എടിഎമ്മില്‍നിന്ന് കാശുമായി ഇറങ്ങിയയാളെ പട്ടിയെ കൊണ്ട് കടിപ്പിച്ച് കവര്‍ച്ചാ ശ്രമം

Published : Apr 08, 2022, 07:38 PM IST
എടിഎമ്മില്‍നിന്ന് കാശുമായി ഇറങ്ങിയയാളെ പട്ടിയെ കൊണ്ട് കടിപ്പിച്ച് കവര്‍ച്ചാ ശ്രമം

Synopsis

പ്രതിരോധിക്കാന്‍ ശ്രമിച്ച ഇയാളെ യുവാവ് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ആക്രമണത്തിനു ശേഷം പട്ടിയുമായി പുറത്തേക്ക് ഓടിയ ഇയാള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്.

പട്ടിയുമായി എത്തിയ യുവാവ് എ ടി എമ്മില്‍നിന്നും കാശെടുത്ത് മടങ്ങുകയായിരുന്ന വൃദ്ധനെ പട്ടിയെക്കൊണ്ട് കടിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചു. പ്രതിരോധിക്കാന്‍ ശ്രമിച്ച ഇയാളെ യുവാവ് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ആക്രമണത്തിനു ശേഷം പട്ടിയുമായി പുറത്തേക്ക് ഓടിയ ഇയാള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്. 

അമേരിക്കയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലിലെ ബാങ്ക് ഓഫ് അമേരിക്ക എ ടി എമ്മിനു മുമ്പിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഇയാളുടെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

മാര്‍ച്ച് രണ്ടിന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ഒരു യുവാവ് ഷര്‍ട്ട് ധരിക്കാതെ ഒരു പട്ടിയുമായി എ ടിഎമ്മിനു മുന്നിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. 68 വയസ്സുള്ള ഒരാള്‍ ബാങ്ക് എ ടി എമ്മില്‍നിന്നും പണം എടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ യുവാവ് വന്ന് ആക്രമണം നടത്തുകയായിരുന്നു. യുവാവ് എ ടി എമ്മില്‍നിന്നും ഇറങ്ങിയ ആളെ ആദ്യം അടിക്കുകയായിരുന്നു. വൃദ്ധന്‍ ഉടന്‍ തിരിച്ചടിച്ചു. അതോടെ അക്രമാസക്തനായ ഇയാള്‍ പട്ടിയെ കൊണ്ട് വൃദ്ധനെ കടിപ്പിക്കുകയും പണം തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നിലത്തുവീണയാളുടെ കൈയില്‍നിന്നും പണം കിട്ടാതായപ്പോള്‍, യുവാവ് അയാളെ ക്രൂരമായി ആക്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. 13 തവണയെങ്കിലും യുവാവ് ഇയാളെ മര്‍ദ്ദിച്ചതായി പൊലീസ് പറഞ്ഞു. 

ആക്രമണത്തിനു ശേഷം പട്ടിയുമായി അതിവേഗം പുറത്തേക്ക് ഇറങ്ങിയ യുവാവ് പുറത്തുനിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി. അതിനിടെ, കാറില്‍നിന്നും ഒരു യുവതി പുറത്തേക്ക് ഇറങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍, ഇയാളെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നുംപൊലീസിന് ലഭിച്ചിട്ടില്ല. തുടര്‍ന്നാണ് പൊലീസ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.  

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും
16 വയസിൽ താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട, നിയമം പ്രാബല്ല്യത്തിൽ, ആദ്യരാജ്യമായി ഓസ്ട്രേലിയ