ലക്ഷങ്ങളുടെ കോർപ്പറേറ്റ് ജോലി വേണ്ടെന്നുവെച്ചു; 33 -ാം വയസ്സിൽ വെയ്‌ട്രസ്സായി, ആരോ​ഗ്യപ്രശ്നങ്ങൾ അപ്രത്യക്ഷമായെന്ന് യുവതി

Published : Jul 02, 2026, 02:23 PM IST
viral post

Synopsis

ആരോഗ്യപ്രശ്നങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്ന ശമ്പളമുള്ള കോര്‍പറേറ്റ് ജോലിയുപേക്ഷിച്ച് വെയിട്രസ്സായി യുവതി. ഈ ജോലി കൂടുതല്‍ സമാധാനം തരുന്നെന്നും ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതായെന്നും യുവതി. 

ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച്, സന്തോഷവും ആരോഗ്യവും വീണ്ടെടുക്കാൻ സാധാരണ റെസ്റ്റോറന്റ് ജീവനക്കാരിയായി മാറിയ 33 -കാരിയുടെ വാർത്ത സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. സരമേ കോർണിഷ് എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ തന്റെ ജീവിതത്തിലെ ഈ വലിയ മാറ്റം പങ്കുവെച്ചത്. കോർപ്പറേറ്റ് ലോകത്തെ കടുത്ത മാനസിക സമ്മർദ്ദമാണ് തന്റെ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്ന് യുവതി വ്യക്തമാക്കുന്നു.

തന്റെ കോർപ്പറേറ്റ് ജോലിയുടെ അവസാനത്തെ ആറുമാസം കടുത്ത 'ഇറിറ്റബിൾ ബവൽ സിൻഡ്രോം' ലക്ഷണങ്ങളാൽ താൻ കഷ്ടപ്പെട്ടിരുന്നുവെന്ന് സരമേ പറയുന്നു. കുടലിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു ദഹനസംബന്ധമായ അവസ്ഥയാണിത്. രോഗകാരണം കണ്ടെത്താൻ നിരവധി വിദഗ്ദ്ധ പരിശോധനകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, ജോലി രാജിവെച്ച നിമിഷം മുതൽ ഈ ആരോഗ്യപ്രശ്നങ്ങളെല്ലാം പൂർണ്ണമായും അപ്രത്യക്ഷമായതായി അവർ അവകാശപ്പെടുന്നു. "ആറക്ക ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് ഞാൻ 33-ാം വയസ്സിൽ വെയ്‌ട്രസ്സായി ജോലി ചെയ്യാൻ തുടങ്ങിയത്. കടുത്ത മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഇനി ഉണ്ടാകില്ലെങ്കിൽ, ജീവിതകാലം മുഴുവൻ റെസ്റ്റോറന്റിലെ തറ തുടയ്ക്കാനും ഞാൻ തയ്യാറാണ്. ആരോഗ്യം തന്നെയാണ് യഥാർത്ഥ സമ്പത്ത്" തറ തുടയ്ക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് സരമേ കുറിച്ചു.

സരമേയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇതിനകം തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിരവധി പേർ യുവതിയുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി. ഔദ്യോഗിക പദവികളേക്കാൾ പ്രാധാന്യം സ്വന്തം സന്തോഷത്തിനും ആരോഗ്യത്തിനുമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. സമാനമായ രീതിയിൽ ഉയർന്ന ജോലി ഉപേക്ഷിച്ച് തങ്ങൾക്ക് താല്പര്യമുള്ള മറ്റ് മേഖലകളിലേക്ക് മാറിയ നഴ്സുമാർ അടക്കമുള്ള പ്രൊഫഷണലുകളും തങ്ങളുടെ അനുഭവങ്ങൾ കമന്റുകളായി പങ്കുവെച്ചു.

യുവതിയുടെ തീരുമാനത്തെ അനുകൂലിച്ച് വലിയൊരു വിഭാഗം എത്തിയപ്പോൾ, ഇതിന്റെ പ്രായോഗികതയെ ചോദ്യം ചെയ്ത് മറ്റ് ചിലരും രംഗത്തെത്തിയിട്ടുണ്ട്. വെയ്റ്റർ/വെയ്‌ട്രസ് ജോലികൾ ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക ഭദ്രത നൽകുന്നതല്ലെന്നാണ് ഇവരുടെ വാദം. കുറഞ്ഞ ശമ്പളം, ജോലിയിലെ അനിശ്ചിതത്വം, ഉപഭോക്താക്കളിൽ നിന്ന് നേരിടേണ്ടി വരുന്ന മോശം പെരുമാറ്റങ്ങൾ എന്നിവ ഈ മേഖലയിലും കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകാമെന്ന് മുൻപ് ഈ ജോലി ചെയ്തിട്ടുള്ള ചിലർ ചൂണ്ടിക്കാണിക്കുന്നു.

 

 

വാടകയും മറ്റ് കുടുംബച്ചെലവുകളും സാധാരണ വരുമാനം കൊണ്ട് നേരിടാൻ ബുദ്ധിമുട്ടുള്ള ഇന്നത്തെ സാഹചര്യത്തിൽ, ഇത്തരം കരിയർ മാറ്റങ്ങൾ എല്ലാവർക്കും ഒരേപോലെ പ്രായോഗികമാകണമെന്നില്ലെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഏതായാലും കരിയറും മാനസികാരോഗ്യവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് സരമേയുടെ ഈ തുറന്നുപറച്ചിൽ.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ സന്ദർശനത്തിന് പിന്നാലെ യുവതിയുടെ തലച്ചോറിൽ 38 വിരകൾ! ജീവിതകാലം മുഴുവനും മരുന്ന് കഴിക്കണം
'സ്വന്തമായി ജോലിയുണ്ടായിട്ടും റാപ്പിഡോ റൈഡർ, ഞാനെത്ര ഭാ​ഗ്യവാനാണെന്ന് തോന്നിപ്പോയി'; പോസ്റ്റുമായി യുവാവ്