
യുകെ സ്വദേശിയായ ഒരു യുവതിയുടെ തലച്ചോറിൽ 38 വിരകൾ കണ്ടെത്തിയതായി റിപ്പോർട്ട്. മൂന്ന് മാസം നീണ്ടുനിന്ന ഇന്ത്യ സന്ദർശനത്തിനിടയിൽ ബാധിച്ച 'ടേപ്പ് വേം' ആണ് ഇതിന് കാരണമായതെന്ന് ഡോക്ടർമാർ വിശ്വസിക്കുന്നു. നിലവിൽ 42 വയസ്സുള്ള ലോറി ഡെൻമാൻ 2007-ലാണ് ഇന്ത്യ സന്ദർശിച്ചതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ചുറ്റിക്കണ്ടതും. യാത്രയിലുടനീളം താൻ മാംസാഹാരം പൂർണ്ണമായും ഒഴിവാക്കിയിരുന്നു എന്ന് ലോറി പറയുന്നു. എന്നാൽ, യാത്ര കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് തനിക്ക് എന്തോ ആരോഗ്യപ്രശ്നമുണ്ടെന്ന് അവർ തിരിച്ചറിയുന്നത്. ഒരു റെസ്റ്റോറന്റിലെ ശൗചാലയം ഉപയോഗിക്കുന്നതിനിടെ ഒരു മീറ്ററോളം നീളമുള്ള ഒരു നാടവിര തൻ്റെ ശരീരത്തിൽ നിന്ന് പുറത്തുപോയതായി ഇവർ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട് പറയുന്നത്.
യാത്രയ്ക്കിടയിൽ ലോറി കഴിച്ച ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ അറിയാതെ ശരീരത്തിലെത്തിയ നാടവിരയുടെ അദൃശ്യമായ മുട്ടകളാകാം ഈ രോഗബാധയ്ക്ക് കാരണമായതെന്നാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോ. ബ്രണ്ടൻ ഹീലി കരുതുന്നത്. ഇത് 'ന്യൂറോസിസ്റ്റിസെർക്കോസിസ്' എന്ന അവസ്ഥയ്ക്ക് കാരണമായി.
അസുഖം തുടങ്ങിയത് എന്ന്?
വിര പുറത്തുപോയതിനെത്തുടർന്ന് അവർ ഡോക്ടറെ കണ്ട് മലപരിശോധന നടത്തിയെങ്കിലും ഫലം തൃപ്തികരമായിരുന്നു. ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ അവർ സാധാരണ ജീവിതം തുടർന്നു. എന്നാൽ, ഒരു വർഷത്തിനുള്ളിൽ ലോറിക്ക് കഠിനമായ തലവേദന അനുഭവപ്പെടാൻ തുടങ്ങി. "എനിക്ക് വാക്കുകൾ ഉച്ചരിക്കാൻ പോലും ബുദ്ധിമുട്ട് തോന്നിത്തുടങ്ങിയിരുന്നു" ലോറി വെളിപ്പെടുത്തുന്നു. "പിന്നീട് ബോധം വരുമ്പോൾ ഞാൻ ഒരു ആംബുലൻസിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല."
ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് യുവതിയുടെ തലച്ചോറിൽ 38 വിരകൾ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തിയത്. "സ്കാൻ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം തലച്ചോറിൽ 38 വിരകൾ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞാനും അമ്മയും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി" ലോറി ഓർക്കുന്നു. ആദ്യം 'ടോക്സോപ്ലാസ്മോസിസ്' എന്ന രോഗമാണെന്നാണ് ഡോക്ടർമാർ കരുതിയത്. എന്നാൽ, ഒരു വർഷം മുൻപ് നാടവിര പുറത്തുപോയ കാര്യം അമ്മ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് 'ന്യൂറോസിസ്റ്റിസെർക്കോസിസ്' ആണെന്ന് സ്ഥിരീകരിച്ചത്.
എന്താണ് ന്യൂറോസിസ്റ്റിസെർക്കോസിസ്?
ലോകാരോഗ്യ സംഘടനയുടെ (WHO) അഭിപ്രായത്തിൽ, പന്നികളിൽ കാണപ്പെടുന്ന ടേപ്പ് വേം മനുഷ്യന്റെ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന അവസ്ഥയാണിത്. ശരിയായി വേവിക്കാത്ത മാംസം കഴിക്കുന്നതിലൂടെയോ, വിരയുടെ മുട്ടകൾ കലർന്ന വെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ ആണ് ഇത് പകരുന്നത്. യുകെയിൽ ഇത്തരം കേസുകൾ വളരെ അപൂർവ്വമാണ്.
രോഗം കണ്ടെത്തിയതിനെത്തുടർന്ന് ലോറിക്ക് വിരകൾക്കെതിരെയുള്ള മരുന്നുകളും സ്റ്റിറോയിഡുകളും നൽകിത്തുടങ്ങി. തുടക്കത്തിൽ കുറവുണ്ടായെങ്കിലും പിന്നീട് സ്ഥിതി വഷളാവുകയും അവർ ജോലിസ്ഥലത്ത് കുഴഞ്ഞുവീഴുകയും ചെയ്തു. തലച്ചോറിൽ കടുത്ത വീക്കമുണ്ടെന്ന് സ്കാനിങ്ങിൽ വ്യക്തമായി. ഓർമ്മക്കുറവും ശരീരത്തിൽ തരിപ്പും അനുഭവപ്പെട്ടു. അക്കാലത്ത് ലോറിയെ സന്ദർശിച്ച ഒരു സുഹൃത്ത് പറഞ്ഞത്, ലോറി ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് പെരുമാറിയിരുന്നത് എന്നാണ്. നിലത്ത് ഇഴഞ്ഞുനടക്കുക, ജനൽവിരിക്ക് പുറകിൽ ഒളിച്ചിരിക്കുക തുടങ്ങിയ പ്രവൃത്തികളായിരുന്നു അവരുടേത്.
വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ലോറി ആരോഗ്യം വീണ്ടെടുത്തു വരികയാണ്. തലച്ചോറിലെ വിരകൾ നീക്കം ചെയ്യാൻ ശസ്ത്രക്രിയയൊന്നും ചെയ്തിട്ടില്ല. അവയെ തലച്ചോറിൽ വെച്ചുതന്നെ നശിപ്പിക്കുന്ന ചികിത്സയാണ് നടത്തിവരുന്നത്.
2017 -ന് ശേഷം ലോറിക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും, ജീവിതകാലം മുഴുവൻ അവർക്ക് മരുന്നുകൾ കഴിക്കേണ്ടതുണ്ട്. "എനിക്ക് ജീവിതത്തിൽ മുന്നോട്ട് പോകണം, ഒപ്പം ഈ രോഗത്തെക്കുറിച്ച് ആളുകളിൽ അവബോധം വളർത്തണം" ലോറി പറയുന്നു. "ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. ഇപ്പോൾ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതിൽ ഞാൻ അതീവ സന്തോഷവതിയാണ്" ലോറി കൂട്ടിച്ചേർത്തു.