എയ്ഡ്‍സ് ബാധിതരായ, ഉപേക്ഷിക്കപ്പെട്ട 125 -ലേറെ കുഞ്ഞുങ്ങളുടെ അമ്മ

Published : Apr 09, 2022, 10:50 AM ISTUpdated : Apr 09, 2022, 10:57 AM IST
എയ്ഡ്‍സ് ബാധിതരായ, ഉപേക്ഷിക്കപ്പെട്ട 125 -ലേറെ കുഞ്ഞുങ്ങളുടെ അമ്മ

Synopsis

അങ്ങനെയാണ് പാലാവി ഫൗണ്ടേഷൻ ആരംഭിക്കുന്നത്. രണ്ട് പെൺകുട്ടികളുമായി തുടങ്ങിയ സ്ഥാപനം ഇപ്പോൾ എച്ച്ഐവി ബാധിതരായ 125 അനാഥരായ കുട്ടികൾക്ക് ആശ്രയമാണ്. 

ഇന്ത്യയിൽ, എയ്ഡ്സ് ബാധിതരായി 15 വയസ്സിന് താഴെയുള്ള ഏകദേശം 1,50,000 കുട്ടികളുണ്ട്. അവരിൽ ഭൂരിഭാഗം കുട്ടികൾക്കും അമ്മയിൽ നിന്ന് ലഭിച്ചതാണ് ഈ അണുബാധ. എന്നാൽ, രോഗബാധിതരായ കുട്ടികൾക്ക് അഭയം നൽകാൻ വിരലിലെണ്ണാവുന്നവർ മാത്രമാണ് മുന്നോട്ടുവരുന്നത്. എച്ച്‌ഐവി ബാധിച്ച് ഉപേക്ഷിക്കപ്പെട്ട 125 -ലധികം കുട്ടികളെ സ്വന്തം മക്കളെ പോലെ നോക്കുന്ന ഒരു സ്ത്രീ മഹാരാഷ്ട്രയിലുണ്ട്. പേര് മംഗൾ അരുൺ ഷാ. അവരെ സ്നേഹത്തോടെ എല്ലാവരും മംഗൾതായ് എന്ന് വിളിക്കുന്നു. ഇപ്പോൾ 70 വയസ്സിനു മുകളിൽ പ്രായമുള്ള അവർ പാർശ്വവൽക്കരിക്കപ്പെട്ട, പാവപ്പെട്ട സ്ത്രീകൾക്ക് ഒരു ജീവിതം നൽകാൻ പരിശ്രമിക്കുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിച്ചതാണ് അവരുടെ ഈ ഒറ്റയാൾ പോരാട്ടം.    

80 -കളിലും 90 -കളിലും എയ്ഡ്സ് വളരെ മോശപ്പെട്ട ഒരു രോഗമായിട്ടാണ് സമൂഹം കണ്ടിരുന്നത്. അത്തരമൊരു സാമൂഹ്യ സാഹചര്യത്തിൽ ഒരു സ്ത്രീ കൂടിയായ അവർ ഇതിനെതിരെ പ്രവർത്തിക്കാൻ ഇറങ്ങിത്തിരിച്ചത് നിരവധി വെല്ലുവിളികൾ നേരിട്ടാണ്. അപ്പോഴെല്ലാം അവർ പ്രകടിപ്പിച്ച നിശ്ചയദാർഢ്യമാണ് അവരെ ഇന്നത്തെ നിലയിൽ എത്തിച്ചത്. കുടുംബത്തിലെ മറ്റ് സ്ത്രീകൾ പൂജയും, അർച്ചനയുമായി സമയം ചെലവഴിച്ചപ്പോൾ, 17 വയസ്സുള്ള വിവാഹിതയായ അവർ ദരിദ്രരെ സഹായിക്കുന്നതിൽ കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചു. വികലാംഗർ, ഗർഭിണികൾ, എച്ച്ഐവി ബാധിതരായ സ്ത്രീലൈംഗികത്തൊഴിലാളികൾ എന്നിവരെ സഹായിക്കാൻ സർക്കാർ ആശുപത്രികളിൽ അവർ കയറി ഇറങ്ങി. സ്ത്രീകൾക്ക് കുടുംബത്തിന്റെ പിന്തുണ കുറവാണെന്ന് മംഗൾതായ് തിരിച്ചറിഞ്ഞു.  

അത്തരക്കാരെ പരിപാലിക്കാനും സഹായിക്കാനും സ്വന്തം ജീവിതം ഉഴിഞ്ഞു വയ്ക്കാൻ അവർ തീരുമാനിച്ചു. ഹോസ്പിറ്റലിലെ നിർധനരായ രോഗികൾക്ക് അവർ വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാൻ തുടങ്ങി. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ എയ്ഡ്‌സ് ബാധിച്ച സ്ത്രീലൈംഗികത്തൊഴിലാളികൾക്കിടയിൽ എയ്ഡ്‌സിനെക്കുറിച്ച് അവബോധം പ്രചരിപ്പിക്കാൻ ആരംഭിച്ചു. ഒരുദിവസവും അവരും മകൾ ഡിംപിളും പണ്ഡർപൂരിലെ ലൈംഗികത്തൊഴിലാളികൾക്കിടയിൽ എയ്ഡ്‌സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ, രണ്ടരവയസും, ഒന്നരവയസും പ്രായമുള്ള രണ്ട് പെൺകുട്ടികളെക്കുറിച്ച് അവിടെ കൂടിനിന്നവർ അവരോട് പറഞ്ഞു. 

എയ്ഡ്സ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അവർ പശുത്തൊഴുത്തിലാണ് കഴിയുന്നതെന്ന് മംഗൾതായ് മനസ്സിലാക്കി. കുടുംബത്തിന് നാണക്കേടാണ് എന്ന ചിന്തയും, കുട്ടികളുടെ അണുബാധ മറ്റുള്ളവർക്കും കിട്ടുമോ എന്ന ഭയവും ബന്ധുക്കളെ പെൺകുട്ടികളിൽ നിന്ന് അകറ്റി. അവരുടെ സമീപത്ത് പോകാൻ പോലും ബന്ധുക്കൾ ഭയപ്പെട്ടു. പെൺകുട്ടികളെ നോക്കാൻ ഗ്രാമവാസികൾ ആരും തയ്യാറായില്ല. ഒടുവിൽ അവരും ഡിംപിളും അവരെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. അങ്ങനെ കുട്ടികളുടെ സമീപം ചെന്ന് നോക്കുമ്പോൾ, അവർ രണ്ടും വാവിട്ട് കരയുകയാണ്. അവരുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. അതിൽ പ്രാണികൾ ആർത്തു. ഉടൻ തന്നെ കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ മംഗൾതായ് ശ്രമിച്ചു. എന്നാൽ, ഒരു സർക്കാർ ആശുപത്രിയും അവരെ പ്രവേശിപ്പിക്കാൻ തയ്യാറായില്ല. 

"അവർക്കുവേണ്ടി ഞങ്ങൾ എൻ‌ജി‌ഒകളുമായി ബന്ധപ്പെടാനും ശ്രമിച്ചു. പക്ഷേ, അതും ഫലം കണ്ടില്ല. കാത്തുനിൽക്കാതെ, ഈ രണ്ട് പെൺകുട്ടികളെ സ്വയം പരിപാലിക്കാൻ ഞാൻ തീരുമാനിച്ചു. അത് എളുപ്പമല്ലെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, എന്റെ പരമാവധി ചെയ്യാൻ ഞാൻ തീരുമാനിച്ചു" മംഗൾതായ് പറയുന്നു.

അങ്ങനെയാണ് പാലാവി ഫൗണ്ടേഷൻ ആരംഭിക്കുന്നത്. രണ്ട് പെൺകുട്ടികളുമായി തുടങ്ങിയ സ്ഥാപനം ഇപ്പോൾ എച്ച്ഐവി ബാധിതരായ 125 അനാഥരായ കുട്ടികൾക്ക് ആശ്രയമാണ്. കെയർ ഹോം പ്രധാനമായും 4 -നും 21 -നും ഇടയിൽ പ്രായമുള്ളവരെയാണ് പാർപ്പിക്കുന്നത്. മംഗൾതായുടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം മഹാരാഷ്ട്രയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥാപനമാണ്. ലോക്ക്ഡൗൺ കാലത്ത് നിരവധി വെല്ലുവിളികൾ സ്ഥാപനം നേരിട്ടു. എന്നിട്ടും, അവർ അത് അടച്ചു പൂട്ടിയില്ല. സമൂഹത്തിലെ ദുർബലവിഭാഗങ്ങളെക്കുറിച്ചുള്ള മിഥ്യാധാരണകൾ മാറ്റിയെടുക്കാനാണ് മംഗൾതായും മകൾ ഡിംപിളും ഈ സ്ഥാപനത്തിലൂടെ ശ്രമിക്കുന്നത്.  

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ