Mario Salcedo: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മനുഷ്യന്‍ എന്ന് ഇയാളെ വിളിക്കുന്നത് എന്തുകൊണ്ടാണ്?

Web Desk   | Asianet News
Published : Mar 18, 2022, 06:07 PM ISTUpdated : Mar 18, 2022, 06:15 PM IST
Mario Salcedo:  ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മനുഷ്യന്‍ എന്ന് ഇയാളെ വിളിക്കുന്നത് എന്തുകൊണ്ടാണ്?

Synopsis

ലോകത്തേറ്റവും സന്തോഷമുള്ള മനുഷ്യന്‍ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്! ഒരു വര്‍ഷം 65000 ഡോളറാണ് (അരക്കോടിയിലേറെ രൂപ)  അദ്ദേഹം ഇതിനായി ചെലവഴിക്കുന്നത്. 

ആഡംബരത്തിന്റെ പര്യായമാണ് ക്രൂയിസ് കപ്പലുകള്‍. അവധിക്കാലം ആഘോഷിക്കാന്‍ പലരും ക്രൂയിസ് കപ്പലുകളില്‍ പോകാറുണ്ട്. എന്നാല്‍, ആ കപ്പലുകളില്‍ വര്‍ഷങ്ങളോളം ഒരാള്‍ക്ക് കഴിയാന്‍ സാധിക്കുമോ?  വളരെ ചിലവേറിയ ഒരേര്‍പ്പാടായത് കൊണ്ട് തന്നെ ആരും അതിന് ശ്രമിക്കാറില്ല. 

എന്നാല്‍ കഴിഞ്ഞ 23 വര്‍ഷമായി ക്രൂയിസ് കപ്പലുകളെ സ്വന്തം വീടാക്കി മാറ്റിയ ഒരാളുണ്ട്, മരിയോ സാല്‍സെഡോ. നൂറുകണക്കിന് ക്രൂയിസുകളിലാണ് ഈ കാലത്തിനിടയില്‍ അദ്ദേഹം യാത്ര ചെയ്തിട്ടുള്ളത്. 'സൂപ്പര്‍ മാരിയോ' എന്നറിയപ്പെടുന്ന അദ്ദേഹം വര്‍ഷത്തില്‍ രണ്ടാഴ്ചയൊഴികെ ബാക്കി സമയമെല്ലാം കടലിലാണ് കഴിയുന്നത്.  ലോകത്തേറ്റവും സന്തോഷമുള്ള മനുഷ്യന്‍ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്! ഒരു വര്‍ഷം 65000 ഡോളറാണ് (അരക്കോടിയിലേറെ രൂപ)  അദ്ദേഹം ഇതിനായി ചെലവഴിക്കുന്നത്. 

 

 

ഫ്‌ലോറിഡയിലെ മിയാമി സ്വദേശിയായ മാരിയോ ഫെഡറല്‍ എക്സ്പ്രസ് ഉള്‍പ്പെടെ നിരവധി വലിയ ഫിനാന്‍സ് കമ്പനികളില്‍ പ്രവര്‍ത്തിച്ചിരുന്നു. കോര്‍പ്പറേറ്റ് ജോലിയുടെ ഭാഗമായി അദ്ദേഹം ഒരുപാട് യാത്രകള്‍ നടത്തി. മിയാമിയിലെ സ്വന്തം വീട്ടില്‍ ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ സമയം ലാറ്റിനമേരിക്കയിലെ വിവിധ ഹോട്ടല്‍ മുറികളിലാണ് അദ്ദേഹം ചെലവഴിച്ചിരുന്നത്. ഏകദേശം 21 വര്‍ഷത്തോളം തുടര്‍ച്ചയായി ജോലി ചെയ്തതോടെ, മരിയോയ്ക്ക് ആ ജീവിതത്തോട് മടുപ്പായി. 

സ്വന്തം വീട് വിടാതെ ലോകം ചുറ്റി സഞ്ചരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഒടുവില്‍ തന്റെ  47 മതെ വയസ്സില്‍ അദ്ദേഹം കോടികള്‍ വരുമാനമുള്ള ജോലിയും, വീടും നാടും എല്ലാം  ഉപേക്ഷിച്ച് ഒരു പുതിയ ജീവിതം പിന്തുടരാന്‍ ഇറങ്ങി തിരിച്ചു. 1997 -ലായിരുന്നു അത്. തുടര്‍ന്ന് മാരിയോ ക്രൂയിസിംഗ് എന്താണെന്ന് മനസ്സിലാക്കാന്‍ ആറ് വ്യത്യസ്ത ക്രൂയിസുകളില്‍ യാത്രകള്‍ നടത്തി. ഈ പരീക്ഷണത്തിനൊടുവില്‍ ഇനി മുന്നോട്ടുള്ള തന്റെ ജീവിതം ഇതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.    

 

 

തുടക്കത്തില്‍ അദ്ദേഹം നിരവധി ക്രൂയിസ് ലൈനുകള്‍ പരീക്ഷിച്ചുവെങ്കിലും റോയല്‍ കരീബിയനാണ് തനിക്ക് ഏറ്റവും അനുയോജ്യമെന്ന് അദ്ദേഹം കണ്ടെത്തി. മരിയോ ഇപ്പോള്‍ കൂടുതല്‍ സമയവും ഒരു റോയല്‍ കരീബിയന്‍ കപ്പലിലാണ് ചിലവഴിക്കുന്നത്. ഇദ്ദേഹം സാധാരണഒരു ഇന്റീരിയര്‍ സ്റ്റേ റൂമാണ് ബുക്ക് ചെയ്യുന്നത്. കാരണം അത് ചെലവ് കുറവാണ്, മാത്രമല്ല അദ്ദേഹം ഉറങ്ങാനും കുളിക്കാനും വസ്ത്രം മാറ്റാനും വേണ്ടി മാത്രമാണ് അത് ഉപയോഗിക്കുന്നത്.

ആളുകളുമായി ഇടപഴകാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹം ജോലി കഴിഞ്ഞ് പൂളില്‍ കുളിക്കാനും മറ്റ് യാത്രക്കാര്‍ക്കൊപ്പം നൃത്തം വയ്ക്കാനും, കപ്പലിലെ റെസ്റ്റോറന്റുകളില്‍ നിന്ന് ആഹാരം കഴിക്കാനും ഇഷ്ടപ്പെടുന്നു. ''സാധാരണ ആളുകളെ പോലെ ഞാന്‍ ഭക്ഷണം കഴിക്കില്ല. അതിനാല്‍ ഞാന്‍ വണ്ണം വയ്ക്കുന്നില്ല. ഞാന്‍ ദിവസവും ഒരു നേരം ആഹാരം ഉപേക്ഷിക്കുന്നു. കൂടാതെ ആരോഗ്യകരമായ ഭക്ഷണം മാത്രമാണ് കഴിക്കുന്നത്, ''അദ്ദേഹം പറയുന്നു. 2023 ഏപ്രില്‍ വരെയുള്ള യാത്രകള്‍ അദ്ദേഹം ക്രൂയിസുകളില്‍ ബുക്ക് ചെയ്തു കഴിഞ്ഞു.  

അതേസമയം ക്രൂയിസ് കപ്പലുകളില്‍ തുടര്‍ച്ചയായി താമസിക്കുന്നത് വളരെ ചെലവേറിയ ഒരേര്‍പ്പാടാണ്, 2്ര3 വര്‍ഷമൊക്കെ ഇത് ചെയ്യുകയാണെങ്കില്‍, പ്രത്യേകിച്ചും. ഒരു കോര്‍പ്പറേറ്റ് ഫിനാന്‍സിയറായി ജോലി ചെയ്തിരുന്ന കാലത്തെ സമ്പാദ്യം കൈയിലുണ്ടെങ്കിലും, തന്റെ ആഡംബരപൂര്‍ണ്ണ ജീവിതശൈലിയെ നിലനിര്‍ത്താന്‍ മരിയോ ഇന്നും ജോലി ചെയ്യുന്നു. സ്വകാര്യ ക്ലയന്റുകളുടെ നിക്ഷേപ പോര്‍ട്ട് ഫോളിയോകള്‍ കൈകാര്യം ചെയ്യുന്ന ജോലിയാണ് അദ്ദേഹത്തിന്റെത്. കപ്പലില്‍ ഇരുന്നും അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിയും, അതിനാല്‍ അദ്ദേഹം അതിനെക്കുറിച്ച് ഒരിക്കലും പരാതിപ്പെടുന്നില്ല. ദിവസവും അഞ്ച് മണിക്കൂര്‍ അദ്ദേഹം ജോലിക്കായി മാറ്റി വയ്ക്കുന്നു. ബാക്കിയുള്ള സമയങ്ങള്‍ താന്‍ ശരിക്കും എന്‍ജോയ് ചെയ്യുകയാണ് എന്നും, ഈ ജീവിതത്തില്‍ ഒട്ടും സ്ട്രെസ് ഇല്ലെന്നും അദ്ദേഹം പുഞ്ചിരിയോടെ പറയുന്നു.

പെട്രോള്‍ വില ഉയരുന്നതിനെ കുറിച്ചോ, ബില്ലുകള്‍ സമയത്തിന് അടക്കേണ്ടതിനെ കുറിച്ചോ, ആഹാരം ഉണ്ടാക്കുന്നതിനെ കുറിച്ചോ, മഹാമാരിയെ കുറിച്ചോ ഒന്നും അദ്ദേഹം വേവലാതിപ്പെടുന്നില്ല. കരയിലെ ജീവിതത്തിന്റെ ചടുലതയില്‍ നിന്നും, സമ്മര്‍ദ്ദത്തില്‍ നിന്നും, അനിശ്ചിതത്വത്തില്‍ നിന്നും എല്ലാം അദ്ദേഹം തീര്‍ത്തും മോചിതനാണ്. ആരോഗ്യമുള്ള കാലത്തോളം കടലിലെ തിരകളുടെ താളത്തിനൊപ്പം ജീവിതം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.  

PREV
click me!

Recommended Stories

വിവാഹമോചന കേസിനായി കോടതി കയറിയിറങ്ങി മടുത്തൂ, ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി പുരോഹിതർ
'ഇത് വിമാനമല്ല'; ക്യാബ് ബുക്ക് ചെയ്ത് കാത്തിരുന്ന യാത്രക്കാരന് ഡ്രൈവറുടെ സന്ദേശം