെ, 2018 -ലെ പരിശോധനയില്‍ പീറ്ററിന് അൽഷിമേഴ്സ് ആണ് എന്ന് തിരിച്ചറിഞ്ഞു. 

പയ്യെപ്പയ്യെ പീറ്റര്‍ എല്ലാം മറന്നു തുടങ്ങി. അവരുടെ വിവാഹത്തെ കുറിച്ച് പോലും മറന്നു. തന്‍റെ ഭാര്യയാണ് ലിസ എന്ന് പീറ്റര്‍ ആദ്യമായി മറന്നുപോവുന്നത് അവധിയാഘോഷിക്കാന്‍ റോഡ് അയലന്‍ഡിലെ വാടകവീട്ടിലേക്ക് പോകുമ്പോഴാണ്. യാത്രയില്‍ പീറ്റര്‍ ലിസയ്ക്ക് വഴി പറഞ്ഞുകൊടുത്തു, ഇതാണ് എന്‍റെ വീട്ടിലേക്കുള്ള വഴി എന്നാണ് പീറ്റര്‍ പറഞ്ഞത്. കൂടെയിരിക്കുന്നത് തന്‍റെ ഭാര്യയാണ് എന്നതും അവള്‍ക്കും അങ്ങോട്ടുള്ള വഴി നിശ്ചയമുണ്ട് എന്നതും പീറ്റര്‍ മറന്നിരുന്നു. 

വീട്ടിലെത്തിയ ഉടനെ ഓരോ മുറിയും സ്ഥലവും എല്ലാം പീറ്റര്‍ ആദ്യമായി കാണുന്ന ഒരാള്‍ക്ക് എന്നപോലെ അവള്‍ക്ക് കാണിച്ചു കൊടുത്തു. അത് രസമുള്ള ഓര്‍മ്മയാണ് എന്നും എന്നാല്‍ പീറ്റര്‍ അവളെ മറന്നുവെന്നത് വേദനയുണ്ടാക്കുന്ന ഒന്നായിരുന്നു എന്നും ലിസ പറയുന്നു. എന്നെങ്കിലും പീറ്റര്‍ തന്നെ തിരിച്ചറിയും എന്ന് ലിസ കരുതിയെങ്കിലും അതുണ്ടായില്ല. 

2012 ഡിസംബര്‍ 12 -നാണ്... അവര്‍ ടിവി കണ്ടുകൊണ്ടിരിക്കെ അതിലൊരു വിവാഹരംഗം വന്നു. അതിലെ പെണ്‍കുട്ടി വിവാഹവേളയില്‍ സന്തോഷം കൊണ്ട് കരയുന്നതായിരുന്നു രംഗം. പീറ്റര്‍ അത് കാണുകയും ലിസയോട് 'നമുക്കും ഇങ്ങനെ വിവാഹം കഴിക്കാം' എന്ന് പറയുകയുമായിരുന്നു. ലിസ ആകെ ഞെട്ടിപ്പോയി. എന്നാല്‍, പീറ്റര്‍ അവളോട് ആവേശത്തോടെ വിവാഹത്തെ കുറിച്ച് സംസാരിച്ചുകൊണ്ടേയിരുന്നു. താന്‍ വിവാഹം ചെയ്യാമെന്ന് പറയുന്നത് തന്‍റെ ഭാര്യയോടാണ് എന്ന് പീറ്ററൊരിക്കലും തിരിച്ചറിഞ്ഞില്ല. 

രണ്ടാമതും തന്‍റെ ഭര്‍ത്താവ് താനുമായി പ്രണയത്തിലായിരിക്കുന്നു. രണ്ടാമതും തന്നോട് വിവാഹം ചെയ്യാമെന്ന് പറയുന്നു ഇതെല്ലാം ലിസയെ സന്തോഷിപ്പിച്ചിരുന്നു. താനൊരു രാജകുമാരിയെപ്പോലെ തോന്നിച്ചു എന്നാണ് ലിസ പറഞ്ഞത്. മക്കളോട് വീഡിയോയിലൂടെ ഭര്‍ത്താവ് വിവാഹക്കാര്യത്തെ കുറിച്ച് പറഞ്ഞത് അവള്‍ സൂചിപ്പിച്ചു. ആ നിമിഷം വിട്ടുകളയരുത് എന്നും വിവാഹം കഴിക്കണമെന്നും മക്കളവളെ പ്രോത്സാഹിപ്പിച്ചു. ആദ്യം സമ്മതക്കുറവ് തോന്നിയെങ്കിലും ലിസ സമ്മതിച്ചു. ലിസയുടെ മകള്‍ ഒരു ഇവന്‍റ് പ്ലാനറായിരുന്നു. അവളാണ് വിവാഹത്തിന് മേല്‍നോട്ടം വഹിച്ചത്. 

അങ്ങനെ ഏപ്രില്‍ 26 -ന് വീണ്ടും അവര്‍ അള്‍ത്താരയിലെത്തി, വിവാഹിതരായി. പീറ്റര്‍ അങ്ങേയറ്റം സന്തോഷത്തിലായിരുന്നു. അയാള്‍ ലിസയുടെ കാതില്‍ മന്ത്രിച്ചു, 'ഐ ലവ് യൂ...' ലിസയും കാത്തിരുന്നത് ആ നിമിഷത്തിനായിരുന്നു. 

വീണ്ടും പീറ്റര്‍ തന്നെ മറന്നുപോയേക്കും എന്ന് ലിസയ്ക്ക് അറിയാം. പക്ഷേ, അവള്‍ പറയുന്നത്, 'ഞാന്‍ ആരാണ് എന്നത് അദ്ദേഹം മറന്നുപോയേക്കാം. എന്നാല്‍, അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടയാള്‍ എന്നും ഞാനായിരിക്കും. എനിക്ക് അത് മതി. അദ്ദേഹമെന്നെ അങ്ങേയറ്റം സ്നേഹിക്കുന്നു. ആ സ്നേഹം മാത്രം മതി എനിക്ക്' എന്നാണ്. 

ഇന്ന് ലിസ തന്‍റെ ബ്ലോഗിലൂടെ അൽഷിമേഴ്സ് വന്ന ആളുകളുടെ ബന്ധുക്കളോട് സംസാരിക്കുന്നു. 'പീറ്ററിന് എത്രതന്നെ ഓര്‍മ്മ നശിച്ചാലും അദ്ദേഹം ഏതവസ്ഥയിലായാലും ജീവിതാവസാനം വരെ നമ്മളൊരുമിച്ചായിരിക്കും' എന്നും ലിസ പറയുന്നു. 

(വിവരങ്ങൾക്ക് കടപ്പാട്: സിഎൻഎൻ, ചിത്രങ്ങൾക്ക് കടപ്പാട്: Oh Hello Alzheimer's/facebook)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!