ബാലവിവാഹത്തിന്‍റെ പേരില്‍ ഭര്‍ത്താക്കന്മാര്‍ അറസ്റ്റില്‍, ഭാര്യമാരുടെ പ്രതിഷേധം, 17 -കാരിയുടെ ആത്മഹത്യയും

By Web TeamFirst Published Feb 7, 2023, 12:38 PM IST
Highlights

അസമില്‍ മാതൃ-ശിശു മരണ നിരക്ക് വളരെ ഉയര്‍ന്ന നിലയിലാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ബാലവിവാഹങ്ങളെയാണ്. 

ബാലവിവാഹം ഇന്ത്യയില്‍ നിരോധിച്ചതാണ്. എന്നാൽ, അടുത്തിടെ വിവിധയിടങ്ങളില്‍ ബാലവിവാഹങ്ങളുമായി ബന്ധപ്പെട്ട് അനേകം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിനിടെ, ബാലവിവാഹവുമായി ബന്ധപ്പെട്ട് കൂട്ട അറസ്റ്റ് നടന്ന അസമില്‍ തന്‍റെ വിവാഹം മുടങ്ങിയതിന്‍റെ പേരില്‍ ഒരു 17 -കാരി ജീവനൊടുക്കി. 

അസമിലെ കച്ചാര്‍ ജില്ലയിലെ ഖസ്പുര്‍ സ്വദേശിയാണ് ജീവനൊടുക്കിയ പെണ്‍കുട്ടി. പെണ്‍കുട്ടി നേരത്തെ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹവും വീട്ടുകാര്‍ നിശ്ചയിച്ചു. എന്നാല്‍, അതിനിടെയാണ് അസമില്‍ ബാലവിവാഹത്തിന്‍റെ പേരില്‍ അനേകം പേര്‍ അറസ്റ്റിലായത്. ഇതോടെ വീട്ടുകാര്‍ ആ വിവാഹം വേണ്ട എന്ന് വയ്ക്കുകയായിരുന്നു. ഇതിന്‍റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് വിവരം. 

അതുപോലെ കൂട്ട അറസ്റ്റ് നടക്കുന്നതിനിടയില്‍ ഭര്‍ത്താക്കന്മാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഭാര്യമാരും രംഗത്തെത്തി. കഴിഞ്ഞ ദിവസം ഗോലക്ഗഞ്ചില്‍ പൊലീസ് സ്റ്റേഷനിലെത്തി ഒരു 23 -കാരി ഭീഷണി മുഴക്കിയിരുന്നു. ബാലവിവാഹത്തിന്‍റെ പേരില്‍ അറസ്റ്റിലായിരിക്കുന്ന തന്‍റെ ഭര്‍ത്താവിനെയും പിതാവിനെയും വിട്ടയച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്നായിരുന്നു 23 -കാരിയായ അഫ്രോസ ഖാത്തൂന്‍ ഭീഷണിപ്പെടുത്തിയത്. 

മുഖ്യമന്ത്രിക്ക് നേരെയായിരുന്നു ഇവരുടെ പ്രതിഷേധം. എന്തിനാണ് തന്‍റെ ഭര്‍ത്താവിനെയും അച്ഛനെയും മുഖ്യമന്ത്രി പിടികൂടിയത് എന്നായിരുന്നു ചോദ്യം. ഒപ്പം വിവാഹിതയാകുമ്പോള്‍ തനിക്ക് 23 വയസുണ്ടായിരുന്നു എന്നും യുവതി ആരോപിച്ചു. ഇതുപോലെ ഭര്‍ത്താവിനെയും പിതാവിനെയും അറസ്റ്റ് ചെയ്ത അനവധി യുവതികള്‍ അസമില്‍ പ്രതിഷേധവുമായി എത്തി. വിവിധ സ്റ്റേഷനുകള്‍ക്ക് മുന്നിലെത്തിയായിരുന്നു കുട്ടികളടക്കം സ്ത്രീകള്‍ പ്രതിഷേധിച്ചത്. 

ശൈശവവിവാഹത്തില്‍ കൂട്ട അറസ്റ്റ് 

എന്നാല്‍, മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയുടെ നിര്‍ദ്ദേശ പ്രകാരം അസമില്‍ ശൈശവവിവാഹത്തില്‍ കൂട്ട അറസ്റ്റ് തുടരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ സംസ്ഥാനത്ത് നാലായിരത്തിലധികം ശൈശവ വിവാഹങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. വളരെ പെട്ടെന്ന് തന്നെ 1800 പേര്‍ ബാലവിവാഹവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലാവുകയും ചെയ്തു. 

ഇതുമായി ബന്ധപ്പെട്ട്, "ശൈശവ വിവാഹ നിരോധന നിയമപ്രകാരം 1800 -ലധികം പേര്‍ ഇതുവരെ അറസ്റ്റിലായി കഴിഞ്ഞു. സ്ത്രീകൾക്കെതിരെ ഇത്തരം നീചപ്രവൃത്തി ചെയ്യുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് താൻ അസം പൊലീസിനോട് പറഞ്ഞിരിക്കുന്നത്" എന്നായിരുന്നു ഹിമന്ദ ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തത്. 

14 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ വിവാ​ഹം ചെയ്യുന്ന പുരുഷന്മാർക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം 14 -നും 18 -നുമിടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം ചെയ്യുന്നവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസ് എടുക്കാനാണ് അസം മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ശൈശവ വിവാഹത്തിനെതിരായിട്ടുള്ള ഈ പോരാട്ടം മതനിരപേക്ഷമാണ്, ഒരു വിഭാഗത്തിനും ഒരിളവും ഉണ്ടാകില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കുന്ന പുരോഹിതന്മാരും അറസ്റ്റിലാകും എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. 

അസമില്‍ മാതൃ-ശിശു മരണ നിരക്ക് വളരെ ഉയര്‍ന്ന നിലയിലാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ബാലവിവാഹങ്ങളെയാണ്. 

കേരളത്തിലും ശൈശവവിവാഹങ്ങൾ

കേരളത്തിലും അടുത്തിടെ ശൈശവവിവാഹവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  തിരുവനന്തപുരം നെടുമങ്ങാട് പീഡ‍ിപ്പിച്ച പ്രതിയെക്കൊണ്ട് തന്നെ 16 വയസുള്ള പെൺകുട്ടിയെ ശൈശവ വിവാഹം കഴിപ്പിച്ച കേസിൽ മൂന്ന് പേര്‍ അറസ്റ്റിലായത് കഴിഞ്ഞ മാസമാണ്. 

അതുപോലെ കഴിഞ്ഞ മാസം തന്നെ ഇടമലക്കുടിയിൽ 15 വയസുകാരിയെ 47 -കാരൻ വിവാഹം ചെയ്തതിലും അന്വേഷണം നടന്നു. ​ഗോത്രാചാര പ്രകാരമായിരുന്നു ഈ വിവാഹം. 47 -കാരനെതിരെയും പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെയുമായിരുന്നു കേസെടുത്തത്. 

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മൂന്നാറിൽ 17 വയസുകാരിയെ 26 -കാരൻ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് ദേവികുളം പൊലീസ് കേസെടുത്തത്. പെൺകുട്ടി ഏഴ് മാസം ​ഗർഭിണിയായിരുന്നു. പെൺകുട്ടിയുടെ ഭർത്താവിനെതിരെ പോക്സോ കേസും ചുമത്തിയിരുന്നു. 

കണക്കുകൾ പ്രകാരം ലോകത്തിലെ ശൈശവ വിവാഹങ്ങളിൽ മൂന്നിലൊന്നും നടക്കുന്നത് ഇന്ത്യയിലാണ്. എന്നാൽ, 1930 ഏപ്രിൽ ഒന്നിന് ശൈശവവിവാഹ നിയന്ത്രണ നിയമം പ്രാബല്യത്തിൽ വന്നു. ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു ഇത്. എന്നാൽ,  2007 നവംബർ 1-ന് പ്രാബല്യത്തിൽ വന്ന ശൈശവവിവാഹ നിരോധന നിയമ പ്രകാരം ഇന്ത്യയിൽ പൂർണമായും പ്രായപൂർത്തായാവാത്തവരുടെ വിവാഹങ്ങൾ നിരോധിച്ചിരിക്കുന്നു. എന്നാൽ, ഒളിഞ്ഞും തെളിഞ്ഞും ഇന്നും പലയിടങ്ങളിലും ഇവ സജീവമായി നടക്കുന്നു എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 

2018 -ൽ ബിഹാറിൽ സ്ത്രീധനത്തിനും ശൈശവ വിവാഹങ്ങൾക്കും എതിരെ ബോധവൽക്കരണവുമായി സംഘടിപ്പിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യച്ചങ്ങല

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട് അനവധി സാമൂഹികവും ആരോ​ഗ്യപരവുമായ പ്രശ്നങ്ങൾ കാലങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പെൺകുട്ടികൾ ശാരീരികമായിട്ടുള്ള ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നുവെന്നത് ബാലവിവാഹവുമായി ബന്ധപ്പെട്ട് എപ്പോഴും ഉയർത്തിക്കാണിക്കപ്പെടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. ബാലവിവാഹം നടക്കുന്ന അസം അടക്കമുള്ള സംസ്ഥാനങ്ങളിൽ മാതൃ-ശിശു മരണ നിരക്കും വളരെ ഉയർന്ന നിലയിലാണ്. 

click me!