32 വർഷത്തെ ഏകാന്തവാസത്തിനൊടുവിൽ 'ഇറ്റലിയുടെ റോബിൻസൺ ക്രൂസോ' പുറത്തേക്ക്, നിരാശയും രോഷവും പ്രകടിപ്പിച്ച് ജനങ്ങൾ

Published : Apr 27, 2021, 02:31 PM IST
32 വർഷത്തെ ഏകാന്തവാസത്തിനൊടുവിൽ 'ഇറ്റലിയുടെ റോബിൻസൺ ക്രൂസോ' പുറത്തേക്ക്, നിരാശയും രോഷവും പ്രകടിപ്പിച്ച് ജനങ്ങൾ

Synopsis

അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നിരവധി പേർ ഞായറാഴ്ച ഫേസ്ബുക്ക് പേജിൽ നിരാശയും ദേഷ്യവും പ്രകടിപ്പിച്ചു. “വാക്കുകളൊന്നുമില്ല… പറുദീസയുടെ നാശം ആരംഭിക്കും” കാർമെലിയ മംഗാനോ എഴുതി.

30 വർഷത്തിലേറെയായി മെഡിറ്ററേനിയൻ ദ്വീപിൽ ഒറ്റയ്ക്ക് താമസിക്കുന്ന 'ഇറ്റലിയുടെ റോബിൻസൺ ക്രൂസോ' എന്നറിയപ്പെടുന്ന മൗറോ മൊറാണ്ടി ഒടുവിൽ അധികാരികളുടെ സമ്മർദ്ദത്തിന് വഴങ്ങി ദ്വീപ് വിട്ട് പുറത്ത് പോയി. 81 -കാരനായ അദ്ദേഹം 1989 -ലാണ് വടക്കൻ സാർഡിനിയയിൽ നിന്ന് ബുഡെല്ലിയിലേക്ക് മാറിയത്. കഴിഞ്ഞ വർഷം, പിങ്ക് ബീച്ചിന് പേരുകേട്ട ദ്വീപിന്റെ ഉടമകൾ അദ്ദേഹത്തോട് അവിടെ നിന്ന് ഒഴിയാൻ ആവശ്യപ്പെട്ടു.  

“32 വർഷം ഞാൻ പരിപാലിച്ചതുപോലെ ഭാവിയിൽ ബുഡെല്ലി സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു” അദ്ദേഹം ഞായറാഴ്ച ഫേസ്ബുക്കിൽ കുറിച്ചു. 1989 മുതൽ ബുഡെല്ലിയിലെ ഏക നിവാസിയാണ് മൗറോ മൊറാണ്ടി. അദ്ധ്യാപകനെന്ന നിലയിലുള്ള തന്റെ ജീവിതം ഉപേക്ഷിച്ച് ദ്വീപിന്റെ പരിപാലകനായി മാറിയ ശേഷം പിങ്ക് ബീച്ചായ സ്പിയാഗിയ റോസയിൽ കഴിയുകയായിരുന്നു അദ്ദേഹം. മൊറാൻഡി തെക്കൻ പസഫിക്കിലേക്ക് കപ്പൽ യാത്ര ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ ബോട്ടിന്റെ എഞ്ചിൻ തകരാറിലാവുകയും മനോഹരമായ ഈ ദ്വീപിൽ എത്തിപ്പെടുകയും ചെയ്‍തത്. എന്നാൽ, അദ്ദേഹം എത്തുമ്പോൾ ദ്വീപിന്റെ മുൻ പരിപാലകൻ വിരമിക്കലിന്റെ വക്കിലായിരുന്നു. അതോടെ മൊറാൻഡി തന്റെ യാത്ര പരിപാടികൾ ഉപേക്ഷിക്കുകയും ബോട്ട് വിൽക്കുകയും ദ്വീപിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു.

എന്നാൽ, അഞ്ച് വർഷം മുമ്പാണ് ഇറ്റാലിയൻ സർക്കാർ ദ്വീപിനെ ഒരു ദേശീയ ഉദ്യാനത്തിന്റെ ഭാഗമാക്കി മാറ്റിയത്. അതോടെ അവർ അദ്ദേഹത്തെ ദ്വീപിൽ നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആദ്യമാദ്യമെല്ലാം അദ്ദേഹം അതിനെ കഠനമായി എതിർത്തു. എന്നാൽ, അദ്ദേഹം ഒടുവിൽ പോരാട്ടം ഉപേക്ഷിച്ചു. അടുത്തുള്ള ലാ മഡലീന ദ്വീപിലെ ഒരു ചെറിയ അപ്പാർട്ട്മെന്റിലേക്ക് അദ്ദേഹം താമസം മാറി.  മൊറാൻഡിയുടെ നിലവിലെ ഭവനം ഒരു മുൻ WWII അഭയകേന്ദ്രമാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം ദ്വീപിലെ മൃഗങ്ങളെയും, മരങ്ങളെയും പരിചരിക്കുന്നു. ലാ മഡലേനയുടെ നാഷണൽ പാർക്ക് അധികൃതർ ദ്വീപിനെ പരിസ്ഥിതി വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാൻ ആഗ്രഹിക്കുന്നു.

ആവശ്യമായ അനുമതിയില്ലാതെ മൊറാൻഡി കേന്ദ്രത്തിന്റെ കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തിയതായും അധികൃതർ വാദിച്ചു. മൊറാണ്ടി പറഞ്ഞു: 'ഞാൻ പോരാട്ടം ഉപേക്ഷിച്ചു. ഇത് എന്റെ വീടാണ്. അവർ പറഞ്ഞു ഇനി മുതൽ ഞാൻ എന്റെ വീട്ടിൽ ജോലി ചെയ്യേണ്ടെന്ന്. 32 വർഷത്തിനുശേഷം ഇവിടെ നിന്ന് പോകുമ്പോൾ എനിക്ക് വളരെ സങ്കടമുണ്ട്. ഞാൻ പ്രധാന പട്ടണത്തിന്റെ പ്രാന്തപ്രദേശത്താണ് താമസിക്കുന്നത്. അതിനാൽ ഷോപ്പിംഗിനായി പുറത്ത് പോകും. ബാക്കി സമയം ഞാൻ ഒറ്റയ്ക്ക് തന്നെയാണ് ഇരിക്കുന്നത്. എന്റെ ജീവിതം വളരെയൊന്നും മാറിയിട്ടില്ല. ഇപ്പോഴും ഞാൻ കടൽ കാണും.'

ദ്വീപിന്റെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പോസ്റ്റുചെയ്തതോടെയാണ് അദ്ദേഹം ജനപ്രിയനായി മാറിയത്. അദ്ദേഹം അവിടെ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച നിവേദനങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ഒപ്പിട്ടിരുന്നു. ദ്വീപിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനി പാപ്പരായപ്പോൾ അദ്ദേഹത്തിന്റെ അവിടത്തെ ജീവിതം ഒരു ചോദ്യചിഹ്നമായി മാറുകയായിരുന്നു. മൊറാൻഡിയെ ദ്വീപിന്റെ പരിപാലകനാക്കി തന്നെ തുടരുമെന്ന ഉറപ്പിൽ, ഇത് ആദ്യം ന്യൂസിലാന്റ് വ്യവസായി മൈക്കൽ ഹാർട്ടിന് വിൽക്കാനായിരുന്നു മുൻ ഉടമസ്ഥരുടെ തീരുമാനം. എന്നാൽ, ഇറ്റാലിയൻ സർക്കാർ ഇടപെട്ട് 2016 -ൽ ഒരു സർഡിനിയൻ ജഡ്ജി ഈ ദ്വീപ് പൊതുജനങ്ങൾക്ക് തിരികെ നൽകണമെന്ന് വിധിച്ചു. പാർക്കിന്റെ അന്നത്തെ പ്രസിഡന്റ് ഗ്യൂസെപ്പെ ബോണന്നോ മൊറാൻഡിയുടെ പ്രായത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. അദ്ദേഹത്തിന്റെ പ്രായവും, വീടിന്റെ അവസ്ഥയും നിരവധി നിയമപ്രശ്നങ്ങൾ സൃഷ്ടിച്ചു.

അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നിരവധി പേർ ഞായറാഴ്ച ഫേസ്ബുക്ക് പേജിൽ നിരാശയും ദേഷ്യവും പ്രകടിപ്പിച്ചു. “വാക്കുകളൊന്നുമില്ല… പറുദീസയുടെ നാശം ആരംഭിക്കും” കാർമെലിയ മംഗാനോ എഴുതി. “മൗറോയുടെ സംരക്ഷണമില്ലാതെ എനിക്ക് ബുഡെല്ലിയെ സങ്കൽപ്പിക്കാൻ കഴിയില്ല… നിങ്ങൾ എതിർക്കണം!” മിറെല്ല ഡെല്ല വെച്ചിയ പറഞ്ഞു.  ഗ്രൂപ്പിലെ മറ്റാളുകളോട് “ഈ അനീതിക്കെതിരെ പോരാടണമെന്ന്” സാൽവതോർ സെച്ചി അഭ്യർത്ഥിച്ചു. 1990 മുതൽ ബുഡെല്ലിയുടെ പിങ്ക് കടൽത്തീരത്ത് സഞ്ചരിക്കാനും കടൽത്തീരത്ത് നീന്താനും വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പകൽ സമയത്ത് ബോട്ട് വഴി ദ്വീപ് സന്ദർശിക്കാനും കടൽത്തീരത്തിന് സമീപമുള്ള പാതയിലൂടെ നടക്കാനും അനുവാദമുണ്ട്. തണുപ്പുള്ള മാസങ്ങൾ ഏകാന്തത അനുഭവപ്പെടുമെങ്കിലും, വേനൽക്കാലത്ത് അദ്ദേഹം 1,300 -ൽ അധികം സഞ്ചാരികളെ ദ്വീപിലേക്ക് സ്വാഗതം ചെയ്‍തിരുന്നു.  

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?