ബെംഗളൂരുവിലെ വൈറ്റ്‌ഫീൽഡിൽ അമിത വാടക ആവശ്യപ്പെട്ട ഫ്ലാറ്റുടമയ്ക്ക് ഒരു വർഷം കൊണ്ട് 5 ലക്ഷം രൂപയിലധികം നഷ്ടം. വാടക കൂടുതൽ ചോദിച്ചതിനാൽ ഫ്ലാറ്റിലെ രണ്ട് മുറികൾ ഒഴിഞ്ഞുകിടന്നതാണ് ഉടമയ്ക്ക് തിരിച്ചടിയായത്. 

ഐടി നഗരമായ ബെംഗളൂരുവിൽ വാടക കുതിച്ചുയരുന്നത് പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ, വൈറ്റ്‌ഫീൽഡ് മേഖലയിലെ ഒരു ഫ്ലാറ്റ് ഉടമയ്ക്ക് തന്റെ അമിത ലാഭേച്ഛ കാരണം 5 ലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചെന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു വർഷത്തോളമായി ഫ്ലാറ്റിലെ മുറികൾ ഒഴിഞ്ഞുകിടന്നതാണ് ഉടമയ്ക്ക് തിരിച്ചടിയായത്. റെഡ്ഡിറ്റിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. വൈറ്റ്‌ഫീൽഡിലെ ഒരു പ്രമുഖ സൊസൈറ്റിയിലുള്ള 3BHK ഫ്ലാറ്റിലാണ് ഈ സംഭവം. ഫ്ലാറ്റിലെ നിലവിലെ താമസക്കാരനാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

ഈ പ്രദേശത്ത് ഒരു മുറിക്ക് ശരാശരി 20,000 രൂപയാണ് വാടക. ആ സമയത്ത് ഈ ഉടമ ആവശ്യപ്പെട്ടത് 25,000 രൂപയായിരുന്നു. വാടക കൂടുതലായതിനാൽ പുതിയ ആളുകൾ വരാതായി. ഇതോടെ 25,000 രൂപയ്ക്ക് ഒരാൾ മാത്രം ആ 3BHK ഫ്ലാറ്റിൽ മുഴുവനായി താമസിക്കുന്ന അവസ്ഥയുണ്ടായി. മറ്റ് രണ്ട് മുറികൾ ഒഴിഞ്ഞുകിടന്നു. ഓരോ മുറിക്കും പ്രതിമാസം ലഭിക്കേണ്ടിയിരുന്ന 20,000 രൂപ വീതം കണക്കാക്കിയാൽ, ഒരു വർഷം കൊണ്ട് ഉടമയ്ക്ക് 5 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചു. നിലവിൽ ഉടമ വാടക 18,000 രൂപയായി കുറച്ചിട്ടുണ്ടെങ്കിലും ആരും അത് വാടകയ്ക്കെടുക്കാൻ തയ്യാറാവുന്നില്ല എന്ന് കുറിപ്പിൽ പറയുന്നു. പല പുതിയ ടെക് പാർക്കുകളും കെട്ടിടങ്ങളും പകുതിയും ഒഴിഞ്ഞുകിടക്കുകയാണെന്നും 2022 -ലെ 'ഡിമാൻഡ്' ഇപ്പോഴുണ്ടെന്ന തെറ്റായ ചിന്തയിലാണ് ഉടമകളെന്നും റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

നിരവധിപ്പേരാണ് പോസ്റ്റിന് പ്രതികരണങ്ങളുമായി എത്തിയത്. '75,000 രൂപ ഒരു 3BHK ഫ്ലാറ്റിന് ചോദിക്കുന്നത് അമിതമായ അത്യാഗ്രഹമാണ്. ആ അത്യാഗ്രഹത്തിന് കിട്ടിയ തിരിച്ചടിയാണിത്' എന്ന് ഒരാൾ കുറിച്ചു. മറ്റൊരാൾ അഭിപ്രായപ്പെട്ടത്, '500 രൂപയോ 1000 രൂപയോ വാടക കുറച്ചുനൽകാൻ മടിക്കുന്ന ഉടമകൾ ഒടുവിൽ പതിനായിരങ്ങളുടെ നഷ്ടം വരുത്തിവെക്കുന്നു' എന്നാണ്. വൈറ്റ്‌ഫീൽഡ് പോലുള്ള സ്ഥലങ്ങളിൽ തനിച്ച് താമസിക്കാൻ സൗകര്യമുള്ള 2BHK ഫ്ലാറ്റുകൾ 20,000 രൂപയ്ക്ക് ലഭിക്കുമ്പോൾ, എന്തിനാണ് ഒരാൾ 18,000 രൂപയ്ക്ക് ഒരു മുറി മാത്രം വാടകയ്ക്ക് എടുക്കുന്നതെന്നും ആളുകൾ ചോദിക്കുന്നു.