12-കാരനെ ബലാത്സംഗം ചെയ്ത ടീച്ചർ 58-ാം വയസ്സിൽ കാൻസറിന്‌ കീഴടങ്ങും മുമ്പെഴുതിയത് പശ്ചാത്താപം നിറഞ്ഞ കത്തുകൾ

By Web TeamFirst Published Oct 19, 2021, 5:47 PM IST
Highlights

പന്ത്രണ്ടു വയസ്സുള്ള തന്റെ വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്യുക വഴി താൻ അന്ന് കരിനിഴൽ വീഴ്ത്തിയത് നിരവധി പേരുടെ സന്തോഷങ്ങൾക്കു മേലായിരുന്നു എന്ന് മരിക്കും മുമ്പ് മേരി തിരിച്ചറിഞ്ഞിരുന്നു.

മരണം(Death) കണ്മുന്നിൽ വന്നു നിൽക്കുമ്പോൾ പലരും തങ്ങൾ അന്നോളം ചെയ്ത കാര്യങ്ങൾ ഒന്നൊന്നായി മനസ്സിലിട്ട് പരിശോധിക്കും. പലർക്കും തങ്ങൾ പ്രവർത്തിച്ച പല കാര്യങ്ങളിലും പശ്ചാത്താപം(remorse) തോന്നുന്ന നേരം കൂടിയാവും അത്. ഒരു തിരുത്തും സാധ്യമല്ലാത്ത രീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്ത പലരും ഇങ്ങനെ തങ്ങളുടെ ജീവിതങ്ങളുടെ അവസാന നിമിഷങ്ങൾ ചെലവിട്ടിട്ടുള്ളത് പശ്ചാത്താപവിവശരായിട്ടാണ്. അത്തരത്തിൽ ഒരാളായിരുന്നു മേരി കെ എന്ന സ്‌കൂൾ ടീച്ചറും എന്ന്, 2020 നടന്ന മേരിയുടെ മരണത്തിനു മാസങ്ങൾക്കിപ്പുറം അവരുടെ ലീഗൽ കൗൺസൽമാറിൽ ഒരാൾ പീപ്പിൾ മാഗസിനോട് പറഞ്ഞു. 

ആരാണ് മേരി കെ എന്നല്ലേ? മുഴുവൻ പേര് മേരി കാതറിൻ ലെടൂർന്യു. 2020 -ൽ തന്റെ അന്പതാമത്തെ വയസ്സിൽ ആ സ്‌കൂൾ ടീച്ചർ അന്തരിക്കുമ്പോൾ മണ്ണോടു ചേർന്നത് ഏറെ സംഭവബഹുലമായ ഒരു ജീവിതത്തിലൂടെ കടന്നുപോയ ഒരാത്മാവുകൂടി ആയിരുന്നു. അർബുദം മൂർച്ഛിച്ചായിരുന്നു മേരിയുടെ മരണം. ആയിരക്കണക്കിന് കോപ്പികൾ വിറ്റുപോയ ഒരു പുസ്തകം, തന്റെ ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമായ ഒരു ഓർമ്മക്കുറിപ്പ്,  'ഒരേയൊരു കുറ്റം മാത്രം, പ്രണയം' എഴുതിയതിന്റെ പേരിൽ അമേരിക്കയിൽ പ്രസിദ്ധയാണ് മേരി കാതറിൻ. അവരുടെ പ്രസിദ്ധി ആ പുസ്തകമെഴുതി എന്നതിന്റെ പേരിൽ മാത്രമായിരുന്നില്ല. ആ പുസ്തകത്തിൽ പ്രതിപാദ്യമായ ജീവിതം തെരഞ്ഞെടുത്തു എന്നതിന്റെ പേരിൽ കൂടിയായിരുന്നു. മേരി കാതറിൻ എന്ന പേര് 1996-ൽ അമേരിക്കയിൽ ഏറെ വിവാദം സൃഷ്‌ടിച്ച ഒരു ബലാത്സംഗകേസിലെ പ്രതിയുടേതുകൂടിയാണ്.

സിയാറ്റിലിലെ ബുറിയൻ എന്ന സബർബൻ പട്ടണത്തിലെ ഷോർവുഡ് എലിമെന്ററി സ്കൂളിലെ അധ്യാപികയായിരുന്ന മേരി കാതറിന്റെമേൽ ആരോപിക്കപ്പെട്ട കുറ്റം, അവരുടെ സ്‌കൂളിലെ പന്ത്രണ്ടോ പതിമൂന്നോ മാത്രം വയസ്സ് പ്രായമുണ്ടായിരുന്ന വിദ്യാർത്ഥി വില്ലി ഫൗലാവൂവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നതാതായിരുന്നു. വില്ലി മൈനർ ആയിരുന്നതിനാൽ ആ ബന്ധം നിയമത്തിന്റെ കണ്ണിൽ ബലാത്സംഗത്തിൽ കുറഞ്ഞൊന്നുമല്ലായിരുന്നു. 

1996 -ലെ വേനൽക്കാല അവധിയിലാണ് മേരി എന്ന 34 കാരിയായ, നാലുകുട്ടികളുടെ അമ്മയായ, ഗാർഹിക പീഡനങ്ങൾ നിറഞ്ഞ ഒരു വിവാഹത്തിൽ നിന്ന് മോചിതയായി പുറത്തുവന്ന അധ്യാപികയും, അവരുടെ പ്രിയ വിദ്യാർത്ഥി വില്ലിയും തമ്മിലുള്ള അടുപ്പം ശാരീരിക ബന്ധത്തിന് വഴിമാറിയത്. മേരിയെ നിരന്തരം മർദ്ദിക്കുമായിരുന്നു അവളുടെ ഭർത്താവ്. മദ്യപനും ഉപദ്രവിയുമായ അയാളോടൊപ്പം ഏറെ കഷ്ടപ്പെട്ട ശേഷം, വിവാഹമോചനം നേടി ഒറ്റയ്ക്ക് കഴിഞ്ഞുകൂടുന്നതിനിടെയാണ് അവർ സ്വന്തം വിദ്യാർത്ഥിയായ വില്ലിയെ പരിചയപെപ്പടുന്നതും അവനോട് എടുക്കുന്നതും. അന്ന് വില്ലി സിക്സ്ത് ഗ്രേഡിൽ പഠിക്കുന്ന കാലം.

ജൂൺ 19 -ന് രാത്രി ഒന്നരയോടെ ഇരുവരെയും സിയാറ്റിലിന്റെ മറ്റൊരു സബർബൻ ടൗൺ ആയ ഡെസ് മൊയിൻസ് മറീനയിൽ, റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാറിൽ നിന്ന് പൊലീസ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുന്നത്. ചോദ്യം ചെയ്ത പോലീസിനോട് മേരി ആദ്യം പറഞ്ഞത്,"ഇവന് പതിനെട്ടു വയസ്സ് ആയിട്ടുണ്ട്" എന്നായിരുന്നു. എന്നാൽ, ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയപ്പോഴേക്കും മേരി അവർ തമ്മിൽ കാറിൽ വെച്ച് അടുത്തിടപഴകിയിട്ടുണ്ടായിരുന്നു എന്ന കാര്യം നിഷേധിച്ചു. വീട്ടിലേക്ക് 'ബേബി സിറ്റിങ്ങിനായി' കൊണ്ടുവന്ന വില്ലിയെ ഭർത്താവുമായി ഒരു വഴക്കുണ്ടായതിന്റെ പേരിൽ തിരികെ അവന്റെ വീട്ടിൽ കൊണ്ട് വിടാനിറങ്ങിയതായിരുന്നു താൻ എന്ന് അവർ മൊഴിമാറ്റിപ്പറഞ്ഞു. 

എന്തായാലും, ഈ സംഭവം നടന്ന് രണ്ടുമാസത്തിനകം മേരി കാതറിൻ വില്ലിയുടെ കുഞ്ഞിനെ ഗർഭം ധരിച്ചു. 1997 -ൽ അവർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസ് വന്നു. അവർ കുറ്റം സമ്മതിച്ചു. എന്നാൽ, " വില്ലിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാണ് എന്ന് തനിക്കറിയില്ലായിരുന്നു" എന്നായിരുന്നു മേരി കോടതിയിൽ തന്റെ പക്ഷം ന്യായീകരിച്ചു കൊണ്ട് വാദിച്ചത്. ആ കേസിൽ  വിധി വരാൻ വേണ്ടി കാത്തിരിക്കുന്നതിനിടെ വില്ലിയുടെ കുഞ്ഞിനെ മേരി പ്രസവിച്ചു. 

ഈ സാഹചര്യത്തിൽ കോടതി മേരിക്ക് ആദ്യമായി ചെയ്യുന്ന അപരാധം എന്ന പരിഗണനയിൽ ഒരു പ്ളീ ഡീൽ നൽകി. അവളുടെ ജയിൽശിക്ഷ ആറുമാസമായി ചുരുക്കി. എന്നാൽ, ആ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ മേരി കാതറീനെ വീണ്ടും പൊലീസ് അറസ്റ്റുചെയ്തു. ഇത്തവണയും കാറിൽ അവൾക്കൊപ്പം പിടിക്കപ്പെട്ടത് വില്ലി തന്നെ. അപ്പോഴും അവനു പ്രായപൂർത്തി ആയിട്ടില്ലായിരുന്നതിനാൽ വീണ്ടും കേസ് പഴയതിലധികം ഗൗരവത്തോടെ കോടതിയുടെ മുന്നിൽ എത്തി. ഇത്തവണ കോടതി ഒരു ദാക്ഷിണ്യവും കാണിച്ചില്ല. ഏഴു വർഷത്തേക്ക് മേരിയെ കോടതി ജയിലിലേക്കയച്ചു. ഇത്തവണ മേരി ജയിലിലേക്ക് പോയത് വില്ലിയുടെ കുഞ്ഞിനേയും ഗർഭത്തിൽ പേറിക്കൊണ്ടാണ്. അവരുടെ രണ്ടാമത്തെ കുഞ്ഞ് ജോർജിയ പിറന്നു വീണത് ജയിലഴികൾക്കുള്ളിലാണ്. മേരി ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങും വരെ വില്ലിയുടെ രണ്ടു കുട്ടികളെയും വളർത്തിയത് വില്ലിയുടെ അമ്മയായിരുന്നു. 

ഏഴുവർഷത്തെ ജയിൽവാസം കഴിഞ്ഞ് 2005 -ൽ മേരി മോചിതയായതിനു ശേഷം മെയ് 20 -ന് വില്ലിയും മേരിയും വിവാഹിതരായി. തങ്ങൾക്കിടയിൽ നിലനിന്നിരുന്നത് കേവലം പ്രണയബന്ധം മാത്രമായിരുന്നു എന്ന് പ്രസ്താവിച്ചു കൊണ്ട് അവരെഴുതിയ പുസ്തകമാണ് “Un Seul Crime, L’Amour,” or “Only One Crime, Love.” - 'ഒരേയൊരു പാപം മാത്രം, പ്രണയം' അന്ന് സദാചാരത്തിന്റെ സൂക്ഷ്മദർശിനിക്കണ്ണുകളിൽ ഏറെ വിവാദക്കരടുകൾ വീഴ്ത്തി. അവരുടെ കഥ 'ഓൾ അമേരിക്കൻ ഗേൾ' എന്ന പേരിൽ ഒരു സിനിമയ്ക്കും വഴിതെളിച്ചു. "എന്നെ ആരും ബലാത്സംഗം ചെയ്‌തിട്ടില്ല. ഞാൻ ഒരു ഇരയല്ല. ഒരു അച്ഛനായതിൽ എനിക്ക് പശ്ചാത്താപം ഒട്ടുമില്ല, മേരി കാതറീനെ സ്നേഹിച്ചതിന് ഒട്ടുമില്ല.." എന്നാണ് വില്ലി 2013 -ൽ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ,  2017 -ൽ, ഒരു വ്യാഴവട്ടം നീണ്ടു നിന്ന വിവാഹജീവിതത്തിനൊടുവിൽ, അജ്ഞാതമായ കാരണങ്ങളാൽ വില്ലി-മേരി ദമ്പതികൾ തമ്മിൽ നിയമപരമായി വേർപിരിഞ്ഞു. അധികം താമസിയാതെ മേരിക്ക് സ്റ്റേജ് 4 കോളൺ കാൻസർ ഡയഗ്‌നോസ് ചെയ്യപ്പെട്ടു. 

രോഗം മൂർച്ഛിച്ച് ഏത് നിമിഷവും മരിച്ചേക്കാം എന്ന അവസ്ഥയിൽ മേരി കടന്നുപോയത് കൊടിയ പശ്ചാത്താപത്തിലൂടെയാണ്. ബലാത്സംഗക്കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമുള്ള തന്റെ ജീവിതം ഏറെക്കുറെ സംതൃപ്തമായിരുന്നു എങ്കിലും, പന്ത്രണ്ടു വയസ്സുള്ള ഒരു കുട്ടിയെ ബലാത്സംഗം ചെയ്യുക വഴി താൻ അന്ന് കരിനിഴൽ വീഴ്ത്തിയത് നിരവധി പേരുടെ സന്തോഷങ്ങൾക്കു മേലായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞു. അന്ന് മേരി തന്റെ ലാപ് ടോപ് തുറന്ന് എഴുതാനിരുന്നു. ഒറ്റയിരിപ്പിന് മേരി ഇമെയിൽ അയച്ചത് മുപ്പതോളം പേർക്കാണ്. തന്റെ പ്രവൃത്തികൊണ്ട് പ്രയാസങ്ങൾ അനുഭവിച്ചു എന്ന് ആ നിമിഷം തോന്നിയ ആളുകൾക്ക്. തന്റെ ഒരു കത്ത്, താൻ പ്രവർത്തിച്ച തെറ്റിനെ ഒരുതരത്തിലും ഇല്ലാതാക്കുകയില്ല എന്ന് നല്ല നിശ്ചയമുണ്ടായിരുന്നു എങ്കിലും അവൾ ഉള്ളിന്റെ ഉള്ളിൽ നിന്ന് പുറപ്പെട്ട പശ്ചാത്താപം, വാക്കുകളിലേക്ക് പകർത്തി ആ മനുഷ്യർക്ക് അയച്ചു വിട്ടു. തന്റെ തെറ്റുകളുടെ പേരിൽ പശ്ചാത്തപിക്കുന്ന ഒരു മനസ്സോടെ, ആ കുറ്റബോധം പകർന്നു തന്ന ഹൃദയഭാരത്തോടെയാണ് താൻ ഈ ലോകം വിട്ടുപോവുന്നത് എന്ന് അവരെ അറിയിക്കാൻ അവൾക്ക് തോന്നി. 

 

ജയിൽ വാസം കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം ഒരു ടെലിവിഷൻ ചാനലിന് കൊടുത്ത അഭിമുഖത്തിൽ മേരി പറഞ്ഞത്, അന്ന് ആരെങ്കിലും ഇതൊരു തെറ്റാണ്, നിയമപ്രകാരം കുറ്റമാണ് എന്ന് തന്നോട് പറഞ്ഞിരുന്നെങ്കിൽ, തന്നെ ആരെങ്കിലും ഒന്ന് വിലക്കിയിരുന്നെങ്കിൽ താൻ ഒരിക്കലും അതിനു മുതിരില്ലായിരുന്നു എന്നാണ്. തടവുശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്പോഴേക്കും പ്രായപൂർത്തിയായിരുന്ന തന്റെ ഇരയെ വിവാഹം കഴിച്ചു എന്നത് ഒരിക്കലും തന്റെ കുറ്റകൃത്യത്തെ ന്യായീകരിക്കുന്ന, സാധൂകരിക്കുന്ന ഒരു കാര്യമല്ല എന്ന തികഞ്ഞ ബോധ്യത്തോടെയാണ് മേരി മരണത്തെ പുല്കിയത്. വില്ലിയിൽ നിന്ന് രണ്ടു പെൺകുട്ടികൾ ഉണ്ടായി, സാമാന്യം സുദീർഘമായ ഒരു ദാമ്പത്യം അവനുമായി ഉണ്ടായി എങ്കിലും, ചെയ്തുപോയ കുറ്റത്തിന് അവൾ ഒരിക്കലും അവനവനു മാപ്പു കൊടുത്തിരുന്നില്ല. താൻ പ്രവർത്തിച്ചു പോയ തെറ്റുകൾ പാഠമായി ഉൾക്കൊള്ളണം എന്നും, ഇനി ആരും അത്തരത്തിലുള്ള തെറ്റുകൾ പ്രവർത്തിക്കരുത് എന്നുമാണ് മേരി അവസാന ശ്വാസം വരെയും ആവർത്തിച്ചുകൊണ്ടിരുന്നത്.  

 

click me!