Latest Videos

വീടിന് മുകളിൽ ഉൽക്കാശില വന്ന് പതിച്ച യുവാവ് ശരിക്കും കോടീശ്വരനായോ? ഇപ്പോൾ യുവാവ് വെളിപ്പെടുത്തുന്നത്...

By Web TeamFirst Published Nov 23, 2020, 10:19 AM IST
Highlights

ലോകമെമ്പാടുമുള്ള വാർത്തകളിൽ പ്രത്യക്ഷപ്പെട്ട കോടികളുടെ കണക്കുമായി അതിന് യാതൊരു ബന്ധവുമില്ല എന്നവർ തറപ്പിച്ചു പറയുന്നു. പിന്നെ എവിടെ നിന്നാണ് ഈ കോടിയുടെ കണക്കുകൾ വന്നത്? 

വീടിനുമുകളിൽ ദശലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഉൽക്കാശില വീണു യുവാവ് കോടീശ്വരനായി എന്ന കഥ കഴിഞ്ഞ ആഴ്ച വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ, ആ വാർത്തയിൽ എത്രത്തോളം സത്യമുണ്ട്? ആ ഉൽക്കയ്ക്ക് കോടികൾ വില വരുമോ? ഒരു രാത്രി കൊണ്ട് ആ യുവാവിന്റെ തലവര മാറിയോ? സത്യത്തിൽ എന്താണ് അന്ന് നടന്നതെന്ന് കഴിഞ്ഞ ദിവസം യുവാവ് ബിബിസി ന്യൂസിനോട് പറയുകയുണ്ടായി. നമ്മൾ കേട്ട കഥയിൽ നിന്ന് മാറി യഥാർത്ഥത്തിൽ നടന്ന സംഭവം ഇങ്ങനെയാണ്. സുമാത്രയിലെ ഒരു ഗ്രാമത്തിൽ ശവപ്പെട്ടി കച്ചവടക്കാരനാണ് ജോഷ്വാ ഹുത്തഗലുങ്. ഓഗസ്റ്റ് ആദ്യം ഒരു ദിവസം ജോലി ചെയ്യുന്നതിനിടെ പെട്ടെന്നു കാതടപ്പിക്കുന്ന ഒരു ശബ്ദം അദ്ദേഹം കേട്ടു. വീടിന് മുകളിൽ എന്തോ വന്നു വീണുവെന്ന് അദ്ദേഹത്തിന് മനസ്സിലായി. എന്നാൽ, അത് എന്താണെന്ന് പരിശോധിക്കാൻ അദ്ദേഹം ആദ്യമൊന്ന് ഭയന്നു. 

അജ്ഞാതമായ ആ വസ്തു അദ്ദേഹത്തിന്റെ മേൽക്കൂരയ്ക്ക് മുകളിൽ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ വന്ന് വീണു. അതിന്റെ ശക്തിയിൽ ഇരുമ്പു മേൽക്കൂര പൊളിഞ്ഞു. കൂടാതെ ആ വീഴ്ചയുടെ ആഘാതത്തിൽ അത് 15cm ആഴത്തിൽ മണ്ണിടയിലേയ്ക്ക് പതിച്ചു. മണ്ണ് നീക്കി നോക്കിയ അദ്ദേഹം കണ്ടത് രണ്ട് കിലോഗ്രാം തൂക്കം വരുന്ന വിചിത്രമായ ഒരു ചെറിയ പാറക്കല്ലാണ്. “കൈയിലെടുക്കുന്ന സമയത്തും അതിന് ചൂടുണ്ടായിരുന്നു. അപ്പോഴാണ് ഇത് ഉൽക്കാശിലയാണെന് എനിക്ക് മനസ്സിലായത്” ഇന്തോനേഷ്യനായ യുവാവ് പറഞ്ഞു. ഇത് എപ്പോഴും സംഭവിക്കുന്ന ഒന്നല്ലല്ലോ. അതുകൊണ്ട് തന്നെ ജോഷ്വാ അതിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കിട്ടു. അതോടെ ആരംഭിച്ചില്ലേ അതിനെ ചുറ്റിപ്പറ്റിയുള്ള കഥകൾ. ആളുകൾ മെനഞ്ഞ കഥകൾ അദ്ദേഹത്തിന്റെ ഗ്രാമത്തിന് പുറത്തേയ്ക്കും വ്യാപിക്കാൻ തുടങ്ങി. 

ബഹിരാകാശത്തിലൂടെ കടന്നുപോയ പുരാതന ശിലകളാണ് ഉൽക്കാശിലകൾ. ഉൽക്കാശിലകൾക്ക് നാല് ബില്ല്യൺ വർഷത്തിലേറെ പഴക്കമുണ്ട്. അതായത് നമ്മുടെ ഭൂമിയെക്കാൾ പഴക്കം അതിനുണ്ട് എന്നർത്ഥം. അതുകൊണ്ട് തന്നെ ഇത് വളരെ വിലപ്പെട്ടതായി കരുതുന്നു. വാർത്തയറിഞ്ഞ് ഇത് ശേഖരിക്കുന്ന ആളുകൾ ഉൽക്കാശില കാണാൻ ആഗ്രഹിച്ചു. എന്നാൽ, മഹാമാരി മൂലം ഓഗസ്റ്റിൽ, യാത്രകൾ സാധ്യമായിരുന്നില്ല. ഒടുവിൽ ഇത് വാങ്ങാൻ ആഗ്രഹിച്ച യുഎസിലെ ചിലർ ഇന്തോനേഷ്യയിൽ താമസിക്കുന്ന ഉൽക്കകളെ കുറിച്ച് പഠിക്കുന്ന അമേരിക്കക്കാരനായ ജേർഡ് കോളിൻസുമായി ബന്ധപ്പെടുകയും ഒന്ന് പോയി അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

അങ്ങനെ നേരിട്ട് ചെന്ന് കണ്ട് ബോധ്യപ്പെട്ട ജേർഡ് ഇടനിലക്കാരനായി നിന്ന് ആ കച്ചവടം നടത്തി. തുക എത്രയാണെന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അത് കോടികളല്ലെന്ന് അവർ തുടർന്ന് പറയുന്നു. ലോകമെമ്പാടുമുള്ള വാർത്തകളിൽ പ്രത്യക്ഷപ്പെട്ട കോടികളുടെ കണക്കുമായി അതിന് യാതൊരു ബന്ധവുമില്ല എന്നവർ തറപ്പിച്ചു പറയുന്നു. പിന്നെ എവിടെ നിന്നാണ് ഈ കോടിയുടെ കണക്കുകൾ വന്നത്? ചിലരുടെ തെറ്റായ കണക്കുകൂട്ടലുകൾ മാത്രമാണ് അത്. 

ജോഷ്വായുടെ വീടിനടുത്ത് ചെറിയ ഉൽക്കാശിലകൾ കണ്ടെത്തിയിരുന്നു. അവയിൽ ചിലത് വിറ്റുപോവുകയും, രണ്ടെണ്ണം കച്ചവട സൈറ്റായ ഇബേയിൽ വിൽക്കാനായി ഇടുകയും ചെയ്‌തു. വിൽക്കുന്നവർ ആവശ്യപ്പെട്ട വില ഗ്രാമിന് 63000 രൂപയാണ്. ഇത് കണ്ടിട്ടാണ് ആളുകൾ ഈ കോടി കണക്കുകൾ പറയുന്നതെന്ന് ഇതിനെ കുറിച്ച് ആധികാരികമായി പഠിക്കുന്ന അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് എർത്ത് ആൻഡ് സ്പേസ് എക്സ്പ്ലോറേഷനിലെ ഗവേഷണ പ്രൊഫസർ ലോറൻസ് ഗാർവി പറഞ്ഞു. 

“ആ വാർത്ത വായിച്ചപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഞാൻ ഇങ്ങനെയുള്ള കഥകൾ മുമ്പ് നിരവധി തവണ കേട്ടിട്ടുണ്ട്. ആരോ ഒരു ഉൽക്കാശില കണ്ടെത്തുന്നു. അവർ ഇബേയിൽ നോക്കുകയും അതിന് ദശലക്ഷക്കണക്കിന് വിലയുണ്ടെന്ന് കരുതുകയും ചെയ്യുന്നു" അദ്ദേഹം ബിബിസിയോട് പറഞ്ഞു. "അത് സ്വന്തമാക്കാൻ ആളുകൾ താല്പര്യപ്പെടാം. ചിലപ്പോൾ ചെറിയ ഒരു കഷണത്തിന് ആയിരമോ പതിനായിരമോ ലഭിച്ചേക്കാം. പക്ഷേ, ഒരു വലിയ ശില ആരും ലക്ഷങ്ങൾ നൽകി വാങ്ങാറില്ല. അതിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച് വില കുറയുകയാണ് ചെയ്യുന്നത്" അദ്ദേഹം പരാമർശിച്ചു. ഇതെല്ലാം തെറ്റായ കണക്കുക്കൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


 

click me!