ഓവർതിങ്കിങ് ആണ് ‘ന്യൂ നോർമൽ’. ചിന്തിക്കുന്നത് നല്ലതാണ്, എന്നാൽ ചിന്തിച്ച് ചിന്തിച്ച് കാടുകയറുന്നത് അത്ര നല്ലതല്ല. ഇന്ത്യയിലെ 81 ശതമാനം പേരും ദിവസവും മൂന്ന് മണിക്കൂറെങ്കിലും ഓവർതിങ്ക് ചെയ്യുന്നു എന്നാണ് പുതിയ സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിന്തിക്കുന്നത് സ്വാഭാവികമാണ്, എന്നാൽ ആ ചിന്തകൾ നിയന്ത്രണം വിട്ട് 'ഓവർതിങ്കിങ്' എന്ന അവസ്ഥയിലേക്ക് മാറുന്നത് അത്ര നിസ്സാരമായ കാര്യമല്ല. ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ഇന്ന് അമിതചിന്തയുടെ പിടിയിലാണെന്ന കണക്കുകളാണ് പുതിയ സർവേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പാൻ-ഇന്ത്യൻ തലത്തിൽ നടത്തിയ പഠനമനുസരിച്ച്, രാജ്യത്തെ പ്രധാന നഗരങ്ങളിൽ താമസിക്കുന്നവരിൽ 81 ശതമാനം പേരും ദിവസത്തിൽ മൂന്ന് മണിക്കൂർ വരെയെങ്കിലും ഓവർതിങ്ക് ചെയ്ത് സമയം കളയുന്നു.
നിസ്സാര കാര്യങ്ങൾ, വമ്പൻ ചിന്തകൾ
ജീവിതത്തെ മാറ്റിമറിക്കുന്ന വലിയ തീരുമാനങ്ങളെക്കുറിച്ചല്ല ഇന്ത്യക്കാർ ഇത്രയധികം ആകുലപ്പെടുന്നത് എന്നതാണ് പഠനത്തിലെ കൗതുകകരമായ വസ്തുത. മറിച്ച്, ദൈനംദിന ജീവിതത്തിലെ വളരെ നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളിലാണ് ഈ അമിതചിന്ത മുഴുവൻ. അതായത്, ഇന്ന് എന്ത് ഭക്ഷണം കഴിക്കും? വാട്സ്ആപ്പിലെ ആ മെസേജിന് എന്ത് മറുപടി നൽകണം? വരുന്ന ഫോൺ കോൾ എടുക്കണോ വേണ്ടയോ? സോഷ്യൽ മീഡിയയിൽ ഇന്ന് ഏത് സ്റ്റോറി പോസ്റ്റ് ചെയ്യും? ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ കഴിയാതെ മനസ്സ് കുഴയുകയാണ് ഭൂരിഭാഗം പേരും. നാലിൽ ഒരാൾക്ക് ഇത് ഒരു സ്ഥിരം ശീലമായി മാറിക്കഴിഞ്ഞു.
'Ok' എന്ന രണ്ടക്ഷരം തരുന്ന ഷോക്ക്!
ജോലിസ്ഥലത്തെ ആശയവിനിമയം വാട്സ്ആപ്പ് പോലുള്ള മെസേജിങ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയത് മാനസിക സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ട്. മേലധികാരികളിൽ നിന്ന് വരുന്ന 'Ok' പോലുള്ള ചെറിയ മറുപടികൾ പോലും 42 ശതമാനം ആളുകളിൽ ഉത്കണ്ഠയുണ്ടാക്കുന്നു. ആ മെസേജിന്റെ അർത്ഥം എന്തായിരിക്കും എന്ന് ചിന്തിച്ച് ഇവർ വലിയ മാനസിക ഭാരം അനുഭവിക്കുന്നു.
തീരുമാനങ്ങൾ എടുക്കാനുള്ള ദുർബലത
റിപ്പോർട്ട് പ്രകാരം 63 ശതമാനം ഇന്ത്യക്കാരും ഒരു റെസ്റ്റോറന്റിൽ പോയി ഭക്ഷണ വിഭവം തിരഞ്ഞെടുക്കുന്നത് ഒരു രാഷ്ട്രീയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനേക്കാൾ വലിയ മാനസിക സമ്മർദ്ദമാണ് നൽകുന്നതെന്ന് വിശ്വസിക്കുന്നു. ദക്ഷിണേന്ത്യക്കാരിൽ ഇത് 69 ശതമാനമാണ്. ചെറിയ കാര്യങ്ങളിൽ പോലും ഉറച്ച തീരുമാനമെടുക്കാൻ കഴിയാത്ത വിധം ജനങ്ങൾ മാനസികമായി ദുർബലരാകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
സോഷ്യൽ മീഡിയ എന്ന 'സൈലന്റ് പ്രഷർ കുക്കർ'
ഓവർതിങ്കിങ്ങിന്റെ മറ്റൊരു പ്രധാന ഉറവിടം സോഷ്യൽ മീഡിയയാണ്. ഇൻസ്റ്റാഗ്രാമിലോ വാട്സ്ആപ്പിലോ ഒരു സ്റ്റോറി പോസ്റ്റ് ചെയ്യുന്നത് ഇന്ന് ജെൻസികൾക്കും സ്ത്രീകൾക്കും ഇടയിൽ വലിയൊരു കടമ്പയാണ്. ശരിയായ ഫിൽറ്റർ, ക്യാപ്ഷൻ, ടൈമിംഗ് എന്നിവ തിരഞ്ഞെടുക്കാൻ ഒരാഴ്ചയിൽ ശരാശരി 5 മണിക്കൂറെങ്കിലും 61 ശതമാനം പേരും ചിലവഴിക്കുന്നു. 'ഈ പോസ്റ്റ് കണ്ടാൽ മറ്റുള്ളവർ എന്ത് വിചാരിക്കും?' എന്ന ചിന്തയാണ് ഇവിടെ വില്ലനാകുന്നത്.
പുതിയ കാലത്തെ തെറാപ്പിസ്റ്റ് 'ടെക്നോളജി'
സ്വന്തം തീരുമാനങ്ങളിൽ സംശയം തോന്നുമ്പോൾ ഭൂരിഭാഗം പേരും ഇന്ന് അഭയം പ്രാപിക്കുന്നത് ഗൂഗിളിലോ ചാറ്റ് ജിപിടിയിലോ ആണ്. ഇന്ത്യയിൽ മൂന്നിലൊന്ന് പേരും ബുദ്ധിമുട്ടുള്ള മെസേജുകൾ തയ്യാറാക്കാനോ മറ്റൊരാൾക്ക് സമ്മാനം തിരഞ്ഞെടുക്കാനോ എഐ സഹായം തേടുന്നു. വെറും 13 ശതമാനം ആളുകൾ മാത്രമാണ് ഡിജിറ്റൽ സഹായമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങൾ എടുക്കുന്നത്.
ഭക്ഷണം കഴിക്കുന്നത് പോലുള്ള ചെറിയ കാര്യങ്ങളിൽ പോലും ഇത്രയധികം ആളുകൾ ഓവർതിങ്ക് ചെയ്യുന്നുണ്ടെങ്കിൽ, ജീവിതത്തിലെ വലിയ വെല്ലുവിളികളെയും സുപ്രധാന തീരുമാനങ്ങളെയും ഈ തലമുറ എങ്ങനെ തരണം ചെയ്യും എന്ന കാര്യത്തിൽ ആരോഗ്യവിഗ്ദധർ വലിയ ആശങ്ക പ്രകടിപ്പിക്കുന്നു.


