പെണ്മക്കളെ ലൈംഗിക അടിമത്തത്തിലേക്ക് തള്ളിവിടുന്ന ജോഗിനി സമ്പ്രദായം, നിരോധിച്ചിട്ടും തുടരുന്ന അനീതി

By Web TeamFirst Published Nov 22, 2020, 3:05 PM IST
Highlights

 ഈ സ്ത്രീകൾ ആദ്യം അമ്പലക്കമ്മിറ്റിക്കാരുടെയും, ഗ്രാമ മുഖ്യന്മാരുടെയും ഒക്കെ ലൈംഗിക അടിമകളായി പരിണമിച്ചു. അവർ പോകെപ്പോകെ ഗ്രാമത്തിലെ അംഗീകൃത വേശ്യാവൃത്തിക്കാരായും മാറി. 

കഴിഞ്ഞ മാസമാണ് തെലങ്കാനയിലെ നിസാമാബാദിൽ, ജില്ലാ ഭരണകൂടം ഒരു 25 കാരിയെ കുടുംബം നിർബന്ധിച്ച് 'ജോഗിനി'യാക്കി മാറ്റുന്നതിൽ നിന്ന് രക്ഷിച്ചത്. വിശ്വാസത്തിന്റെ മറവിൽ പെൺകുട്ടികളെ ലൈംഗിക അടിമത്വത്തിലേക്ക് തള്ളിവിടുന്ന സമ്പ്രദായമാണ് 'ജോഗിനി' എന്നറിയപ്പെടുന്നത്. മഡിഗ എന്ന പട്ടികജാതി സമൂഹത്തിലെ സ്ത്രീകൾക്കാണ് ഇങ്ങനെ ഒരു ദുര്യോഗം ഇന്നുമുള്ളത്. ഈ പെൺകുട്ടി വളരെ ദരിദ്രമായ ഒരു കുടുംബത്തിലെ അംഗമാണ്. അവളുടെ സഹോദരൻ ഭിന്നശേഷിക്കാരനാണ്. ഈ പെൺകുട്ടിയെ ജോഗിനി ആക്കി നടയ്ക്കിരുത്തി, അതിൽ നിന്നുകിട്ടുന്ന സാമ്പത്തികം കൊണ്ട് കുടുംബത്തിന്റെ ദയനീയാവസ്ഥയിൽ നിന്ന് കരകയറാനുള്ള ശ്രമം ആയിരുന്നു ഭരണകൂടത്തിന്റെ ഇടപെടലിലൂടെ തടയപ്പെട്ടത്. 

ഈ പെൺകുട്ടിയെ ജോഗിനിയാക്കാൻ ശ്രമിക്കില്ല എന്ന ഉറപ്പ് അവളുടെ അമ്മയിൽ നിന്ന് വാങ്ങി, ഈ കുട്ടിക്ക് വേണ്ട കൗൺസിലിംഗ് കൊടുത്ത ശേഷം, അവളുടെ വിവാഹം പ്രദേശത്തെ ഒരു യുവാവുമായി നടന്നു എന്നും ഇതിൽ ഇടപെട്ട സംഘടനകൾ ഉറപ്പിച്ചിരുന്നു.  

എന്താണ് ഈ ജോഗിനി സമ്പ്രദായം ? 

ഇത് വല്ലാത്തൊരു ദുരാചാരമാണ്. ഒരു പ്രത്യേക ദളിത് സമുദായത്തിൽ പെട്ട പാവപ്പെട്ട വീടുകളിലെ വയസ്സറിയിച്ച പെൺകുട്ടികളെ അമ്പലത്തിലെ ദൈവത്തിനു വിവാഹം ചെയ്തു നൽകുന്നതായി പ്രഖ്യാപിക്കുക എന്നതാണ് ഇതിന്റെ ആദ്യത്തെ പടി. ഈ നടപടി ദൈവപ്രീതിയും, തദ്വാരാ കുടുംബത്തിന് സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാക്കുമെന്നാണ് സങ്കൽപം. ഇങ്ങനെ ഒരു സങ്കൽപം ഉടലെടുത്ത കാലത്ത് ദേവദാസി എന്നും അറിയപ്പെട്ടിരുന്ന ഈ ജോഗിനികൾ അമ്പലത്തിൽ അമ്പലത്തിൽ ഉണ്ടുറങ്ങി, അവിടത്തെ സാംസ്‌കാരിക പരിപാടികളുടെയും ഉത്സവങ്ങളുടെയും എല്ലാം ഭാഗമായി ക്ഷേത്രത്തിന്റെ ഭാഗമായി കഴിഞ്ഞു കൂടിയിരുന്നു. എന്നാൽ, വരും നൂറ്റാണ്ടുകളിൽ ഈ സ്ത്രീകൾ ആദ്യം അമ്പലക്കമ്മിറ്റിക്കാരുടെയും, ഗ്രാമ മുഖ്യന്മാരുടെയും ഒക്കെ ലൈംഗിക അടിമകളായി പരിണമിച്ചു. അവർ പോകെപ്പോകെ ഗ്രാമത്തിലെ അംഗീകൃത വേശ്യാവൃത്തിക്കാരായും മാറി. ഗ്രാമത്തിലെ ഓരോ പുരുഷന്റെയും കാമവികാരം ശമിപ്പിക്കേണ്ട ചുമതല നിർവഹിക്കുന്ന ലൈംഗിക അടിമത്വത്തിലേക്ക് അവർ കൂപ്പുകുത്തി. 

ഈ ചൂഷണത്തിന് ഒരു അറുതിവന്നത് 1988 -ൽ അന്നത്തെ ആന്ധ്രപ്രദേശ് സർക്കാർ ഈ സമ്പ്രദായം നിയമം മൂലം നിരോധിച്ചതോടെയാണ്. എന്നാൽ,32 വർഷത്തിനിപ്പുറവും തെലങ്കാനയുടെ പല ഉൾനാടൻ ഗ്രാമങ്ങളിലും ഈ പതിവ് നിലനിൽക്കുന്നുണ്ട്.  ഈ രംഗത്ത് പ്രവർത്തിക്കുന്ന ഓപ്പറേഷൻ മേഴ്സി ഇന്ത്യ (OMI) എന്ന സംഘടന ദ പ്രിന്റിനോട് പറഞ്ഞത്, വർഷാവർഷം ചുരുങ്ങിയത് 15 കേസുകളെങ്കിലും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നാണ്. റിപ്പോർട്ട് ചെയ്യപ്പെടാതെ നിലനിൽക്കുന്ന കേസുകൾ അതിന്റെ ഇരട്ടിയെങ്കിലും വരുമെന്നും അവർ പറഞ്ഞു. രണ്ടുവർഷം മുമ്പ് ഇവർ നടത്തിയ ഒരു പഠനത്തിൽ, നിലവിൽ തെലങ്കാന സംസ്ഥാനത്ത് 10,000 ജോഗിനിമാരെങ്കിലുമുണ്ട് എന്നും, അവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടത് ചെയ്യണം എന്നും ഇവർ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുകയുണ്ടായി. 

click me!