'രാജ്മ ചവൽ' ഒരിക്കലും മതിയാകില്ല, കാരണം ഓരോ ഉരുളയും വീണ്ടും പ്രണയത്തിലാകുന്നതുപോലെയാണ്! വൈറല്‍ പോസ്റ്റ്

By Web TeamFirst Published Feb 7, 2023, 11:14 AM IST
Highlights

ഓരോ വ്യക്തിയെയും അവരവരുടെ ദേശവുമായി ബന്ധപ്പെട്ട ഏറ്റവും പൊതുവായ ഭക്ഷണം എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് ഈ മറുപടി കുറിപ്പിലൂടെ കടന്ന് പോകുമ്പോള്‍ നിങ്ങള്‍ക്കും വ്യക്തമാകും. അതെ ഭക്ഷണം ഒരു വികാരമാണ്. 

ഓരോ ദേശത്തിനും പൊതുവായി ഒരു ഭക്ഷണ സംസ്കാരമുണ്ടാകും. മലയാളികളെ സംബന്ധിച്ചാണെങ്കില്‍ ഊണ് ഒരു പ്രധാന ഭക്ഷണമാണ്. സമീപകാലത്തായി പൊറോട്ടയും കേരളീയരുടെ പ്രധാന ഭക്ഷണ ഇനമായി പരിഗണിക്കപ്പെടുന്നു. പൊതുസമൂഹത്തില്‍ ഒരു ഭക്ഷണം നേടുന്ന സ്വീകാര്യതയാണ് ഇത്തരം തെരഞ്ഞെടുപ്പിന് കാരണം. അത് പോലെ തന്നെയാണ് ഉത്തരേന്ത്യക്കാര്‍ക്ക് 'രാജ്മ ചവല്‍'. രാജ്മ എന്ന പയര്‍ കറിയും ജീര ചോറുമാണ്  'രാജ്മ ചവല്‍' ലെ പ്രധാന ഇനങ്ങള്‍. ഒപ്പം വലിയ ഉള്ളിയും മറിച്ചിട്ടിട്ടുണ്ടാകും. ഉത്തരേന്ത്യയിലെ ബഹുഭൂരിപക്ഷം പേരുടെയും ഭക്ഷണമാണ് ഈ രാജ്മ ചവല്‍. രാജ്മ ചവലിനെ കുറിച്ച് എന്താണെന്നല്ലേ...? കാര്യമുണ്ട്. 

ഭക്ഷണം എന്നത് ഓരോ ദേശത്തിന്‍റെയും സംസ്കാരവുമായി ഇഴുകി ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ്. അത് കൊണ്ട് തന്നെ അതിനെ കുറിച്ചെന്തെങ്കിലും എവിടെയെങ്കിലും ആരെങ്കിലും പറഞ്ഞാല്‍ അത് പെട്ടെന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധയില്‍ വരുന്നു. ഭക്ഷണം പലപ്പോഴും ഒരു വികാരമായി മാറുന്നു. അതായത് മലയാളിക്ക് ചോറുപോലെയാണ് ഉത്തരേന്ത്യക്കാര്‍ക്ക് രാജ്മ ചവല്‍. അതിനാല്‍ തന്നെ രാജ്മയെ കുറിച്ചുള്ള എന്തും ഉത്തരേന്ത്യയില്‍ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു ചിത്രം സ്വിഗ്ഗി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചു. ഒരാളുടെ  വെളുത്തനിറം തേച്ച് പിടിച്ച പിന്‍ കൈയുടെ ചിത്രമായിരുന്നു അത്. അതില്‍ 'राजमा चावल' എന്ന് എഴുതിയിരിക്കുന്നു. ഹാഫ് കൈയുടെ താഴെയായി കൈയിലെ രോമം നീക്കം ചെയ്ത ശേഷമാണ് ഈ എഴുത്ത്.  ചിത്രം പ്രസിദ്ധപ്പെടുത്തിയതിനൊപ്പം സ്വിഗ്ഗി ഇങ്ങനെ കുറിച്ചു "എപ്പോഴെങ്കിലും എന്തെങ്കിലും ഇഷ്ടപ്പെട്ടിരുന്നെങ്കിൽ അത് എന്നേക്കും നിങ്ങളോടൊപ്പം നിൽക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു."

 

ever loved something so much you want it to stay with you forever pic.twitter.com/DP9nTdUSNR

— Swiggy (@Swiggy)

വളരെ പെട്ടെന്ന് തന്നെ സിഗ്ഗിയുടെ ചിത്രം നെറ്റിസണ്‍സിനിടെയില്‍ പ്രചരിക്കപ്പെട്ടു. 29,000 ത്തില്‍ അധികം ആളുകളിലൂടെ ആ ചിത്രം കടന്ന് പോയി. നിരവധി കമന്‍റുകളും ലഭിച്ചു. ചിലര്‍ ചായ എന്ന് മറുപടി നല്‍കിയപ്പോള്‍ ചിലര്‍ ഭട്ടൂരയെന്നായിരുന്നു മറുപടി പറഞ്ഞത്. 'രാജ്മ ചവൽ, ഒരിക്കലും മതിയാകില്ല, കാരണം ഓരോ ഉരുളയും വീണ്ടും പ്രണയത്തിലാകുന്നതുപോലെയാണ്. ഒരാള്‍ എഴുതി. ചിലര്‍ ചോല ഭട്ടൂരയുടെ ചിത്രം പതിക്കുമെന്ന് അവകാശപ്പെട്ടു. മറ്റൊരാള്‍ ഒരു കൈയില്‍ ചോല ഭട്ടൂരയും മറുകൈയില്‍ പാവ് ഭാജിയും ടാറ്റൂ ചെയ്യുമെന്നറിയിച്ചു. മറ്റൊരാള്‍ ഒരു പടികൂടി കടന്ന്, കൈയില്‍  "ചോലെ കുൽച്ചെ" എന്ന് ടാറ്റൂ ചെയ്ത ചിത്രം തന്നെ പോസ്റ്റ് ചെയ്തു. ഓരോ വ്യക്തിയെയും അവരവരുടെ ദേശവുമായി ബന്ധപ്പെട്ട ഏറ്റവും പൊതുവായ ഭക്ഷണം എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് ഈ മറുപടി കുറിപ്പിലൂടെ കടന്ന് പോകുമ്പോള്‍ നിങ്ങള്‍ക്കും വ്യക്തമാകും. അതെ ഭക്ഷണം ഒരു വികാരമാണ്. 

കൂടുതല്‍ വായിക്കാന്‍:   'ഇന്ത്യയിലെ പറക്കുന്ന ബോട്ട്'; സ്ഫടികം പോലെ തെളിഞ്ഞ ജലാശയത്തിലൂടെ നീങ്ങുന്ന ബോട്ടിന്‍റെ വീഡിയോ!  

 

click me!