'ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല'; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

Published : Jul 02, 2026, 04:36 PM IST
Israeli Embassies in india Without salary internship

Synopsis

ഇന്ത്യയിലെ ഇസ്രായേൽ എംബസി ആറ് മാസത്തെ ശമ്പളമില്ലാത്ത ഇന്‍റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായി. ഉയർന്ന യോഗ്യതകളും ഉത്തരവാദിത്തങ്ങളും ആവശ്യപ്പെടുന്ന തസ്തികയ്ക്ക് പ്രതിഫലം നൽകാത്തത് ചൂഷണമാണെന്ന് ഉപയോക്താക്കൾ ആരോപിച്ചു.

 

ന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിലിൽ പങ്കുവെച്ച ഒരു തൊഴിൽ പരസ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ആറ് മാസത്തെ ഇന്‍റേൺഷിപ്പിനായി അപേക്ഷ ക്ഷണിച്ച് കൊണ്ടുള്ളതായിരുന്നു പോസ്റ്റ്. എന്നാൽ, ഈ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തൊഴിൽക്കാലത്ത് യാതൊരുവിധ പ്രതിഫലവും നൽകില്ലെന്ന 'നിബന്ധന'യാണ് എക്സ് ഉപയോക്താക്കളെ ചൊടിപ്പിച്ചത്.

'ഉത്തരവാദിത്വം വലുത് പക്ഷേ, ശമ്പളമില്ല'

"ഇന്‍റേൺഷിപ്പ് അവസരം! പൊളിറ്റിക്കൽ ഡിപ്പാർട്ട്മെന്‍റിലേക്ക് ഒപ്പം പ്രവർത്തിക്കാൻ താൽപ്പര്യമുള്ള ഒരു 'പൊളിറ്റിക്കൽ ഇന്‍റേണിനെ' ഇസ്രായേൽ എംബസി തേടുന്നു. ഭൗമരാഷ്ട്രീയം, അന്താരാഷ്ട്ര വിഷയങ്ങൾ, ബഹുരാഷ്ട്ര ബന്ധങ്ങൾ എന്നിവയിൽ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം! കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പമുള്ള മാനദണ്ഡങ്ങൾ ശ്രദ്ധിക്കുക," ഇതായിരുന്നു എംബസിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. എംബസിയിലെ പൊളിറ്റിക്കൽ ഡിപ്പാർട്ട്മെന്‍റിന്‍റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ താല്പര്യവും കൃത്യതയുമുള്ള ഒരു ഉദ്യോഗാർത്ഥിയെയാണ് ആവശ്യമെന്ന് കുറിപ്പിൽ പറയുന്നു. 

 

 

എംബസിയുടെ രാഷ്ട്രീയ വിശകലനങ്ങൾ, സ്റ്റേക്ക്ഹോൾഡർമാരുമായുള്ള സമ്പർക്കം, ആഭ്യന്തര - അന്തർദേശീയ രാഷ്ട്രീയ വിഷയങ്ങളിലെ റിപ്പോർട്ടിംഗ് എന്നിവയിലാണ് പ്രധാനമായും സഹായിക്കേണ്ടത്. പൊളിറ്റിക്കൽ സയൻസ്, ഇന്‍റർനാഷണൽ റിലേഷൻസ് അല്ലെങ്കിൽ സമാനമായ വിഷയങ്ങളിൽ ബാച്ചിലർ ബിരുദമോ അതിന് മുകളിലോ ഉള്ളവർക്കും രാഷ്ട്രീയ വിശകലനം, നയതന്ത്രം, പബ്ലിക് പോളിസി അല്ലെങ്കിൽ ഗവൺമെന്‍റ് കാര്യങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. ആഭ്യന്തര - അന്തർദേശീയ രാഷ്ട്രീയ വ്യവസ്ഥകളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കണം. ഇത്രയും കഠിനമായ യോഗ്യതകളും ഉത്തരവാദിത്തങ്ങളും ആവശ്യപ്പെട്ട ശേഷമാണ്, "ഇത് 6 മാസത്തെ ശമ്പളമില്ലാത്ത ഇന്‍റേൺഷിപ്പ് ആയിരിക്കും" എന്ന് എംബസി വ്യക്തമാക്കിയത്. ഇതാണ് ഉദ്യോഗാർത്ഥികളെയും സോഷ്യൽ മീഡിയയെയും ചൊടിപ്പിച്ചത്.

 

 

'അടിമകളെയാണോ നോക്കുന്നത്?'

എംബസിയുടെ ഈ നിബന്ധനയ്ക്കെതിരെ റീ - ട്വീറ്റുകളിലൂടെയും കമന്‍റുകളിലൂടെയും രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. "നിങ്ങൾ അടിമകളെയാണോ ജോലിക്ക് എടുക്കുന്നത്?" എന്ന് ഒരാൾ പരസ്യമായി ചോദിച്ചു. "ചതിക്കുഴിയിൽ വീഴരുത് ഭാരതീയരെ. മറ്റൊരു രാജ്യത്തിന് വേണ്ടിയല്ല, നമ്മുടെ ഇന്ത്യക്ക് വേണ്ടി ജോലി ചെയ്യൂ," എന്നായിരുന്നു മറ്റൊരാളുടെ ഉപദേശം. "6 മാസത്തേക്ക് ശമ്പളമില്ലാത്ത ഇന്‍റേൺഷിപ്പോ?" എന്നും ചിലർ ആശ്ചര്യപ്പെട്ടു. "6 മാസം പ്രതിഫലം നൽകാതെയോ? കുറച്ചെങ്കിലും നാണം വേണം," എന്നായിരുന്നു മറ്റൊരു കമന്‍റ്. "ഒരു വലിയ രാജ്യത്തിന്‍റെ എംബസി നടത്തിക്കൊണ്ട്, 'ശമ്പളമില്ലാത്ത ഇന്‍റേൺഷിപ്പ്' എന്ന് പരസ്യമായി പ്രഖ്യാപിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു? നയതന്ത്രപരമായി ഇത് എത്രത്തോളം ശരിയാണ്?" എന്നും സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയരുന്നുണ്ട്. യുദ്ധം ഇസ്രയേലിനെ തകർത്തെത്തും ജോലിക്ക് ശമ്പളം നൽകാൻ പോലുമുള്ള പണം ഇല്ലാതായെന്നുമുള്ള പരിഹാസങ്ങളും വേറെ. അതേസമയം ഇത്രയേറെ ഉത്തരവാദിത്തങ്ങളുള്ള ഒരു തസ്തികയിലേക്ക് ആറുമാസക്കാലം യാതൊരു ആനുകൂല്യങ്ങളും നൽകാതെ ആളുകളെ നിയമിക്കുന്നത് ചൂഷണമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

 

PREV
Read more Articles on
click me!

Recommended Stories

ലക്ഷങ്ങളുടെ കോർപ്പറേറ്റ് ജോലി വേണ്ടെന്നുവെച്ചു; 33 -ാം വയസ്സിൽ വെയ്‌ട്രസ്സായി, ആരോ​ഗ്യപ്രശ്നങ്ങൾ അപ്രത്യക്ഷമായെന്ന് യുവതി
ഇന്ത്യൻ സന്ദർശനത്തിന് പിന്നാലെ യുവതിയുടെ തലച്ചോറിൽ 38 വിരകൾ! ജീവിതകാലം മുഴുവനും മരുന്ന് കഴിക്കണം