
രക്ഷാപ്രവർത്തനത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥനെ കുത്തി മറിച്ചിട്ട് കാട്ടുപന്നി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പ്രകൃതിയിലെ അപകടകാരികളാണ് കാട്ടുപന്നികൾ. അവ തങ്ങൾക്ക് മുന്നിലുള്ളത് എന്ത് തന്നെയായാലും അത് കുത്തി മറിച്ച് സ്വന്തം വഴിയുണ്ടാക്കി കടന്ന് പോകുന്നു. സംഭവം നടന്നത് ഉത്തർപ്രദേശിലാണ്.
ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിലെ ഉജ്ജാനി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സിർസൗലി ഗ്രാമത്തിലിറങ്ങിയ കാട്ടുപന്നികളും ചെയ്തത് മറ്റൊന്നല്ല. കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. പ്രദേശത്ത് അലഞ്ഞുതിരിയുന്ന കാട്ടുപന്നി വിളനാശം ഉണ്ടാക്കുന്നെന്ന് ഗ്രാമവാസികൾ വനംവകുപ്പിൽ പരാതിപ്പെട്ടു. ഇതിനെ തുടർന്ന് ഫോറസ്റ്റ് ഓഫീസർ ശുഭം പ്രതാപ് സിംഗും സഹപ്രവർത്തകരും സ്ഥലത്തെത്തി കാട്ടുപന്നിയെ പിടിക്കാനുള്ള ശ്രമം ആരംഭിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വല ഉപയോഗിച്ച് കാട്ടുപന്നിയെ വളഞ്ഞ് സുരക്ഷിതമായി പിടികൂടാനായിരുന്നു പദ്ധതി. സംഗതി കാട്ടുപന്നിയാണ്. പദ്ധതി പാളി. കാട്ടുപന്നി ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെ അക്രമിച്ചു. അതും ഏതാണ്ട് രണ്ട് മിനിറ്റോളം നേരം. സഹപ്രവർത്തകനെ രക്ഷിക്കാനായി മറ്റ് ഉദ്യോഗസ്ഥർ ചേർന്ന് കാട്ടുപന്നിയെ തല്ലുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ അവർ മൃഗത്തെ ഓടിച്ച് പരിക്കേറ്റ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി.
വീഡിയോ ഇതിനകം 25 ലക്ഷം പേരാണ് കണ്ടത്. നിരവധി പേർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആശങ്കയും ആരാധനയും പ്രകടിപ്പിച്ചു. മനുഷ്യൻ vs. പന്നി: ജോലിസ്ഥലത്തെ അപകടത്തിന്റെ പ്രകൃതിയുടെ പതിപ്പെന്നായിരുന്നു ഒരു കാഴ്ചക്കാരൻറെ കുറിപ്പ്. പലരും ഓഫീസർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് എഴുതി. വലകൾക്കും വടികൾക്കും പകരം വനംവകുപ്പ് ഉദ്യോഗസ്ഥർ തോക്ക് ഉപയോഗിക്കേണ്ട കാലം കഴിഞ്ഞെന്ന് ചിലരെഴുതി. ഏറെ പേർ ഉദ്യോഗസ്ഥ സംഘത്തിന്‍റെ ധൈര്യത്തെ പ്രശംസിച്ചു.