Latest Videos

30 വര്‍ഷത്തെ ഏകാന്തവാസം അവസാനിപ്പിക്കേണ്ടി വരുമോ ഇറ്റലിയുടെ റോബിന്‍സണ്‍ ക്രൂസോയ്ക്ക്?

By Web TeamFirst Published Jul 29, 2020, 3:40 PM IST
Highlights

മൗറോയ്ക്കാകട്ടെ അവിടെനിന്നും പോവുന്നത് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. താന്‍ പോയിക്കഴിഞ്ഞാല്‍ ബുഡെല്ലിയുടെ ഭാവി എന്താവുമെന്നാണ് അയാളുടെ പേടി. 

30 വര്‍ഷത്തിലധികമായി മൗറോ മൊറാന്‍ഡി, മെഡിറ്ററേനിയന്‍ സമുദ്രത്തിലെ അതിമനോഹരമായ ആ ദ്വീപില്‍ ഏകാന്തവാസം നയിക്കുന്നു. തന്‍റെ മരണംവരെ സാര്‍ഡീനിയ തീരത്തുള്ള ബുഡെല്ലി എന്ന ആ ദ്വീപില്‍ കഴിയണമെന്നതാണ് അയാളുടെ ആഗ്രഹം. എന്നാല്‍, ആ ആഗ്രഹം ഇന്ന് ഭീഷണി നേരിടുകയാണ്. അതിക്രമിച്ച് കടന്നുകയറിയ അയാള്‍ സ്വമേധയാ ഒഴിഞ്ഞുപോവണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. എന്നാല്‍, അതിന് ഒരുക്കമല്ലെന്നാണ് മൗറോ പറയുന്നത്. അയാളെ ഒഴിപ്പിച്ച് സ്ഥലം പരിസ്ഥിതി നിരീക്ഷണകേന്ദ്രമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. 

മുന്‍ അധ്യാപകനായിരുന്ന മൗറോ 31 വര്‍ഷം മുമ്പ് ഇറ്റലിയില്‍ നിന്നും പോളിനേഷ്യയിലേക്കുള്ള കപ്പല്‍യാത്രക്കിടെയാണ് യാദൃച്ഛികമായി ദ്വീപിലെത്തിപ്പെട്ടത്. അവിടത്തെ ശുദ്ധമായ വെള്ളവും തെളിഞ്ഞ ആകാശവും മനോഹരമായ സൂര്യാസ്‍തമയദൃശ്യവുമെല്ലാം അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. അങ്ങനെ അവിടെ തുടര്‍ന്നും താമസിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. നേരത്തെ അവിടെയുണ്ടായിരുന്ന പരിചരണക്കാരനില്‍ നിന്നും ആ ചുമതല വൈകാതെ മൗറോ ഏറ്റെടുത്തു. ഇപ്പോള്‍ 81 -ാമത്തെ വയസിലും അദ്ദേഹം അവിടെയുണ്ട്. അവിടെനിന്നും പോവാതിരിക്കാനായി ഏതറ്റംവരെ പോവാനും അദ്ദേഹം തയ്യാറാണ്. ''ഇവിടെത്തന്നെ കഴിയാന്‍ എന്തും ചെയ്യാന്‍ ഞാനൊരുക്കമാണ്. എവിടേക്കാണ് പോവേണ്ടത്? വീട്ടിലേക്ക് തിരികെ പോവാനോ? എന്താണ് ചെയ്യേണ്ടത്? എനിക്ക് ഇവിടം വിട്ട് പോവാനാവില്ല...'' മൗറോ പറയുന്നു. 

ഇറ്റലിയിലെ കൊവിഡ് 19 ഭീഷണികളില്‍ നിന്നെല്ലാം ഒഴിഞ്ഞ് സുരക്ഷിതനും ഏകാന്തനുമായിരിക്കുകയാണ് ഇപ്പോഴദ്ദേഹം. വേനല്‍ക്കാലം കഴിയുന്നതോടെ അധികൃതര്‍ തനിക്ക് ഒഴിഞ്ഞുപോവാനുള്ള നോട്ടീസ് തരുമെന്നാണ് മൗറോ കരുതുന്നത്. "വംശനാശഭീഷണി നേരിടുന്ന പവിഴമണല്‍ ബീച്ചിന് കാവൽ നിൽക്കുക, വിനോദസഞ്ചാരികളെ അകറ്റി നിർത്തുക, പ്രകൃതിയെ സംരക്ഷിക്കുക ഇതെല്ലാം തുടര്‍ന്നും ചെയ്യാനനുവദിക്കണമെന്നേ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ. ഞാൻ ഭയപ്പെടുന്നു, ഞാനിവിടെനിന്നും പോയാൽ, അത് ബുഡെല്ലിയുടെ കൂടി അവസാനമായിരിക്കും" എന്നാണ് അദ്ദേഹം പറയുന്നത്. മൗറോയെ അവിടെനിന്നും ഒഴിപ്പിക്കാതിരിക്കാനായി ഓണ്‍ലൈനില്‍ പെറ്റീഷന്‍ നല്‍കുന്നതാരംഭിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ലോകത്താകെനിന്നുമായി 2,600 പേരുടെ പിന്തുണ ലഭിച്ചു കഴിഞ്ഞു ഇതിലൂടെ. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദ്വീപിന്‍റെ ഉടമസ്ഥാവകാശം പലതവണ മാറിയിട്ടുണ്ട്. 2015 മുതൽ, ബുഡെല്ലിയുടെ ഉടമസ്ഥത ലാ മഡലീനയുടെ ദേശീയ ഉദ്യാനത്തിനാണ്. അതോടെ മൗറോയുടെ കാര്യവും അവതാളത്തിലായി. അധികൃതര്‍ പറയുന്നത് തങ്ങള്‍ നിയമം നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ്. ''പരിസ്ഥിതി സംരക്ഷണമാണ് മുഖ്യം. പാരിസ്ഥിതികാറിവുകള്‍ പങ്കുവെക്കുന്നതിനായി ഒരു സയന്‍റിഫിക് സെന്‍റര്‍ തുടങ്ങുകയാണ് ലക്ഷ്യം. അതിന്‍റെ ഭാഗമായി നിയമപരമല്ലാത്ത എല്ലാ നിര്‍മ്മാണങ്ങളും പൊളിച്ചുകളയുകയും ഒഴിപ്പിക്കുകയും ചെയ്യും. അതില്‍ പെടുന്നതാണ് മൗറോയുടെ കുടിലും'' എന്നാണ് അധികൃതരുടെ വിശദീകരണം. സെന്‍ററിന്‍റെ പണി തുടങ്ങുമ്പോള്‍ മൗറോ ഒഴിഞ്ഞുപോയേ തീരൂ. അദ്ദേഹത്തെ പിന്തുടര്‍ന്ന് ഉപദ്രവിക്കണമെന്ന വാശിയല്ല. നിയമത്തിന്‍റെ വഴിക്ക് കാര്യങ്ങള്‍ നീങ്ങുന്നതാണ്. ഭാവിയിലെപ്പോഴെങ്കിലും ദ്വീപിന് ഒരു മേല്‍നോട്ടക്കാരനെ വേണമെന്ന് തോന്നിയാല്‍ അദ്ദേഹത്തിന്‍റെ കാര്യം ആലോചിക്കാവുന്നതാണ്. ഇപ്പോള്‍ സെന്‍ററിന്‍റെ ജോലി തുടങ്ങിയാല്‍ അദ്ദേഹം ഒഴിഞ്ഞുപോയേ തീരൂ എന്നും അധികൃതര്‍ പറയുന്നു. 

''അതിമനോഹരവും ശുദ്ധവുമായ ബുഡെല്ലിയുടെ മേല്‍നോട്ടക്കാരാവാന്‍ പലര്‍ക്കും ആഗ്രഹമുണ്ട്. ദേശീയമാധ്യമങ്ങളടക്കം മൗറോയെ ഒരു സന്യാസിയെപ്പോലെ അവതരിപ്പിക്കുന്നത് നന്നല്ല. അയാള്‍ നിയമവിരുദ്ധമായി അതിക്രമിച്ചു കടന്ന് ഇവിടെ കഴിയുന്ന ഒരാള്‍ മാത്രമാണ്'' എന്നും  ലാ മഡലീന നാഷണല്‍ പാര്‍ക്ക് പ്രസിഡണ്ട് ഫാബ്രിസിയോ ഫോന്നേസു സിഎന്‍എന്‍ -നോട് പറഞ്ഞു. 

മൗറോയ്ക്കാകട്ടെ അവിടെനിന്നും പോവുന്നത് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. താന്‍ പോയിക്കഴിഞ്ഞാല്‍ ബുഡെല്ലിയുടെ ഭാവി എന്താവുമെന്നാണ് അയാളുടെ പേടി. ആളുകള്‍ അതിക്രമിച്ച് കടന്നുകയറുകയും അതിന്‍റെ തനതായ ഭംഗി നശിപ്പിക്കുകയും ചെയ്യുമെന്ന് മൗറോ ഭയക്കുന്നു. കഴിഞ്ഞ 30 വര്‍ഷമായി അയാള്‍ വല്ലപ്പോഴും മാത്രമാണ് നാട്ടിലേക്ക് പോകുന്നതും കൂട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ഒപ്പം കഴിയുന്നതും. അധികൃതര്‍ ഇങ്ങനെ തന്നെ മുന്നോട്ടുപോവുകയാണെങ്കില്‍ അയാള്‍ ഉടനെ ഒരു കിടപ്പാടം കണ്ടുപിടിക്കേണ്ടിവരും. 

''എനിക്കതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. സ്വന്തമായി ഒരു വീടുപോലുമില്ല. സാര്‍ഡീനിയയില്‍ ഒരു വീട് കണ്ടെത്തേണ്ടിയിരിക്കുന്നു. സാര്‍ഡീനിയ ആണെന്‍റെ ഭൂമി. ഇവിടുത്തെ പ്രകൃതി ഇപ്പോഴും വന്യവും ജീവന്‍ തുടിക്കുന്നതുമാണ്. ഞാനെപ്പോഴും പ്രകൃതിയോട് അടുത്തിടപഴകിക്കഴിയാനാഗ്രഹിക്കുന്നു'' എന്നാണ് മൗറോ പറയുന്നത്. ബുഡെല്ലിയില്‍ ഒരു കല്ലുകൊണ്ട് കെട്ടിയ കുടിലിലാണ് അയാളുടെ താമസം. പക്ഷികളോടും മറ്റ് ജീവജാലങ്ങളോടും സ്നേഹത്തില്‍ അയാളവിടെ കഴിയുകയാണ്. 

ഏതായാലും നിയമം അങ്ങനെ നീങ്ങുമെന്ന് അധികൃതര്‍ കടുംപിടുത്തം പിടിച്ചാല്‍ ഇറ്റലിയുടെ റോബിന്‍സണ്‍ക്രൂസോ എന്ന് വിളിക്കപ്പെടുന്ന മൗറോയ്ക്ക് തന്‍റെ മുപ്പതുവര്‍ഷത്തെ ഏകാന്തവാസം അവസാനിപ്പിച്ച് അവിടെനിന്നും മടങ്ങേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. 


 

click me!