ഒളിക്ക്യാമറ വച്ച് തിരുമ്മുകാരൻ പകർത്തിയത് 900 -ത്തിലധികം സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ, കുടുക്കിയതിങ്ങനെ

By Web TeamFirst Published Oct 21, 2021, 9:51 AM IST
Highlights

ഒരു ലാപ്‌ടോപ്പിലും ചുവന്ന ലൈറ്റിലും ഘടിപ്പിച്ചിരിക്കുന്ന ഒരു ക്ലോക്ക് അവിടെ കണ്ട യുവതിക്ക് സംശയം തോന്നുകയും ഉടനെ തന്നെ ആമസോണില്‍ 'ഡിജിറ്റൽ ക്ലോക്ക്, ഹിഡൻ ക്യാമറ' എന്ന് തിരയുകയുമായിരുന്നു. 

900 -ത്തിലധികം സ്ത്രീകള്‍ വസ്ത്രം മാറുന്നത് രഹസ്യമായി ചിത്രീകരിച്ച(hidden camera) ഒരു തിരുമ്മുകാരൻ നേരത്തെ ജയിലിലായിരുന്നു. എന്നാല്‍, നാലുവർഷത്തിൽ നിന്നും മൂന്നു വർഷത്തേക്ക് ഇയാളുടെ ശിക്ഷാ കാലാവധി കുറച്ചിരിക്കുകയാണ് അപ്പീൽ കോടതി. ഇത് അനീതിയാണ് എന്ന് ഇയാളെ കുടുക്കാന്‍ കാരണക്കാരിയായ സ്ത്രീ പറയുന്നു. 

പീറ്റർബറോയിൽ(Peterborough) നിന്നുള്ള ജൂലിയൻ റോഡിസ്(Julian Roddis) എന്ന അമ്പതുകാരനാണ് പിടിക്കപ്പെട്ടത്. സംശയാസ്പദമായി കാണപ്പെട്ട ഒരു ക്ലോക്കാണ് ഇയാളെ പിടികൂടുന്നതിലേക്ക് നയിച്ചത്. ഇത് ഇയാള്‍ 2000 വീഡിയോകൾ നിർമ്മിക്കാൻ ഉപയോഗിച്ചതായി പിന്നീട് കണ്ടെത്തി. അപ്പീൽ കോടതിയിൽ ഇയാളുടെ ജയിൽ കാലാവധി നാല് വർഷത്തിൽ നിന്ന് മൂന്നായി കുറച്ചിരിക്കുകയാണ് ഇപ്പോൾ. ഇത് തങ്ങൾക്ക് നീതികിട്ടാത്തതിന് തുല്യമാണ് എന്നും ഇയാളെ പിടികൂടുന്നതിലേക്ക് നയിച്ച സ്ത്രീ പറയുന്നു. ആ സമയത്ത് അവര്‍ ഗര്‍ഭിണിയായിരുന്നു. 

ജൂലൈയിൽ പീറ്റർബറോ ക്രൗൺ കോടതിയിലാണ് ഇയാളെ ആദ്യം ശിക്ഷിച്ചത്. അയാളെ പിടികൂടിയ സ്ത്രീ അഞ്ചര മാസം ഗർഭിണിയായിരുന്നപ്പോഴാണ് ഇയാളുടെ അടുത്ത്  മസാജ് ചെയ്യുന്നതിനായി എത്തിയത്. ഒരു ലാപ്‌ടോപ്പിലും ചുവന്ന ലൈറ്റിലും ഘടിപ്പിച്ചിരിക്കുന്ന ഒരു ക്ലോക്ക് അവിടെ കണ്ട യുവതിക്ക് സംശയം തോന്നുകയും ഉടനെ തന്നെ ആമസോണില്‍ 'ഡിജിറ്റൽ ക്ലോക്ക്, ഹിഡൻ ക്യാമറ' എന്ന് തിരയുകയുമായിരുന്നു. ആദ്യം തന്നെ വന്നത് അവിടെ കണ്ട അതേ ഉപകരണത്തിന്‍റെ ചിത്രമായിരുന്നു. അവര്‍ പിന്നീട് പൊലീസിൽ പരാതി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. അയാള്‍ ശിക്ഷിക്കപ്പെട്ട സമയത്ത് വീഡിയോയിലുള്ള ഒമ്പത് സ്ത്രീകളെ മാത്രമാണ് തിരിച്ചറിഞ്ഞത്. 

ഇയാളെ കുടുക്കിയ യുവതി പറഞ്ഞു: 'കേസ് നോക്കുന്ന ഡിറ്റക്ടീവ് എന്നെ ബന്ധപ്പെടുന്നത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്. ശിക്ഷ വളരെ കഠിനമാണെന്ന് കാണിച്ച് പ്രതി ഒരു അപ്പീൽ നൽകിയതായി അപ്പോഴാണ് അറിയുന്നത്. അപ്പീൽ കോടതി അയാളുടെ അപ്പീൽ അനുവദിക്കുകയും ശിക്ഷാകാലാവധി മൂന്ന് വർഷമായി കുറയ്ക്കുകയും ചെയ്തു. അതിന്‍റെ അര്‍ത്ഥം എന്താണ്? തിരിച്ചറിഞ്ഞ ഓരോ സ്ത്രീക്കും നാല് മാസം എന്നാണോ? അത് അങ്ങേയറ്റം മോശം കാര്യമാണ്. ഇത് ഞങ്ങളുടെ സ്വകാര്യതയുടെ ലംഘനമായിരുന്നു. നമുക്ക് നീതി കിട്ടിയതായി തോന്നുന്നില്ല.' 

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്നും സ്ത്രീകള്‍ക്ക് നീതി കിട്ടുന്നില്ലെന്നും അവര്‍ പറയുന്നു. 

click me!