
നിക്ക് ഡേവിസ് എന്ന 39 -കാരന് മൂന്ന് ഭാര്യമാരും രണ്ട് മക്കളും ഉണ്ട്. നിക്ക് തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് 'ട്രോഫി ഹസ്ബൻഡ്' എന്നാണ്. നിക്കിന് ജോലി ഒന്നും തന്നെയില്ല. അതായത്, അയാൾ പുറത്തും ജോലിക്ക് ഒന്നും തന്നെ പോകുന്നില്ല, വീട്ടിനകത്തും ഒന്നും ചെയ്യുന്നില്ല. പകരം ഇയാളുടെ ഭാര്യമാരാണ് അകത്തായാലും പുറത്തായാലും ജോലികൾ എല്ലാം ചെയ്യുന്നത്.
വീട്ടിലേക്ക് സാമ്പത്തികമായി ഒരു രൂപ പോലും നിക്ക് ചെലവഴിക്കുന്നില്ല. എല്ലാം ഭാര്യമാർ ജോലി ചെയ്ത് സമ്പാദിക്കുന്ന കാശാണ് ചെലവഴിക്കുന്നത്. ഏപ്രിൽ, ഡാനിയേൽ, ജെന്നിഫർ ഇവർ മൂവരുമാണ് നിക്കിന്റെ ഭാര്യമാർ. തന്റെ ഈ ജീവിതത്തെ കുറിച്ച് നിക്ക് പറയുന്നത് 'രാജാവ് ഒന്നും ചെയ്യില്ല, രാജ്ഞിമാർക്കാണ് എല്ലാ അധികാരവും' എന്നാണ്.
ഇനി ഈ മൂന്ന് ഭാര്യമാരും ജോലിക്ക് പോകുമ്പോൾ നിക്ക് എന്ത് ചെയ്യും എന്നല്ലേ? ഇയാൾ ആ സമയം വായിക്കാനും പഠിക്കാനും ചിന്തിക്കാനും ഒക്കെ വേണ്ടി ചെലവഴിക്കും എന്നാണ് നിക്ക് പറയുന്നത്. 'ഇങ്ങനെ ജീവിക്കാം എന്നത് നമ്മുടെ തീരുമാനം ആയിരുന്നു. എനിക്ക് ദിവസം മുഴുവനും വീട്ടിൽ ഇരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല' എന്നാണ് ഏപ്രിലിന്റെ അഭിപ്രായം.
തങ്ങൾ ഭാര്യമാർ തന്നെ ജോലി ചെയ്ത് ആവശ്യത്തിന് പണം സമ്പാദിക്കുന്നുണ്ട് എന്നും ഏപ്രിൽ പറയുന്നു. നിക്ക് പുതിയ കാര്യങ്ങൾ പഠിക്കുന്നതും മനസിലാക്കുന്നതും ഒക്കെ കാണുന്നത് ഭയങ്കര ആകർഷകമാണ്. തങ്ങൾ അതിൽ സംതൃപ്തരാണ് എന്നും ഭാര്യമാർ പറയുന്നു. 'എന്റെ വീട്ടിൽ എപ്പോഴും വായിക്കുന്ന, ചിന്തിക്കുന്ന, പുതിയ കാര്യങ്ങൾ ഗവേഷണം ചെയ്ത് മനസിലാക്കുന്ന ഒരാൾ ഉണ്ട് എന്നത് എനിക്ക് ഭയങ്കര സന്തോഷമാണ്. അങ്ങനെ മനസിലാക്കുന്ന കാര്യങ്ങളെല്ലാം നിക്ക് തങ്ങൾക്ക് കൂടി പറഞ്ഞു തരുന്നു' എന്നും ജെന്നിഫർ പറയുന്നു.
ഏപ്രിലാണ് നിക്കിന്റെ ആദ്യത്തെ ഭാര്യ. ഏപ്രിലുമായുള്ള വിവാഹം കഴിഞ്ഞ് ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് ജെന്നിഫറിനെ നിക്ക് വിവാഹം ചെയ്യുന്നത്. ഏപ്രിൽ തന്നെയാണ് നിക്കിന് ജെന്നിഫറിനെ പരിചയപ്പെടുത്തുന്നതും. ഏറ്റവും ഒടുവിലാണ് നിക്ക് ഡാനിയേലിനെ വിവാഹം ചെയ്യുന്നത്. ജെന്നിഫർ കഴിഞ്ഞ ജൂണിൽ ഒരു കുഞ്ഞിന് ജന്മം നൽകി. ഇതിന് മുമ്പ് മറ്റൊരു ബന്ധത്തിൽ നിക്കിന് ഒരു മകൻ കൂടി ഉണ്ട്.