Cannabis : അവനവന് വലിക്കാനുള്ള കഞ്ചാവ് വീട്ടിൽ നട്ടുവളർത്താം, സുപ്രധാന തീരുമാനവുമായി മാൾട്ട

By Web TeamFirst Published Dec 15, 2021, 11:07 AM IST
Highlights

ദ്വീപിൽ 2018 മുതൽ മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപഭോഗം അനുവദിച്ചിരുന്നു. എന്നാൽ ഇനി മുതൽ സ്വകാര്യ ആവശ്യങ്ങൾക്കായും കഞ്ചാവ് വളർത്താം. അതേസമയം, മെഡിക്കൽ കാരണങ്ങൾക്കല്ലാതെ, പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ഇപ്പോഴും നിയമവിരുദ്ധമാണ്. 

മയക്കുമരുന്ന് നിയമങ്ങളിൽ മാറ്റങ്ങളുടെ ഒരു വലിയ തരംഗം തന്നെ കൊണ്ടുവരികയാണ് പലരാജ്യങ്ങളും. അക്കൂട്ടത്തിൽ ഇപ്പോൾ യൂറോപ്യൻ ദ്വീപായ മാൾട്ടയുമുണ്ട്. സ്വന്തം ഉപയോഗത്തിനായി വീട്ടിൽ കഞ്ചാവ്(cannabis) വളർത്താനും, കൈവശം വയ്ക്കാനും ഇനി മുതൽ അവിടെ അനുവാദമുണ്ട്. കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി മാൾട്ട(Malta) ഈ ആഴ്ച മാറും. ഇനി മുതൽ കഞ്ചാവ് വലിക്കണമെങ്കിൽ, നേരെ വീട്ടുമുറ്റത്തേക്കോ, ബാൽക്കണിയിലേക്കോ ഇറങ്ങിയാൽ മതി. സ്വന്തമായി കൃഷി ചെയ്തു, ഉണക്കി സാധനം ഉപയോഗിക്കാം.    

18 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവർക്ക് ഏഴ് ഗ്രാം വരെ മയക്കുമരുന്ന് കൈവശം വയ്ക്കാൻ നിയമം അനുവദിക്കുന്നു. കൂടാതെ നാല് കഞ്ചാവ് ചെടികൾ വരെ വീട്ടിൽ വളർത്താനും കഴിയും. അവയിൽ നിന്ന് പരമാവധി 50 ഗ്രാം കഞ്ചാവ് വരെ ഉണക്കി വീട്ടിൽ സൂക്ഷിക്കാം. ചൊവ്വാഴ്ച മാൾട്ടീസ് പാർലമെന്റിൽ നിയമനിർമ്മാണത്തിന് അനുകൂലമായ വോട്ടെടുപ്പ് നടന്നു. വാരാന്ത്യത്തോടെ പ്രസിഡന്റ് ഒപ്പുവെക്കുകയും കൂടി ചെയ്താൽ അത് നടപ്പിലാക്കുമെന്ന് മന്ത്രി ഓവൻ ബോണിസി ഗാർഡിയനോട് പറഞ്ഞു. അദ്ദേഹമാണ് ഇതിന് പിന്നിലെ പ്രധാന പ്രേരകശക്തി. ഇതോടെ യൂറോപ്പിലുടനീളം നിയമ പരിഷ്‌കരണത്തിന് ഇത് തുടക്കമിടുമെന്ന് മാധ്യമങ്ങൾ പ്രതീക്ഷിക്കുന്നു.  

ദ്വീപിൽ 2018 മുതൽ മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപഭോഗം അനുവദിച്ചിരുന്നു. എന്നാൽ ഇനി മുതൽ സ്വകാര്യ ആവശ്യങ്ങൾക്കായും കഞ്ചാവ് വളർത്താം. അതേസമയം, മെഡിക്കൽ കാരണങ്ങൾക്കല്ലാതെ, പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ഇപ്പോഴും നിയമവിരുദ്ധമാണ്. പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നവരിൽ നിന്ന് പോലീസ് 20000 രൂപ പിഴ ഈടാക്കും. അതുപോലെ, കുട്ടികളുടെ മുന്നിൽ വച്ച് ഇത് ഉപയോ​ഗിക്കുന്നവർക്ക് 42000 രൂപ വരെ പിഴ അടക്കേണ്ടി വരും. 

എന്നാൽ, ഈ തീരുമാനത്തെ തുടർന്ന്, കത്തോലിക്കാ സഭകളിൽ നിന്ന് കടുത്ത എതിർപ്പ് നേരിട്ടുകയാണ് സർക്കാരും ലേബർ പാർട്ടിയും. ഈ നിയമനിർമ്മാണം “പുരോഗമനപരമല്ല” എന്നും, സമൂഹത്തിന് “ഹാനികരം” ആയിരിക്കുമെന്നും മുന്നറിയിപ്പ് നൽകി മാൾട്ട അതിരൂപത തിങ്കളാഴ്ച പ്രസ്താവന ഇറക്കിയിരുന്നു.  
 

click me!