ഗോവയിൽ സെൽഫ് ഡ്രൈവ് കാർ വാടകയ്ക്കെടുത്ത ഗുജറാത്ത് സ്വദേശിക്ക് റെന്റൽ മാഫിയയുടെ തട്ടിപ്പിൽ 8,400 രൂപ നഷ്ടമായി. കാർ തകരാറിലായതിനെ തുടർന്ന് പണം തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനി, വാഹനം തിരികെ വാങ്ങാതെ വിനോദ സഞ്ചാരിയെ കബളിപ്പിക്കുകയായിരുന്നു. റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ അനുഭവം ഗോവയിലെ ഇത്തരം തട്ടിപ്പുകളിലേക്ക് വിരൽ ചൂണ്ടുന്നു.
ഗോവയിലെത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന 'സെൽഫ് ഡ്രൈവ്' കാർ റെന്‍റൽ മാഫിയയുടെ തട്ടിപ്പിനിരയായി ഗുജറാത്ത് സ്വദേശി. ഗോവ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരിയിൽ നിന്ന് സെക്യൂരിറ്റി ഡിപ്പോസിറ്റും മറ്റ് ചെലവുകളുമടക്കം 8,400 രൂപ തട്ടിയെടുത്തതായാണ് പരാതി. തനിക്കുണ്ടായ ദുരനുഭവം യുവാവ് റെഡ്ഡിറ്റിലൂടെ (Reddit) പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
'തുടക്കം എല്ലാം ഓക്കെ'
മേയ് 29-ന് മഡ്ഗാവിലെ ഒരു റെന്‍റൽ ഏജൻസിയിൽ നിന്ന് ബലേനോ കാർ വാടകയ്ക്കെടുത്തതാണ് സംഭവങ്ങളുടെ തുടക്കം. യാത്രയ്ക്കിടയിൽ 3,000 രൂപയ്ക്ക് ഇവർ വണ്ടിയിൽ പെട്രോൾ അടിച്ചിരുന്നു. എന്നാൽ, മേയ് 31-ഓടെ വണ്ടി തകരാറിലായി. കമ്പനി ഉടമ തകരാർ സമ്മതിക്കുകയും പകരം ഒരു സ്വിഫ്റ്റ് കാർ എത്തിച്ച് നൽകുകയും ചെയ്തു. ബലേനോയിൽ അവശേഷിച്ച പെട്രോളിന്‍റെ തുകയും, വണ്ടി കേടായത് മൂലമുണ്ടായ മറ്റ് മെക്കാനിക്ക് ചെലവുകളും യാത്രയുടെ അവസാനം തിരികെ നൽകാമെന്ന് ഉടമ ഉറപ്പ് നൽകിയിരുന്നതായും വിനോദ സഞ്ചാരി പറയുന്നു.
ചതി തിരിച്ചറിയുക ഏറ്റവും ഒടുവിൽ മാത്രം!
ജൂൺ 2-ന് തിവിം റെയിൽവേ സ്റ്റേഷനിൽ വെച്ച് കാർ തിരികെ നൽകി സെക്യൂരിറ്റി ഡിപ്പോസിറ്റ് കൈപ്പറ്റാനായിരുന്നു മുൻകൂട്ടി നിശ്ചയിച്ചിരുന്നത്. എന്നാൽ, റെന്‍റൽ കമ്പനി ഉടമ പറഞ്ഞ സമയത്ത് വണ്ടി ഏറ്റെടുക്കാൻ ആരെയും അയച്ചില്ല. "ട്രെയിൻ പുറപ്പെടാൻ സമയമായതിനാലും അത് നഷ്ടപ്പെടുത്താൻ കഴിയാത്തതിനാലും ഒടുവിൽ വണ്ടി റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ ഉപേക്ഷിച്ച് ഞങ്ങൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. സ്വന്തം നാടായ നവ്സാരിയിൽ തിരിച്ചെത്തിയ ശേഷം കമ്പനി ഉടമയെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അയാൾ കോളുകൾ എടുക്കാൻ തയ്യാറായിട്ടില്ല," വിനോദ സഞ്ചാരി കുറിച്ചു.
വിനോദ സഞ്ചാരിയിൽ നിന്ന് ഈടാക്കിയതും തിരികെ ലഭിക്കാനുള്ളതുമായ തുകയുടെ വിവരങ്ങൾ താഴെ പറയുന്ന പ്രകാരമാണ്:
സെക്യൂരിറ്റി ഡിപ്പോസിറ്റ് - ₹3,000
ബലേനോയിൽ അടിച്ച പെട്രോൾ - ₹3,000
വണ്ടി ജമ്പ് സ്റ്റാർട്ട് ചെയ്ത വകയിൽ - ₹1,000
ട്യൂബ് മാറ്റിവെച്ച ഇനത്തിൽ - ₹900
പഞ്ചർ ഒട്ടിച്ചതിന് - ₹300
അധിക പെട്രോൾ ചെലവ് - ₹200
ആകെ ലഭിക്കാനുള്ള തുക- ₹8,400
"വാഹനത്തിന് തകരാറുണ്ടായിരുന്ന കാര്യം അവർ സമ്മതിച്ചതാണ്. പണം തിരികെ നൽകാമെന്ന് ഉറപ്പും തന്നിരുന്നു. എന്നാൽ ട്രെയിൻ പുറപ്പെടാറായ സമയത്ത് മനഃപൂർവ്വം വരാതെ അവർ ഞങ്ങളെ പറ്റിക്കുകയായിരുന്നു. നാട്ടിലെത്തിയതോടെ എല്ലാ ആശയ വിനിമയങ്ങളും അവർ നിർത്തി," യുവാവ് കൂട്ടിച്ചേർത്തു.
ഗോവൻ റെന്‍റൽ തട്ടിപ്പ് സാധാരണം
പോസ്റ്റ് ചർച്ചയായതോടെ ഗോവയിൽ ഇത്തരം 'റെന്‍റൽ തട്ടിപ്പുകൾ' വളരെ സാധാരണമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകൾ രംഗത്തെത്തി. വിനോദ സഞ്ചാരികൾ ട്രെയിൻ കയറാനോ ഫ്ലൈറ്റ് കയറാനോ തിടുക്കം കൂട്ടുന്ന അവസാന നിമിഷങ്ങൾ നോക്കിയാണ് ഇവർ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. തിരികെ കൊടുക്കേണ്ട സെക്യൂരിറ്റി തുക നൽകാതിരിക്കാൻ മനഃപൂർവ്വം ആളുകളെ അയക്കാതെ വൈകിപ്പിക്കുന്നതാണ് ഇവരുടെ രീതി. കൃത്യമായ പണമിടപാട് രേഖകൾ കൈവശമുണ്ടെങ്കിൽ വഞ്ചനാക്കുറ്റത്തിനും മാനസിക പീഡനത്തിനും പോലീസിൽ ഔദ്യോഗികമായി പരാതി നൽകാനാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം പേരും യുവാവിനെ ഉപദേശിക്കുന്നത്. അല്ലെങ്കിൽ ഇതൊരു വലിയ പാഠമായി കരുതി മറന്നേക്കുകയേ വഴിയുള്ളൂവെന്നും പലരും അഭിപ്രായപ്പെടുന്നു.


