Brazilian Politicians : അഭിപ്രായ ഭിന്നത, ഒടുവിൽ ബോക്സിം​ഗ് റിം​ഗിലേറ്റുമുട്ടി മേയറും പ്രതിപക്ഷനേതാവും

By Web TeamFirst Published Dec 15, 2021, 12:56 PM IST
Highlights

എന്നാൽ മത്സരം കഴിഞ്ഞതോടെ അവരുടെ ദേഷ്യവും പമ്പ കടന്നു. മേയറെ വിജയിയായി ജഡ്ജി പ്രഖ്യാപിച്ചതിന് ശേഷം പീക്‌സോട്ടോയും സിൽവയും കെട്ടിപ്പിടിച്ച് കൈ കുലുക്കി, പരസ്പരം മുതുകിൽ തട്ടി. 

രാഷ്ട്രീയക്കാർ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെയും യോഗങ്ങളിലൂടെയും ഒക്കെയാണ് പരിഹരിക്കാറുള്ളത്. വളരെ അപൂർവമായിട്ടെങ്കിലും അത് കൈയാങ്കളിയിൽ അവസാനിക്കാറുമുണ്ട്. എന്നാൽ, ബ്രസീലിലെ രണ്ട് നേതാക്കൾ അവർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തീർത്തത് ബോക്സിംഗ് റിംഗിലായിരുന്നു. തമ്മിൽ തമ്മിൽ ചീത്ത വിളിച്ചും, ചവിട്ടിയും, ഇടിച്ചും അവർ തങ്ങളുടെ ദേഷ്യം തീർത്തു.  

ബ്രസീലിലെ(Brazil) ബോർബ നഗരത്തിലെ മേയർ സിമാവോ പിക്‌സോയും(Simão Peixoto) മുൻകൗൺസിലറും പ്രതിപക്ഷ നേതാവുമായ അൽവാസ് ദ സിൽവ(Erineu Alves Da Silva)യുമാണ് വഴക്ക് സിനിമാസ്റ്റൈലിൽ പരസ്പരം പോരാടി തീർത്തത്. എന്നാൽ, ഇതിന് കാരണമായ സംഭവം നടക്കുന്നത് കഴിഞ്ഞ സെപ്തംബറിലാണ്. മേയറെ സിൽവ "വഞ്ചകൻ" എന്ന് വിളിക്കുകയും ബോർബയിലൂടെ കടന്നുപോകുന്ന നദിയിലെ വാട്ടർപാർക്ക് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിന് കുറ്റപ്പെടുത്തുകയും ചെയ്തു. ഒടുവിൽ അദ്ദേഹം മേയറെ ഒരു പോരാട്ടത്തിന് വെല്ലുവിളിച്ചു. പീക്സോട്ടോ ആ വെല്ലുവിളി സ്വീകരിക്കുകയും ചെയ്തു. എന്നാൽ പക്ഷേ അത് ഒരു ബോക്സിങ് വളയത്തിനുള്ളിൽ വച്ചായിരിക്കണമെന്നും, താൻ മേയറാണെന്നും ഒരു തെരുവ് ഗുണ്ടയൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

Prefeito leva briga política para luta de MMA e apanha de ex-vereador

Políticos do AM subiram no ringue na madrugada deste domingo (12/12). O prefeito de Borba, Simão Peixoto, apanhou, mas foi apontado vencedor

Leia: https://t.co/o3aVNtPCuc pic.twitter.com/VsgCbn6pdm

— Metrópoles (@Metropoles)

അങ്ങനെ ഞായറാഴ്ച പുലർച്ചെ ഒരു പ്രാദേശിക സ്കൂളിലെ ജിംനേഷ്യത്തിൽ ഇരുനേതാക്കളും ഗുസ്തി പിടിക്കാനായി എത്തി. ഇവരുടെ പോരാട്ടം മേയറുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ലൈവ് സ്ട്രീം ചെയ്തു. ഇവരുടെ ഈ മത്സരം നേരിട്ട് കാണാൻ നിരവധി കാണികളും അനുയായികളും അവിടെ സന്നിഹിതരായിരുന്നു. ഇരുനേതാക്കളും വളയത്തിനുള്ളിൽ തീപാറുന്ന മത്സരം കാഴ്ചവച്ചു. ഗുസ്തിക്കിടയിൽ അവർ പരസ്പരം ചവിട്ടുകയും ഇടിക്കുകയും ചെയ്തു. രണ്ട് രാഷ്ട്രീയക്കാരും ഇതിൽ പരിശീലനം നേടിയവരല്ല. അതുകൊണ്ട് തന്നെ, ഇരുവരും പെട്ടെന്ന് ക്ഷീണിതരായി. അവസാന രണ്ട് റൗണ്ടുകളിലും സിൽവയ്ക്ക് മുൻതൂക്കമുണ്ടെന്ന് തോന്നിയെങ്കിലും, മത്സരം അവസാനിക്കുന്നതിന് മുമ്പ് മേയർ കൂടുതൽ മികവ് കാട്ടി വിജയിയായി തീർന്നു. 

എന്നാൽ മത്സരം കഴിഞ്ഞതോടെ അവരുടെ ദേഷ്യവും പമ്പ കടന്നു. മേയറെ വിജയിയായി ജഡ്ജി പ്രഖ്യാപിച്ചതിന് ശേഷം പീക്‌സോട്ടോയും സിൽവയും കെട്ടിപ്പിടിച്ച് കൈ കുലുക്കി, പരസ്പരം മുതുകിൽ തട്ടി. രണ്ട് നേതാക്കളുടെ മത്സരപ്രകടനത്തിനുള്ള ടിക്കറ്റുകൾ 6,500 രൂപയ്ക്കാണ് വിറ്റത്. അവരുടെ ഗുസ്തി മത്സരത്തിന് ഒരു തീരുമാനമായെങ്കിലും, പോരാട്ടത്തിന് തുടക്കമിട്ട വാട്ടർപാർക്കിന്റെ ഭാവി എന്താകുമെന്നത് വ്യക്തമല്ല.

click me!