ഐഎസിന്റെ ട്രംപിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോയിലുണ്ടായിരുന്ന 10 വയസുകാരന് ഇപ്പോൾ പറയാനുള്ളത്...

By Web TeamFirst Published Nov 23, 2020, 1:10 PM IST
Highlights

സാധാരണക്കാരെന്ന് തോന്നിച്ച ഈ കുടുംബം 2015 ഏപ്രില്‍ മാസത്തിലാണ് സാന്‍ലിയുര്‍ഫയിലെ തുര്‍ക്കിഷ് അതിര്‍ത്തി കടന്ന് ഐഎസില്‍ ചേരാനായി പോകുന്നത്. 

ഐഎസ് പുറത്തിറക്കിയ ഒരു വീഡിയോയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ഭീഷണിപ്പെടുത്തുന്ന ഒരു ചെറിയ ആണ്‍കുട്ടി. അവന്റെ പേരാണ് മാത്യു. അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പം സിറിയയിലേക്ക് പോയ മാത്യു ഒരുവര്‍ഷം മുമ്പ് തിരികെയെത്തി. നാട്ടിലേക്ക് തിരികെയെത്തിയതിനെ കുറിച്ച് മാത്യു പ്രതികരിക്കുന്നത് തനിക്ക് ഇപ്പോള്‍ സമാധാനവും സന്തോഷവുമായെന്നാണ്. പത്താമത്തെ വയസിലാണ് അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പം മാത്യു സിറിയയിലെത്തുന്നത്. 'യുഎസ്സിന്റെ മണ്ണില്‍ ട്രംപ് യുദ്ധത്തിന് തയ്യാറെടുത്തോളൂ' എന്ന് പറയുന്ന വീഡിയോ ആണ് മാത്യുവിന്റേതായി പുറത്ത് വിട്ടിരുന്നത്. എന്നാല്‍, അച്ഛനൊപ്പം താമസിക്കുന്ന ആ 13 -കാരന്‍ ഇപ്പോള്‍ അതെല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്.

2018 -ലാണ് യുഎസ് സൈന്യം മാത്യുവിനെ തിരികെ നാട്ടിലെത്തിച്ചത്. 'അതെല്ലാം കഴിഞ്ഞ കാര്യങ്ങളാണ്. അന്ന് താന്‍ കുട്ടിയായിരുന്നുവെന്നും തനിക്കന്ന് അതൊന്നും മനസിലായിരുന്നില്ലാ'യെന്നും മാത്യു ബിബിസി ന്യൂസിനോട് പ്രതികരിച്ചു. യുഎസ്സിലേക്ക് തിരികെയെത്തിച്ചശേഷം  മാത്യുവിന് കൗണ്‍സിലിംഗ് നല്‍കുകയുണ്ടായി. നല്ല രീതിയിലാണവന്‍ അതിനോടെല്ലാം സഹകരിച്ചത്. മാത്യുവിന്റെ രണ്ടാനച്ഛന്‍ മൂസ്സ എല്‍ഹസാനി 2017 -ല്‍ ഒരു ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അതിനുശേഷമാണ് അവന്റെ അമ്മ മറ്റ് മക്കള്‍ക്കും മാത്യുവിനും ഒപ്പം സിറിയയില്‍ നിന്നും കടക്കുന്നത്. അവന്റെ അമ്മ സാമന്ത സാലിയെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയതിനെ തുടര്‍ന്ന് ആറരവര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചിരിക്കുകയാണിപ്പോള്‍. 

സാധാരണക്കാരെന്ന് തോന്നിച്ച ഈ കുടുംബം 2015 ഏപ്രില്‍ മാസത്തിലാണ് സാന്‍ലിയുര്‍ഫയിലെ തുര്‍ക്കിഷ് അതിര്‍ത്തി കടന്ന് ഐഎസില്‍ ചേരാനായി പോകുന്നത്. രാത്രിയായിരുന്നു, 'കനത്ത ഇരുട്ടിലൂടെ ഞങ്ങള്‍ ഓടുകയായിരുന്നു. അവിടങ്ങളില്‍ മുള്ളുവേലികള്‍ പണിതിട്ടുണ്ടായിരുന്നു. ഓടണം എന്നതൊഴിച്ചാല്‍ മറ്റൊന്നും എന്റെ തലയില്‍ അന്നേരമുണ്ടായിരുന്നില്ല' എന്നാണ് ബിബിസി പനോരമയോടും യുഎസ് പബ്ലിക് ബ്രോഡ്കാസ്റ്ററായ പിബിഎസ്സിന്റെ ഫ്രണ്ട്ലൈനെന്ന പരിപാടിയോടും മാത്യു അതേക്കുറിച്ച് അന്ന് പ്രതികരിച്ചത്. 

സിറിയയിലെത്തിയപ്പോള്‍ ഐഎസ് തങ്ങളുടെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന റഖയിലേക്ക് എല്‍ഹസാനി പരിശീലനത്തിനയക്കപ്പെട്ടു. പിന്നീടയാള്‍ ഐഎസ് സ്നൈപ്പറായി മാറുകയും ചെയ്തു. അന്ന് എട്ട് വയസ് മാത്രമുണ്ടായിരുന്ന മാത്യു റഖയിലെ താമസത്തെ കുറിച്ച് ഓര്‍ത്തതിങ്ങനെയാണ്. 'റഖയിലായിരുന്നപ്പോള്‍ ഞങ്ങള്‍ നഗരങ്ങളിലാണ് താമസിച്ചിരുന്നത്. അവിടെ വെടിയൊച്ചകളും ശബ്ദങ്ങളുമുണ്ടായിരുന്നു. ഇടയ്ക്ക് കുറച്ചകലെയായി ഒരു സ്ഫോടനവുമുണ്ടായി. അകലെയായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് ഭയക്കേണ്ടതില്ലായിരുന്നു.'

എന്നാല്‍ 2017 -ന്റെ തുടക്കത്തില്‍, യുഎസിലുള്ള തന്റെ സഹോദരിക്ക് കുടുംബത്തെ രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യുവിന്റെ  അമ്മ ഒരു ഇമെയില്‍ അയച്ചു. അതില്‍ മാത്യുവിന്റെ ചില വീഡിയോകളും ഉണ്ടായിരുന്നു. ഒന്നില്‍, എല്‍ഹസ്സാനി മാത്യുവിനെ സൂയിസൈഡ് ബെല്‍റ്റ് ഘടിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. തന്റെ രണ്ടാനച്ഛന്റെ നിര്‍ദ്ദേശപ്രകാരം, അമേരിക്കന്‍ രക്ഷാപ്രവര്‍ത്തകരെ എങ്ങനെയാണ് സ്വാഗതം ചെയ്യുകയെന്നും തുടര്‍ന്ന് സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് അവരെങ്ങനെയാണ് കൊല്ലപ്പെടുകയെന്നതും മാത്യു വിവരിക്കുന്നു. മറ്റൊരു വീഡിയോയില്‍ മാത്യു ഒരു ലോഡ് ചെയ്ത എകെ -47 വേര്‍പെടുത്തുന്നതായി കാണാം. ഒരു മിനിറ്റിനുള്ളില്‍ ഇത് ചെയ്യാന്‍ രണ്ടാനച്ഛന്‍ അവനെ വെല്ലുവിളിക്കുകയാണ്. എന്നാല്‍, യുഎസ് സഖ്യം റഖയില്‍ വ്യോമാക്രമണം നടത്തിയപ്പോള്‍ ഇവരുടെ അയല്‍വീട് തകരുകയും ഇവരുടെ വീടിന് മുകളിലേക്ക് അതിന്റെ അവശിഷ്ടങ്ങള്‍ വീഴുകയും ചെയ്തു. എങ്ങനെയെങ്കിലും ഈ പൊടിപടലങ്ങളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും പുറത്തുകടന്നാല്‍ മതിയെന്ന് മാത്യുവിന് തോന്നിത്തുടങ്ങുന്നത് അപ്പോഴാണ്. 

2017 -ല്‍ റഖ ഏറെക്കുറെ തകര്‍ന്നുവെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് അപ്പോഴും തങ്ങളുടെ വിജയത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. ആ സമയത്താണ് പത്തുവയസുകാരനായ മാത്യുവിന്റെ ഒരു വീഡിയോ സന്ദേശം ഐഎസ് പുറത്തുവിടുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെ ഭീഷണിപ്പെടുത്തിയുള്ള സന്ദേശമായിരുന്നു അത്. 'ജൂതരുടെ പാവയായ ട്രംപിനുള്ള എന്റെ സന്ദേശം. അല്ലാഹു നമ്മുടെ വിജയവും നിങ്ങളുടെ തോല്‍വിയും വാഗ്ദാനം ചെയ്തിരിക്കുന്നു. ഈ പോരാട്ടം റഖയിലോ മൊസൂളിലോ അവസാനിക്കാന്‍ പോകുന്നില്ല. ഇതിന്റെ അവസാനം നിന്റെ മണ്ണിലാണ്. അതുകൊണ്ട് തയ്യാറായിരുന്നുകൊള്ളൂ. പോരാട്ടം തുടങ്ങിയിരിക്കുന്നു' എന്നായിരുന്നു സന്ദേശം. 

ആ വീഡിയോയില്‍ ഭാഗമാവുകയെന്നല്ലാതെ തനിക്ക് വേറെ വഴിയുണ്ടായിരുന്നില്ലായെന്ന് മാത്യു അഭിമുഖത്തില്‍ പറഞ്ഞു. 'തന്റെ രണ്ടാനച്ഛന്‍ ദേഷ്യം കൊണ്ട് കണ്ണുകാണാത്തവനായിരുന്നു. അയാള്‍ക്ക് ഭ്രാന്തായിത്തുടങ്ങിയിരുന്നു'വെന്നും മാത്യു പറഞ്ഞു. അവടെനിന്നും കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോഴുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ എല്‍ഹസാനി കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. 'എനിക്ക് സന്തോഷമായി. എനിക്ക് അയാളെ ഇഷ്ടമല്ലായിരുന്നു. മരിച്ചൊരാളെ കുറിച്ച് അങ്ങനെ പറയരുതായിരിക്കാം. പക്ഷേ, എനിക്ക് സന്തോഷമായി. ഞങ്ങളെല്ലാവരും സന്തോഷം കൊണ്ട് കരയുകയായിരുന്നു'വെന്നും മാത്യു പറയുകയുണ്ടായി. 

പിന്നീട്, മാത്യുവിന്റെ അമ്മ സാലി തന്നെയും തന്റെ നാല് മക്കളെയും ഐസ് പ്രദേശത്തെ ചെക്ക് പോസ്റ്റുകള്‍ ഒളിച്ചുകടത്തുന്നതിനായി കള്ളക്കടത്തുകാര്‍ക്ക് പണം നല്‍കി. കുര്‍ദ്ദിഷ് നിയന്ത്രണത്തിലുള്ള പ്രദേശത്ത് എത്തിയപ്പോള്‍ അവരെ തടങ്കല്‍ കേന്ദ്രത്തിലേക്കയച്ചു. 2017 -ല്‍ ബിബിസി പനോരമ ആദ്യമായി സാലിയോട് അവിടെവച്ച് സംസാരിച്ചിരുന്നു. 'തന്റെ ഭര്‍ത്താവ് തന്നെ കബളിപ്പിച്ച് സിറിയയിലേക്ക് കടത്തുകയായിരുന്നുവെന്നും അയാളെന്താണ് പദ്ധതിയിട്ടിരുന്നതെന്ന് അറിയില്ലായിരുന്നു'വെന്നും അന്നവര്‍ പറയുകയുണ്ടായി. റഖയിലെത്തിതോടെ ഭര്‍ത്താവ് അവളോട് ക്രൂരമായി പെരുമാറിത്തുടങ്ങി. കൗമാരക്കാരികളായ രണ്ട് യസീദി പെണ്‍കുട്ടികളെ അടിമകളായി വാങ്ങിയെന്നും ഭര്‍ത്താവ് അവരെ നിരന്തരം ബലാത്സംഗം ചെയ്യാറുണ്ടായിരുന്നുവെന്നും സാലി വെളിപ്പെടുത്തി. 

വിചാരണ കാത്ത് ജയിലില്‍ കഴിയുമ്പോഴും, താന്‍ കബളിക്കപ്പെടുകയായിരുന്നുവെന്ന വാദത്തില്‍ സാലി ഉറച്ചുനിന്നു. എന്നാല്‍, പനോരമ/ ഫ്രണ്ട്ലൈന്‍ അന്വേഷണത്തില്‍ ഐഎസില്‍ ചേരുന്നതിനായി യുഎസ് വിടുന്നതിന് ഒരുപാട് നാളുകള്‍ മുമ്പ് തന്നെ മൂസ ഐഎസ് പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിരുന്നുവെന്ന് അയാളുടെ കുടുംബത്തിലെ ഒരംഗം തന്നെ വെളിപ്പെടുത്തി. മൂസ കുടുംബവീട്ടില്‍നിന്നും ഐഎസ് കൊലപാതകങ്ങള്‍ നടത്തുന്നതടക്കമുള്ള വീഡിയോകള്‍ കാണാറുണ്ടായിരുന്നു. സാലിയുടെ ഒരു സുഹൃത്തും 'തന്നെ വിശുദ്ധയുദ്ധത്തില്‍ ചേരാന്‍ വിളിച്ചേക്കുമെന്ന് ഭര്‍ത്താവ് പറഞ്ഞതായി സാലി തന്നോട് നേരത്തെ പറഞ്ഞിരുന്നു'വെന്ന് വെളിപ്പെടുത്തി. യുഎസ് വിടുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് നിരവധി തവണ സാലി ഹോംകോങ്ങിലേക്ക് യാത്രകള്‍ നടത്തിയിരുന്നു. 20 ലക്ഷത്തോളം രൂപയും സ്വര്‍ണവും അന്ന് സാലി സുരക്ഷാനിക്ഷേപമായി അടച്ചിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

അഴികള്‍ക്കകത്ത് കിടന്ന 12 മാസത്തിനുള്ളില്‍ താന്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്ന് സാലി സമ്മതിച്ചു. തന്റെ മകന്‍ സൂയിസൈഡ് ബെല്‍റ്റ് ധരിക്കുന്നതും എകെ 47 കൈകാര്യം ചെയ്യുന്നതും ചിത്രീകരിക്കാന്‍ സാലി സഹായിച്ചതിനെ 'ഭയമുളവാക്കുന്ന കാര്യം' എന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ വിശേഷിപ്പിച്ചത്. എന്തിനാണ് ഭര്‍ത്താവിനെ ഐഎസില്‍ ചേരാന്‍ അവള്‍ സഹായിച്ചത് എന്ന് മനസിലാവുന്നില്ലായെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സാലിക്ക് അതെല്ലാം ചെയ്യേണ്ടി വന്നതെന്നായിരുന്നു അവളുടെ അഭിഭാഷകന്റെ വാദം. 

ഏതായാലും വളരെ ചെറിയ പ്രായത്തില്‍ തന്നെ ഐഎസിന്റെ കയ്യില്‍ പെട്ടുപോയ മാത്യുവിന് തിരികെയെത്താന്‍ സാധിച്ചതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. തിരികെ വന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മാത്യുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, 'ദിവസം മുഴുവനും ഇറുക്കമുള്ള സോക്സും ഷൂവും ധരിച്ചശേഷം അത് ഊരിക്കളഞ്ഞ് ചൂടുവെള്ളത്തില്‍ കുളിക്കുമ്പോഴുണ്ടാകുന്ന സമാധാനം സന്തോഷം. അതാണ് താനിപ്പോള്‍ അനുഭവിക്കുന്നത്. ഇത് നല്ല അനുഭവമാണ്.' 

(കടപ്പാട്: ബിബിസി, ചിത്രം പ്രതീകാത്മകം)

click me!